ഒറ്റ ജിഎസ്ടി നിരക്ക് വാഗ്ദാനവുമായി കോണ്‍ഗ്രസ് 

ഒറ്റ ജിഎസ്ടി നിരക്ക് വാഗ്ദാനവുമായി കോണ്‍ഗ്രസ് 

ജിഎസ്ടി നിരക്ക് 18 ശതമാനത്തിലേക്ക് ഏകീകരിക്കുമെന്നാവും പാര്‍ട്ടിയുടെ വാഗ്ദാനമെന്ന് വൃത്തങ്ങള്‍

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഒറ്റ ജിഎസ്ടി നിരക്ക് കൊണ്ടുവരുമെന്ന വാഗ്ദാനം പ്രകടന പത്രികയില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് മുന്നോട്ടു വെക്കുമെന്ന് സൂചന. നിലവില്‍ അഞ്ച് ജിഎസ്ടി നിരക്കുകളാണുള്ളത്. ഇവയെല്ലാം ഏകീകരിച്ച് 18 ശതമാനമെന്ന ഒറ്റ നിരക്ക് നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്ത് നടപ്പിലാക്കിയ നിലവിലെ ജിഎസ്ടിക്കെതിരെ തുടക്കം മുതല്‍ ശക്തമായ എതിര്‍പ്പാണ് കോണ്‍ഗ്രസ് അഴിച്ചു വിടുന്നത്. ജിഎസ്ടിയെ ‘ഗബ്ബര്‍ സിംഗ് ടാക്‌സ്’ എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിക്കുന്നത്. ജിഎസ്ടി ഏകീകരണമെന്ന വാഗ്ദാനത്തിലൂടെ ബിജെപിയുടെ കുത്തക വോട്ട് ബാങ്കായ വ്യാപാരികളെ പ്രലോഭിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

നിലവിലെ സാഹചര്യത്തില്‍ ഏക ജിഎസ്ടി നിരക്ക് നടപ്പിലാക്കാന്‍ പ്രയാസമാണെന്നാണ് കേന്ദ്ര ധനമന്ത്രിയും ജിഎസ്ടി കൗണ്‍സില്‍ ചെയര്‍മാനുമായ അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിരിക്കുന്നത്. ആഡംബര വസ്തുക്കള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും ഒരേ നികുതി ആശാസ്യകരമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നികുതി സംവിധാനം കൂടുതല്‍ ലളിതമാക്കുമെന്നും ഭാവിയില്‍ ഏക ജിഎസ്ടി നിരക്കെന്ന നിലപാടിലേക്കെത്തുമെന്നും ജയ്റ്റ്‌ലി പറയുന്നു.

Categories: FK News, Slider