ഡല്‍ഹി – ആഗ്ര ദേശീയപാത പദ്ധതിയിലെ ഓഹരികള്‍ അബുദബി ഉടമസ്ഥതയിലുള്ള കമ്പനിക്ക് വില്‍ക്കുന്നു

ഡല്‍ഹി – ആഗ്ര ദേശീയപാത പദ്ധതിയിലെ ഓഹരികള്‍ അബുദബി ഉടമസ്ഥതയിലുള്ള കമ്പനിക്ക് വില്‍ക്കുന്നു

ഇടപാട് പൂര്‍ത്തിയായാല്‍ അനില്‍ അംബാനിയുടെ കടബാധ്യത 25 ശതമാനം കുറഞ്ഞ് 5,000 കോടി രൂപയില്‍ താഴെയാകും

ന്യൂഡെല്‍ഹി: അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന്റെ ഡെല്‍ഹി-ആഗ്ര ടോള്‍ റോഡിലുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ തീരുമാനം. അബുദബി ഇന്‍വെസ്റ്റമെന്റ് അതോറിട്ടിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ക്യൂബ് ഹൈവേയ്‌സുമായി ഇതുമായി ബന്ധപ്പെട്ട കരാറില്‍ റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഒപ്പുവെച്ചു. 3,609 കോടി രൂപയുടേതാണ് ഇടപാട്.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ക്യൂബ് ഹൈവേയ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍. ഡിഎ(ഡെല്‍ഹി-ആഗ്ര) ടോള്‍ റോഡ് പ്രൈവറ്റ് ലിമിറ്റഡിലെ 100 ശതമാനം ഓഹരികളും വില്‍ക്കുന്നതിന് ക്യൂബ് ഹൈവേയ്‌സുമായി കരാറില്‍ ഒപ്പുവെച്ചതായി റിലയന്‍സ് ഇന്‍ഫ്ര അറിയിച്ചു.

ന്യൂഡെല്‍ഹി-ആഗ്ര നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 180 കി.മീ ദൂരത്തിലുള്ള ആറ് ലൈനിലുള്ള ദേശീയപാതയാണ് ഡിഎ ടോള്‍ റോഡ്. 2012 ഒക്‌റ്റോബറിലാണ് ഈ റോഡില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. 2038 വരെയാണ് ടോള്‍ പിരിവ് നടത്താന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന സമയം.

ഇടപാട് പൂര്‍ത്തിയായാല്‍ റിലയന്‍സ് ഇന്‍ഫ്രയുടെ കടബാധ്യതയില്‍ 25 ശതമാനം കുറഞ്ഞ് 5,000 കോടി രൂപയില്‍ താഴെയാകും. പ്രധാനമല്ലാത്ത ബിസിനസുകളെ പണമായി മാറ്റി എഞ്ചിനീയറിംഗ്, നിര്‍മ്മാണ മേഖലകളിലെ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന തന്ത്രപ്രധാന നയത്തിന്റെ ഭാഗമാണ് പുതിയ ഇടപാട്. അതേസമയം ഇടപാടുകള്‍ സര്‍ക്കാര്‍ അനുമതികള്‍ക്കും നിബന്ധനകള്‍ക്കും വിധേയമാണ്.

വളരെ ലാഭകരമായ ടിഎ ടോള്‍ റോഡ് പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം 25 ശതമാനം വരുമാന വളര്‍ച്ച നേടാന്‍ റിലയന്‍സ് ഇന്‍ഫ്രയ്ക്ക് സാധിച്ചിരുന്നു.

Comments

comments

Categories: Arabia