ഫേസ്ബുക്കിന്റെ ഉന്നത തലത്തില്‍നിന്നും രണ്ട് പടിയിറക്കം

ഫേസ്ബുക്കിന്റെ ഉന്നത തലത്തില്‍നിന്നും രണ്ട് പടിയിറക്കം

ഫേസ്ബുക്കിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ സ്ഥാനത്തുനിന്നും രാജിവയ്ക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ക്രിസ് കോക്‌സ്. ഫേസ്ബുക്കില്‍ ഒരു പതിറ്റാണ്ടിലേറെ കാലം സേവനമനുഷ്ഠിച്ച കോക്‌സ് സുക്കര്‍ബെര്‍ഗിന്റെ ഏറ്റവുമടുത്ത വിശ്വസ്തരില്‍ ഒരാളായിരുന്നു. ന്യൂസ് ഫീഡിന്റെ ആര്‍ക്കിടെക്റ്റും കോക്‌സായിരുന്നു. ഫേസ്ബുക്കിനു കോക്‌സിന്റെ രാജി വലിയ തിരിച്ചടിയാണെന്നു വിലയിരുത്തുന്നുണ്ട്. കാരണം, അഴിമതിയാരോപണത്തിനു പുറമേ നിരവധി അന്വേഷണങ്ങളെ നേരിടുന്ന സാഹചര്യത്തില്‍ ഫേസ്ബുക്ക് പുനസംഘടിപ്പിക്കുകയാണ്. കോക്‌സിന് നിര്‍ണായക ചുമതലയും നല്‍കിയിരുന്നു.

ഫേസ്ബുക്കില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരെ പരസ്യമായി അഭിവാദ്യം ചെയ്യുന്ന ഒരു വ്യക്തിയുണ്ട്, അത് മറ്റാരുമല്ല ഫേസ്ബുക്കിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ക്രിസ് കോക്‌സ് ആണ്. എല്ലാ തിങ്കളാഴ്ചയും ഫേസ്ബുക്കിന്റെ കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വച്ചു പുതിയ ജീവനക്കാരെ കോക്‌സ് സ്വാഗതം ചെയ്യും. അവരുമായി അര മണിക്കൂര്‍ നേരം സംസാരിക്കും. ഫേസ്ബുക്കിന്റെ കാഴ്ചപ്പാടുകളെ കുറിച്ച് അവര്‍ക്കു വിശദമാക്കി കൊടുക്കുകയും ചെയ്യും. ഇത്തരത്തില്‍ ജനകീയനായൊരു എക്‌സിക്യൂട്ടീവാണു കോക്‌സ്. ഫേസ്ബുക്കില്‍ മുന്‍നിര എക്‌സിക്യൂട്ടീവുകളില്‍ മൂന്നാം സ്ഥാനമാണു കോക്‌സ് അലങ്കരിക്കുന്നത്. ഫേസ്ബുക്ക് സിഇഒയായ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ വലം കൈ, ഭാവിയിലെ ഫേസ്ബുക്ക് സിഇഒ എന്നീ വിശേഷണങ്ങളും 36-കാരനായ കോക്‌സിനുണ്ടായിരുന്നു. എന്നാല്‍, ഫേസ്ബുക്കില്‍നിന്നും പടിയിറങ്ങുകയാണെന്നു മാര്‍ച്ച് 14 വ്യാഴാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ കോക്‌സ് അറിയിച്ചു. ഫേസ്ബുക്കിലെ ജോലിയോടു വിട പറയുന്നത് വലിയ വിഷമത്തോടെയാണെന്നു കോക്‌സ് പോസ്റ്റില്‍ സൂചിപ്പിക്കുകയുണ്ടായി. കോക്‌സിനു പുറമേ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പിന്റെ തലപ്പത്ത് നിന്നും വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സും രാജിവയ്ക്കുകയാണെന്ന് അറിയിക്കുകയുണ്ടായി.

