ഏപ്രിലില്‍ പ്രകൃതി വാതക വില 18% ഉയര്‍ന്നേക്കും

ഏപ്രിലില്‍ പ്രകൃതി വാതക വില 18% ഉയര്‍ന്നേക്കും

ഒരു എംഎംബിടിയു പ്രകൃതി വാതകത്തിന്റെ വില നിലവിലെ 3.36 ഡോളറില്‍ നിന്ന് 3.97 ഡോളറിലേക്ക് ഉയരുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: പ്രകൃതി വാതക വില അടുത്ത മാസം 18 ശതമാനത്തോളം വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാചക വാതകത്തിന്റെയും വാഹന ഇന്ധനമായ സിഎന്‍ജിയുടെയും വിലകള്‍ വര്‍ധിക്കുന്നതിന് ഇത് കാരണമാകുമെന്നും കെയര്‍ റേറ്റിംഗ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിര്‍മാണ മേഖല, യാത്ര, ഊര്‍ജം, പണപ്പെരുപ്പം എന്നിവയിലെല്ലാം ഈ മാറ്റം പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു.

2014 ലെ പുതിയ ആഭ്യന്തര വാതക നയത്തിന്റെ അടിസ്ഥാനത്തില്‍ വാതക വില ഓരോ ആറ് മാസം കൂടുമ്പോഴും സര്‍ക്കാര്‍ പരിഷ്‌കരിക്കാറുണ്ട്. പ്രകൃതിവാതകത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമായ അമേരിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിലയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയും വില പരിഷ്‌കരണം നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിരക്ക് ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരിക. ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് (എംഎംബിടിയു) പ്രകൃതിവാതകത്തിന് നിലവില്‍ 3.36 യുഎസ് ഡോളറാണ് വില. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് 3.97 യുഎസ് ഡോളറായി വര്‍ധിക്കും. ഒക്‌റ്റോബറിലാണ് അടുത്ത വില പരിഷ്‌കരണം കേന്ദ്രം നടപ്പിലാക്കുക. വാതക ഉല്‍പ്പാദകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് സര്‍ക്കാരിന്റെ നടപടി. മേഖലയിലെ പ്രമുഖ കമ്പനികളായ ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ, വേദാന്ത, റിലയന്‍സ് എന്നിവയുടെ വരുമാനം ഇതുമൂലം വര്‍ധിക്കും.

അതേസമയം, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സമ്മര്‍ദിത പ്രകൃതി വാതകം (സിഎന്‍ജി), വീടുകളില്‍ പാചകത്തിന് ഉപയോഗിക്കുന്ന പൈപ്പിലൂടെയുള്ള പ്രകൃതി വാതകം (പിഎന്‍ജി) എന്നിവയുടെ വില വര്‍ധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. വൈദ്യുതി ഉല്‍പ്പാദനം, വളം, പെട്രോകെമിക്കല്‍ നിര്‍മാണം എന്നിവയുടെ ഉല്‍പ്പാദന ചെലവും ഉയരും. സ്‌പോഞ്ച് അയണ്‍ വ്യവസായം, ഊര്‍ജം എന്നീ മേഖലകളിലെ ഉല്‍പ്പാദകര്‍ക്കും തിരിച്ചടിയാകും. ആഭ്യന്തര പ്രകൃതി വാതക വില ഉയരുന്നത് മൊത്ത വില്‍പ്പന വില സൂചിക പണപ്പെരുപ്പത്തിന്റെ വര്‍ധനവിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Comments

comments

Categories: FK News, Slider
Tags: CNG, PNG