രക്തസമ്മര്‍ദ്ദം അമിത ഭയം വേണ്ട

രക്തസമ്മര്‍ദ്ദം അമിത ഭയം വേണ്ട

രക്തസമ്മര്‍ദ്ദം ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം തുടങ്ങി ഗുരുതരരോഗങ്ങള്‍ക്ക് വഴി തെളിക്കുമെങ്കിലും അത്രയ്ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നു പുതിയ പഠനം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗം, പ്രമേഹം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു കാരണമാകാറുണ്ടെങ്കിലും അതേക്കുറിച്ച് അമിതമായ ആശങ്ക വേണ്ടെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കയിലെ 75 മില്യണ്‍ ആളുകള്‍ രക്തസമ്മര്‍ദ്ദരോഗികളാണെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെപ്പറ്റി വിവിധസംഘടനകള്‍ നിലവില്‍ വ്യത്യസ്ത നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്. ഉദാഹരണമായി, പ്രായപൂര്‍ത്തിയായവരില്‍ 140 എംഎം എച്ച്ജിയോ അതിനു മുകളിലോ രേഖപ്പെടുത്തിയാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമായി കണക്കാക്കാമെന്നാണ് നാഷണല്‍ ഹാര്‍ട്ട്, ലംഗ്, ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ട് വിശദീകരിക്കുന്നത്.

എന്നാല്‍, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (എഎച്ച്എ) മാനദണ്ഡമനുസരിച്ച് ഒരു വ്യക്തിക്ക് 130 എംഎം എച്ച് ജിയോ അതിനു മുകളിലോ സിസ്റ്റോളിക് രക്ത സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ മാത്രമേ അതിനെ അമിത രക്തസമ്മര്‍ദ്ദമായി കണക്കാക്കാനാകൂ. അതേസമയം, സിസ്‌റ്റോളിക് രക്തസമ്മര്‍ദ്ദം 120-139 എംഎം എച്ച്ജി മറികടന്നാലേ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടായതായി കണക്കാക്കേണ്ടുള്ളൂവെന്നാണ് സിഡിസിയുടെ വാദം.

പൊതുവേ ഡോക്റ്റര്‍മാര്‍ രോഗികളോട് രക്തസമ്മര്‍ദ്ദം നിരീക്ഷിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. പ്രായമുള്ളവരോട് ഇക്കാര്യത്തില്‍ പ്രത്യേക സൂക്ഷ്മത പുലര്‍ത്തണമെന്നും ആവശ്യപ്പെടാറുണ്ട്. രക്തസമ്മര്‍ദ്ദം നിശ്ചിത പരിധിക്കു മുകളില്‍ തുടരുന്നത് ഹൃദ്രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും മറ്റു ഗുരുതര രോഗങ്ങള്‍ക്കും ഇടയാക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണിത്. എന്നാല്‍, ജര്‍മ്മനിയിലെ ഷറിയെറ്റ് മെഡിക്കല്‍ സര്‍വ്വകലാശാല നടത്തിയ പുതിയ പഠനം പറയുന്നത് പ്രായമായ ചിലരിലെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആശങ്കാകാരണമാകില്ലെന്നാണ്. മാത്രമല്ല, 80 വയസു കഴിഞ്ഞവര്‍ക്ക് രക്തസമ്മര്‍ദ്ദം ചില ഗുണഫലങ്ങളും നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

80 വയസു കഴിഞ്ഞവരില്‍ നിര്‍ദിഷ്ട രക്താതിസമ്മര്‍ദ്ദമായ 140/90 എംഎം എച്ച്ജിക്കു താഴെ രേഖപ്പെടുത്തിയവരിലാണ് മരണനിരക്ക് കൂടുതലെന്നാണ് ഗവേഷണസംഘത്തിന്റെ പഠനറിപ്പോര്‍ട്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരേക്കാള്‍ ശരാശരി 40 ശതമാനം കൂടുതല്‍ മരണനിരക്കാണ് ഇവരില്‍ കണ്ടെത്തിയത്. ഇതിനോടകം ഒരു തവണയെങ്കിലും ഹൃദയാഘാതവും പക്ഷാഘാതവും വന്നവരും സാധാരണ രക്തസമ്മര്‍ദ്ദനിരക്കില്‍ ഉള്‍പ്പെട്ടവരായിരുന്നുവെന്നതാണു ശ്രദ്ധേയം. 140/90 എംഎം എച്ച്ജിക്കു താഴെ രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തിയവരിലെ മരണനിരക്ക് 61 ശതമാനമാണെന്നും പഠനത്തില്‍ കണ്ടെത്തി.

ബര്‍ലിന്‍ ഇനീഷ്യേറ്റീവ് സ്റ്റഡി, ചാരിറ്റി റിസര്‍ച്ച് പ്രോജക്റ്റ് എന്നിവ വഴി ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ചായിരുന്നു പഠനം. 1,628 സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ഓരോ രണ്ടു വര്‍ഷത്തെയും രക്തസമ്മര്‍ദ്ദ റിപ്പോര്‍ട്ടും മറ്റ് ആരോഗ്യരേഖകളും പരിശോധിച്ചാണ് നിഗമനങ്ങളിലെത്തിയത്. പഠനവിധേയമാക്കിയവരുടെ ശരാശരി പ്രായം 81 വയസ്സായിരുന്നു. 2009-ല്‍ പദ്ധതിയില്‍ ചേര്‍ന്നപ്പോള്‍ ഇവര്‍ക്ക് 70വയസ് കഴിഞ്ഞിരുന്നു.

ആറു വര്‍ഷ കാലപരിധി വെച്ച്, ഓരോ വ്യക്തിയിലും രക്തസമ്മര്‍ദ്ദം എത്രമാത്രം മരണസാധ്യത ഉയര്‍ത്തുമെന്ന് കണ്ടെത്തുന്നതിന് ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനം നടത്തുകയാണ് ഗവേഷകര്‍ ചെയ്തത്. ആണ്‍-പെണ്‍ വ്യത്യാസം, ജീവിതശൈലി, ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ), രക്തസമ്മര്‍ദ്ദത്തിനു കഴിക്കുന്ന മരുന്നുകള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദമായി അപഗ്രഥിച്ചു.

നിലവിലുള്ള രക്തസമ്മര്‍ദ്ദ ചികിത്സയ്ക്ക് മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് പഠനത്തില്‍ നിന്നു മനസിലാക്കാനായതെന്ന് പഠനത്തിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ ഡോ. അന്റോണിയോസ് ഡുവോറോസ് പറഞ്ഞത്. ചികില്‍സകള്‍ പൊതുവല്‍ക്കരിക്കുന്നതിനു പകരം, ഓരോ രോഗിയുടെയും ആവശ്യമനുസരിച്ചുള്ള മരുന്നും ചികില്‍സാരീതിയുമായിരിക്കണം നല്‍കേണ്ടതെന്ന നിഗമനത്തിലാണ് പഠനസംഘം എത്തിയത്.

ഡോക്റ്റര്‍ സംഘടനകള്‍ നല്‍കുന്ന ശുപാര്‍ശകള്‍ എല്ലാ വിഭാഗം രോഗികളിലും പ്രാവര്
ത്തികമാക്കുന്ന പൊതുസമീപനം മാറ്റേണ്ട സമയമായിരിക്കുന്നു. ഭാവിയില്‍, രക്ത സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകള്‍ അത്യാവശ്യക്കാരായ രോഗികളിലേക്ക് ഒതുക്കണമെന്ന ഉള്‍ക്കാഴ്ചയാണ് പഠനം നല്‍കിയത്. പഠനഫലം യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

comments

Categories: Health