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്, ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ (സിപിഒ) ക്രിസ് കോക്‌സ് എന്നിവരുള്‍പ്പെടുന്ന എക്‌സിക്യൂട്ടീവുകളുടെ ദൃഢതയുള്ള സൗഹൃദ വലയം നിലനിര്‍ത്തിയിട്ടുള്ള പാരമ്പര്യമാണു ഫേസ്ബുക്കിന്റെ 15 വര്‍ഷത്തെ ചരിത്രത്തിനുള്ളത്. ഇപ്പോള്‍ കോക്‌സ് പടിയിറങ്ങുമ്പോള്‍ ഈ പാരമ്പര്യത്തിനാണു വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്. ആ മാറ്റം ഭൂകമ്പ സമാനമാണെന്നും പറയേണ്ടി വരും. കാരണം ഫേസ്ബുക്കിന്റെ സിഗ്നേച്ചര്‍ ഫീച്ചറെന്നു വിശേഷിപ്പിക്കുന്ന ന്യൂസ് ഫീഡ് അടക്കമുള്ളവ സൃഷ്ടിച്ച വ്യക്തിയാണു കോക്‌സ്. മാത്രമല്ല, സുക്കര്‍ബെര്‍ഗിന്റെ ഏറ്റവുമടുത്ത വിശ്വസ്തന്‍ കൂടിയായിരുന്നു കോക്‌സ്. അങ്ങനെയുള്ളൊരു ബന്ധമാണു സുക്കര്‍ബെര്‍ഗിനും ഫേസ്ബുക്കിനും നഷ്ടപ്പെടുന്നത്. 2004-ല്‍ ഫേസ്ബുക്ക് സ്ഥാപിച്ചതിനു ശേഷം ഒരു വര്‍ഷം പിന്നിട്ട 2005-ലാണു കോക്‌സ് ഫേസ്ബുക്കില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. കമ്പനി ആദ്യമായി നിയമിച്ച 15 എന്‍ജിനീയര്‍മാരില്‍ ഒരാളായിരുന്നു കോക്‌സ്. സ്റ്റാന്‍്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ എന്‍ജിനീയറിംഗ് ബിരുദം ഇടയ്ക്കു വച്ച് അവസാനിപ്പിച്ചു കൊണ്ടാണു കോക്‌സ് ഫേസ്ബുക്കില്‍ ജോലിക്കു ചേര്‍ന്നത്. പിന്നീട് കമ്പനിയുടെ ഹ്യൂമണ്‍ റിസോഴ്‌സസ് വിഭാഗത്തില്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ഒരു ഉത്പന്നം സൃഷ്ടിച്ച് അത് എങ്ങനെ ആകര്‍ഷവും പ്രയോജനകരവുമാക്കാമെന്നുള്ള പ്രൊഡക്റ്റ് ഐഡിയ കോക്‌സിനുണ്ടായിരുന്നു. ഈയൊരു കഴിവുള്ളതു കൊണ്ടാണു ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡ് എന്ന ശ്രദ്ധ പിടിച്ചുപറ്റിയ ഫീച്ചറിന്റെ ശില്‍പിയായി കോക്‌സ് മാറിയതും. കോക്‌സിന്റെ ഈ കഴിവ് സുക്കര്‍ബെര്‍ഗ് തിരിച്ചറിഞ്ഞു. 2014-ല്‍ ഫേസ്ബുക്കിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായും, 2018 മേയ് മാസം ഫേസ്ബുക്കിന്റെ ഫാമിലി ഓഫ് ആപ്പ്‌സിന്റെ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ് ആപ്പ്, മെസഞ്ചര്‍ എന്നിവ ഉള്‍പ്പെട്ടതാണു ഫാമിലി ഓഫ് ആപ്പ്‌സ്) മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായും ഉയര്‍ത്തപ്പെട്ടു. 2014-ല്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസറാകുന്നതിനു മുന്‍പു 2008-ല്‍ ഫേസ്ബുക്കിന്റെ ആദ്യ പ്രൊഡക്റ്റ് വൈസ് പ്രസിഡന്റായിരുന്നു കോക്‌സ്. അക്കാലയളവിലായിരുന്നു പ്രൊഡക്റ്റ് മാനേജ്‌മെന്റ് & ഡിസൈന്‍ ടീമിനെ ഫേസ്ബുക്കില്‍ രൂപീകരിച്ചത്. ഇന്നു ഫേസ്ബുക്കിന്റെ പ്രമുഖ ആപ്പുകളായ ഇന്‍സ്റ്റാഗ്രാം, വാട്‌സ് ആപ്പ്, മെസഞ്ചര്‍ എന്നിവയെ മുന്‍കൂട്ടി കാണുവാനും കോക്‌സിനു സാധിച്ചിരുന്നു. ദീര്‍ഘവീക്ഷണമുള്ള വ്യക്തി കൂടിയായിരുന്നു കോക്‌സ്. സുക്കര്‍ബെര്‍ഗിനു ശേഷം ഫേസ്ബുക്ക് സിഇഒ സ്ഥാനത്തേയ്ക്കു ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള വ്യക്തിയായി കോക്‌സിനെ പലരും കാണുകയും ചെയ്തിരുന്നു എന്നത് ഒരു വാസ്തവമാണ്. കോക്‌സ്, ഫേസ്ബുക്കിന്റെ 62.6 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ഓഹരിയുടമയുമാണ്.

