ആരു ജയിച്ചാലും സാമ്പത്തിക പരിഷ്‌കരണം തുടരും: കെ വി സുബ്രമണ്യന്‍

ആരു ജയിച്ചാലും സാമ്പത്തിക പരിഷ്‌കരണം തുടരും: കെ വി സുബ്രമണ്യന്‍

പരിഷ്‌കാരങ്ങളുടെ പിന്തുണയില്‍ വളര്‍ച്ചാ നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 50 അടിസ്ഥാന പോയന്റുകള്‍ ഉയര്‍ന്ന് എട്ടു ശതമാനമാകും

ന്യൂഡെല്‍ഹി: ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടി വിജയിച്ചാലും രാജ്യം സാമ്പത്തിക രംഗത്തെ നവീകരണം തുടരുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രമണ്യന്‍. സമീപ വര്‍ഷങ്ങളില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഗുണഫലം ലഭിക്കുന്നതോടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 50 അടിസ്ഥാന പോയന്റുകള്‍ ഉയര്‍ന്ന് എട്ടു ശതമാനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ പിന്നീട് വരുന്ന സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നയ സമീപനത്തെപ്പറ്റിയും സാമ്പത്തിക അസന്തുലിതാവസ്ഥയെക്കുറിച്ചും നിക്ഷേപകര്‍ ആശങ്കപെടാന്‍ തുടങ്ങിയിട്ടുണ്ട്. ഡിസംബറില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഏഴു ശതമാനത്തിന്റെ കുറവാണുണ്ടായത്. ഈ സാഹചര്യത്തില്‍, സര്‍ക്കാര്‍ മാറിയാല്‍ തന്നെ ഇന്ത്യയുടെ നയങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ കൈവരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്ന ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ചയെ ആഗോള മാന്ദ്യവും വ്യാപാര സംഘര്‍ഷങ്ങളും പ്രതികൂലമായി ബാധിക്കുമെന്ന് കെ വി സുബ്രമണ്യന്‍ നിരീക്ഷിച്ചു. 2014 ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ പാപ്പരത്ത നിയമം ഉള്‍പ്പെട ഏറെ നാളായി നടപ്പിലാക്കാതെ കിടന്ന പല പരിഷ്‌കരണങ്ങളും സാധ്യമാക്കുകയും റിസര്‍വ് ബാങ്കിന് പണപ്പെരുപ്പത്തിന്റെ പരിധി നിശ്ചയിക്കാനുള്ള ചട്ടക്കൂട് നല്‍കുകയും ചെയ്തു.

Comments

comments

Categories: FK News