സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ ബ്ലാക്ക്‌ബെല്‍റ്റ് നേടി

സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ ബ്ലാക്ക്‌ബെല്‍റ്റ് നേടി

രോഗികളോട് വ്യായാമം ചെയ്യാന്‍ ഉപദേശിക്കുകയും ശരീരം അനക്കാന്‍ മടിക്കുകയും ചെയ്യുന്ന ഡോക്റ്റര്‍മാര്‍ക്ക് അപവാദമാണ് കോല്‍ക്കൊത്തയിലെ നീല്‍ രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ഡോക്റ്റര്‍മാര്‍. ഇവിടത്തെ ആറു ഡോക്റ്റര്‍മാര്‍ തയ്‌ക്കോണ്ടൊ ബ്ലാക്ക് ബെല്‍റ്റ് നേടിയിരിക്കുകയാണ്. രാജ്യത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ ആദ്യനേട്ടമാണിത്. ഡോക്റ്റര്‍മാരെ പോലെ കടുത്ത സമ്മര്‍ദ്ദ അനുഭവിക്കുന്ന തൊഴില്‍മേഖലകളില്‍ നിന്നുള്ളവര്‍ക്ക് വലിയൊരാശ്വാസമാണിത്.

ഡോക്റ്റര്‍മാരായ പ്രീതം റഹ്മാന്‍, ഋതുപര്‍ണ മുഖര്‍ജി, തൗസിഫ് മിര്‍സ, കൗശികി രാമന്‍, ഇന്ദ്രായുധ ബന്ദോപാധ്യായ, ആകാശ് മണ്ഡല്‍ എന്നിവരാണ് ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയത്. 2017 മാര്‍ച്ചിലാണ് വിദ്യാര്‍ത്ഥികള്‍, ഇന്റേണികള്‍, ജൂനിയര്‍ ഡോക്റ്റര്‍മാര്‍ എന്നിവര്‍ക്കായി ഇവിടെ തയ്‌ക്കോണ്ടോ പരിശീലനം ആരംഭിച്ചത്. മാനസിക സമ്മര്‍ദ്ദവും പ്രതിസന്ധികളും നേരിടാനുള്ള വ്യായാമം എന്ന നിലയ്ക്കായിരുന്നു പരിശീലനം തുടങ്ങിയത്. രോഗികളുടെയും കുടുംബാംഗങ്ങളുടെയും ഭാഗത്തു നിന്നുള്ള നിരവധി പരാതികള്‍ ഡോക്റ്റര്‍മാരുടെ മനസ്വസ്ഥത നശിപ്പിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്.

ആത്മനിയന്ത്രണം, അച്ചടക്കം, മനക്കരുത്ത് എന്നിവ സ്വായത്തമാക്കാനുള്ള അവസരമാണിതെന്ന് ജേതാക്കള്‍ പ്രതികരിച്ചു. തങ്ങളുടെ സ്ഥാപനത്തിന് ഇത്തരത്തിലൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇന്ദ്രായുധ ബന്ദോപാധ്യായ പറഞ്ഞു. ഇത് ദിവസേന സമ്മര്‍ദ്ദം നേരിടുന്ന ഡോക്റ്റര്‍മാര്‍ക്ക് അത്യന്താപേക്ഷിതമാണ്. അഹിംസാത്മക മാര്‍ഗത്തിലൂടെ ആത്മവിശ്വാസം നേടാന്‍ തയ്‌ക്കോണ്ടൊ അവരെ സഹായിക്കുന്നു.

ഒരു കൊറിയന്‍ ആയോധന കലയാണ് തയ്‌ക്കോണ്ടൊ. കരാട്ടേ പോലെ വേഗത്തിലുള്ള കിക്കുകളും ജംപുകളും അടങ്ങിയ കായികാഭ്യാസങ്ങളാണ് ഇതിലും പിന്തുടരുന്നത്. 1940 കളിലും 1950 കളിലും കൊറിയന്‍ സൈനികരാണ് കരാട്ടെ പോലുള്ള ചൈനീസ് ആയോധന കലകളില്‍ നിന്ന് ഇത് വികസിപ്പിച്ചെടുത്ത്. ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥിനീ ശാക്തീകരണത്തിന് അടക്കം ഇത് ഇപ്പോള്‍ വ്യാപകമായി പ്രോല്‍സാഹിപ്പിക്കപ്പെടുന്നു. തയ്‌ക്കോണ്ടൊ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്‌കോളര്‍ഷിപ്പ് സൗകര്യങ്ങളും ലഭിക്കും.

Comments

comments

Categories: FK News
Tags: Blackbelt

Related Articles