തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഇത്തിഹാദ് നഷ്ടത്തില്‍, 2018ല്‍ നഷ്ടം 1.28 ബില്യണ്‍ ഡോളര്‍

തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഇത്തിഹാദ് നഷ്ടത്തില്‍, 2018ല്‍ നഷ്ടം 1.28 ബില്യണ്‍ ഡോളര്‍

ജീവനക്കാരെ വെട്ടിക്കുറച്ചിട്ടും സുപ്രധാന പാതകള്‍ വേണ്ടെന്ന് വെച്ചിട്ടും നഷ്ടത്തില്‍ നിന്നും കരകയറാന്‍ സാധിക്കാതെ ഇത്തിഹാദ്

അബുദബി: വിമാനങ്ങളും ജീവനക്കാരെയും വെട്ടിക്കുറച്ചിട്ടും നഷ്ടത്തില്‍ നിന്നും കരകയറാനാകാതെ ഇത്തിഹാദ്. 2018ല്‍ 1.28 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് കഴിഞ്ഞ ദിവസം കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ മൂന്നാംവര്‍ഷവും നഷ്ടത്തിലോടുന്ന ഇത്തിഹാദിന് ആകെ 4.8 ബില്യണ്‍ ഡോളറിന്റെ കമ്മിയാണ് ഇപ്പോള്‍ ഉള്ളത്.

ഇന്ധനവില കൂടിയതടക്കമുള്ള വിപണി സാഹചര്യങ്ങളിലുള്ള വെല്ലുവിളികളാണ് അബുദബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് നഷ്ടത്തിന് കാരണമായി പറഞ്ഞിട്ടുള്ളത്. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടത്തില്‍ നേരിയ കുറവുണ്ടായി എന്നത് കമ്പനിക്ക് അല്‍പം ആശ്വാസകരവുമാണ്. 2017ല്‍ 1.58 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ നഷ്ടം.

4.75 ബില്യണ്‍ ഡോളര്‍ നഷ്ടത്തിന്റെ പിടിയിലായതിനെ തുടര്‍ന്ന് എല്ലാ വന്‍കരകളെയും ബന്ധിപ്പിക്കുന്ന, ആഗോളതലത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി മാറുകയെന്ന ചിരകാല അഭിലാഷം നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2016 മുതല്‍ ഇത്തിഹാദ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒമ്പത് സുപ്രധാന പാതകളിലുള്ള സര്‍വ്വീസ് നിര്‍ത്തിവെക്കാനും കമ്പനി നിര്‍ബന്ധിതരായി. പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയും കമ്പനി വേണ്ടെന്ന് വെച്ചിട്ടുണ്ട്. വിമാന നിര്‍മ്മാണ കമ്പനികളായ ബോയിംഗ് കോയുമായും എയര്‍ബസ് എസ്ഇയുമായും ഉള്ള 21.4 ബില്യണ്‍ ഡോളറിന്റെ കരാറുകളാണ് കഴിഞ്ഞ മാസം കമ്പനി റദ്ദ് ചെയ്തത്.

കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 4 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 2017ല്‍ 6.1 ബില്യണ്‍ ഡോളര്‍ ആയിരുന്ന വരുമാനം കഴിഞ്ഞ വര്‍ഷം 5.86 ബില്യണ്‍ ഡോളര്‍ ആയി കുറഞ്ഞു.

2017ല്‍ കമ്പനിയുടെ പുതിയ സിഇഒ ആയി ടോണി ഡോഗ്ലസ് ചാര്‍ജെടുത്ത കാലത്ത് ഇത്തിഹാദില്‍ അഞ്ച് വര്‍ഷത്തേക്കുള്ള പരിഷ്‌കാര നയങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. 2018ല്‍ ചിലവുകള്‍ കുറച്ചും വരുമാനം മെച്ചപ്പെടുത്തിയും ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലൂടെ പരിവര്‍ത്തന യാത്രയില്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ കമ്പനിക്ക് സാധിച്ചതായി ടോണി ഡോഗ്ലസ് അവകാശപ്പെട്ടു.

കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തന ചിലവുകള്‍ 5.5 ശതമാനം (416 മില്യണ്‍ ഡോളര്‍) വെട്ടിക്കുറക്കാന്‍ സാധിച്ചതായി ഇത്തിഹാദ് പറഞ്ഞു. ഇക്കാലയളവില്‍ 5 ശതമാനം അതായത് 21,855 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഒമ്പത് പാതകളിലെ സര്‍വ്വീസ് നിര്‍ത്തിവെച്ചതും ലാഭകരമല്ലാത്ത സര്‍വ്വീസുകള്‍ വേണ്ടെന്ന് വെച്ചതും മൂലം ഇത്തിഹാദ് വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.3 ശതമാനത്തിന്റെ കുറവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തി. 17.8 മില്യണ്‍ യാത്രികരാണ് കഴിഞ്ഞ വര്‍ഷം ഇത്തിഹാദ് വിമാനങ്ങളില്‍ യാത്ര ചെയ്തത്.

ദുബായ് കേന്ദ്രമാക്കിയ എമിറേറ്റ്‌സ് ലാഭത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നപ്പോള്‍ ഇത്തിഹാദ് ഏറെ പിന്നിലാകുകയാണ് ചെയ്തത്. അതിന് പ്രധാന കാരണം മറ്റ് വിമാനകമ്പനികളെ ഏറ്റെടുക്കാനുള്ള ശ്രമങ്ങളും തെറ്റായ നിക്ഷേപ നയങ്ങളുമായിരുന്നു. എയര്‍ ബെല്‍ലിനിലും അലിടാലിയയിലും കമ്പനി നടത്തിയ നിക്ഷേപങ്ങള്‍ ഭീമാബദ്ധങ്ങളായി മാറി. ഇരുവിമാന കമ്പനികളും നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തി പാപ്പരത്വത്തിന്റെ വക്കിലെത്തിയപ്പോള്‍ മുടക്കിയ പണം ഇത്തിഹാദിന് എഴുതിത്തള്ളേണ്ടി വന്നു. ഇതിനോടൊപ്പമായിരുന്നു എണ്ണ വിപണി കൂടി തകര്‍ന്നടിഞ്ഞത്. ഗള്‍ഫ് മേഖലകളിലേക്കുള്ള യാത്രികരുടെ എണ്ണത്തില്‍ കുറവ് വന്നതും ഇത്തിഹാദിനെ സംബന്ധിച്ചിടത്തോളം കൂനിന്മേല്‍ കുരുവായി.

ഈ പശ്ചാത്തലത്തിലാണ് ദുബായ് സര്‍ക്കാരിന് കീഴിലുള്ള എമിറേറ്റ്‌സിനെക്കൊണ്ട് അബുദാബി സര്‍ക്കാരിന് കീഴിലുള്ള ഇത്തിഹാദിനെ എന്തുകൊണ്ട് ഏറ്റെടുപ്പിച്ചുകൂടാ എന്ന നിര്‍ദേശങ്ങള്‍ വരാന്‍ തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പിന്നീട് ചര്‍ച്ചകള്‍ നടന്നില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസുകള്‍ നടത്തുന്ന ഗള്‍ഫ് മേഖലയിലെ വമ്പന്‍ വിമാന കമ്പനിയാണ് എമിറേറ്റ്‌സ്. ഇത്തിഹാദും എമിറേറ്റ്‌സും ഒരേ തരത്തിലുള്ള യാത്രികരെയാണ് ലക്ഷ്യമിടുന്നത് എന്നതിനാല്‍ ലയനം പരാജയപ്പെടാനാണ് സാധ്യതയെന്ന ചില വിലയിരുത്തലുകളും വന്നിരുന്നു.

Comments

comments

Categories: Arabia