പടിയിറക്കം സുക്കര്‍ബെര്‍ഗിന്റെ തീരുമാനത്തോട് വിയോജിച്ചു കൊണ്ട്

സമീപകാലത്ത് ഇന്‍സ്റ്റാഗ്രാം, വാട്‌സ് ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ തുടങ്ങിയ ആപ്പുകളെ ഏകോപിപ്പിക്കുകയാണെന്നു സുക്കര്‍ബെര്‍ഗ് അറിയിച്ചിരുന്നു. ഇതിലൂടെ ഫേസ്ബുക്കിനെ കൂടുതല്‍ സ്വകാര്യ പ്ലാറ്റ്‌ഫോമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബെര്‍ഗ് അറിയിച്ചു. എന്നാല്‍ ഈ തീരുമാനത്തോട് ഫേസ്ബുക്കിലെ മുന്‍നിര എക്‌സിക്യൂട്ടീവുകള്‍ ഉള്‍പ്പെടെ പലരും വിയോജിപ്പ് പ്രകടിപ്പിച്ചു. ഈ തീരുമാനത്തോടുള്ള വിയോജിപ്പാണ് ഇപ്പോള്‍ കോക്‌സിന്റെ രാജിയിലേക്കു നയിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. യൂസര്‍മാരുടെ ഡാറ്റ പബ്ലിക്കായി ഷെയര്‍ ചെയ്യുന്ന പ്ലാറ്റ്‌ഫോം ഒരുക്കി കൊണ്ടാണു ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബിസിനസ് സാമ്രാജ്യം ഫേസ്ബുക്ക് കെട്ടിയുയര്‍ത്തിയത്. ഇത്തരമൊരു ചരിത്രമുള്ള ഫേസ്ബുക്ക് ആ ബിസിനസ് മാതൃക ഉപേക്ഷിച്ചു കൊണ്ടാണു കൂടുതല്‍ സ്വകാര്യമാകുമെന്ന് പ്രഖ്യാപിച്ചത്. ഇത് കമ്പനിയെ നഷ്ടത്തിലേക്കു നയിക്കുമെന്ന സുക്കര്‍ബെര്‍ഗിനോട് മുന്‍നിര എക്‌സിക്യൂട്ടീവുകള്‍ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ, അവയെല്ലാം അവഗണിച്ചു കൊണ്ട് സുക്കര്‍ബെര്‍ഗ് തീരുമാനവുമായി മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ഫേസ്ബുക്കില്‍നിന്നും രാജിവച്ച മുന്‍നിര എക്‌സിക്യൂട്ടീവുകള്‍ നിരവധിയാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് സഹസ്ഥാപകരായ ബ്രയാന്‍ ആക്റ്റന്‍, ജാന്‍ കൂം, ഇന്‍സ്റ്റാഗ്രാം സഹസ്ഥാപകരായ കെവിന്‍ സിസ്റ്റ്‌ട്രോം, മൈക്ക് ക്രെയ്ഗര്‍ തുടങ്ങിയ നവമാധ്യമങ്ങളുടെസ്ഥാപകര്‍, ഫേസ്ബുക്കിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അലക്‌സ് സ്റ്റാമോസ് തുടങ്ങിയവരെല്ലാം ഫേസ്ബുക്കില്‍നിന്നും സമീപകാലത്ത് രാജിവച്ചവരാണ്. കോക്‌സിന്റെ രാജി ഫേസ്ബുക്കിന് വലിയൊരു തിരിച്ചടിയാണെന്നു പൊതുവേ വിലയിരുത്തലുകളുണ്ട്. അടുത്ത കാലത്തൊന്നും കോക്‌സിന്റെ സ്ഥാനത്തേയ്ക്ക് ആളെ കണ്ടെത്താന്‍ സാധിച്ചെന്നും വരില്ല. എങ്കിലും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്, ഇന്‍സ്റ്റാഗ്രാമിന്റെ തലവനായ ആദം മൊസേറി, ഫേസ്ബുക്കിന്റെ വൈസ് പ്രസിഡന്റ് ഓഫ് ഗ്രോത്ത് ജാവിയര്‍ ഒലിവന്‍ എന്നിവരില്‍ ആരെങ്കിലുമൊരാള്‍ കോക്‌സ് രാജിവച്ച ഒഴിവിലേക്ക് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Comments

comments

Categories: Top Stories
Tags: Cris Cox