കൗമാരപ്രായത്തിലെ രക്തസമ്മര്‍ദ്ദം അവഗണിക്കരുത്

കൗമാരപ്രായത്തിലെ രക്തസമ്മര്‍ദ്ദം അവഗണിക്കരുത്

കൗമാരത്തിലെ രക്താതിമര്‍ദ്ദം മധ്യവയസില്‍ വൃക്കരോഗമുണ്ടാക്കുമെന്നു പഠനം

കൗമാരപ്രായത്തില്‍ രക്തസമ്മര്‍ദ്ദരോഗികളാകുന്നവരില്‍ മധ്യവസാകുമ്പോഴേക്കും വൃക്കരോഗം പിടിപെടാനുള്ള സാധ്യത ഏറെയെന്നു പഠനം. ഇത്തരക്കാരില്‍ മറ്റുള്ളവരെ അപേക്ഷിച്ചു രണ്ടിരട്ടി വരെയാണ് വൃക്കരോഗത്തിനു സാധ്യതയെന്ന് ഇസ്രായേലില്‍ നിന്നുള്ള പഠനം പറയുന്നു. 17 വയസുള്ള 2.7 ദശലക്ഷം പേരില്‍ രണ്ടു ദശകമായി നടത്തിയ പഠനത്തില്‍ നിന്നാണ് നിര്‍ണായക വിവരം വെളിപ്പെട്ടത്. ഇതില്‍ ഏതാണ്ട് 8,000 പേര്‍ക്കു മാത്രമാണ് (0.3 ശതമാനം) ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടായിട്ടും വൃക്കരോഗങ്ങള്‍ ഉണ്ടാകാത്തത്.

പഠന കാലാവധിയുടെ അവസാനത്തോടെ ഏകദേശം 2,200 ആളുകളില്‍ അന്തിമഘട്ട വൃക്കരോഗങ്ങള്‍ കണ്ടെത്തി. അതായത് ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസോ വൃക്ക മാറ്റിവെക്കലോ ചെയ്യേണ്ട ഘട്ടമെത്തിയെന്നു സാരം.

കടുത്ത വൃക്കരോഗികളില്‍ പ്രായം, വിദ്യാഭ്യാസ നിലവാരം, പൊണ്ണത്തടി എന്നിവ പോലുള്ള മറ്റ് ഘടകങ്ങളും ഗവേഷകര്‍ പരിശോധനാവിധേയമാക്കിയെങ്കിലും കൗമാരക്കാരിലെ രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് ഇവരേക്കാള്‍ മധ്യവയസില്‍ വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. കൗമാരക്കാരിലെ രക്തസമ്മര്‍ദ്ദം വണ്ണം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതു രണ്ടും വൃക്കയെ ബാധിച്ചേക്കാമെന്ന് ഗവേഷണത്തിനു നേതൃത്വം വഹിച്ച ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ സാക്ലര്‍ ഫാക്കല്‍റ്റി ഓഫ് മെഡിസിന്‍ ഡീന്‍ ഡോ. എഹുഡ് ഗ്രോസ്മാന്‍ പറയുന്നു. കടുത്ത രക്താതിമര്‍ദ്ദം ഉള്ള കൗമാരപ്രായക്കാരെ ഒഴിവാക്കിയാലും, മറ്റു പ്രശ്‌നങ്ങളുള്ള കൗമാരക്കാരില്‍, അതായത് പൊണ്ണത്തടി, പ്രമേഹം എന്നിവയുള്ളവരില്‍, വൃക്കരോഗ സാധ്യത ഈ നിലയില്‍ തുടരുന്നതായും കണ്ടെത്തി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള കൗമാരപ്രായക്കാരില്‍ പകുതിയോളം ഭാരക്കുറവുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണ്. ഇതില്‍ മിക്കവരും പുരുഷന്മാരായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള സാധാരണ ഭാരമുള്ളവരിലും വൃക്കരോഗ സാധ്യത ഇരട്ടിയാണെന്ന് പഠനത്തില്‍ കണ്ടെത്തി.

പഠനത്തിന്റെ ഒരു പരിമിതി, തുടര്‍ന്നുള്ള കാലഘട്ടത്തില്‍, രക്തസമ്മര്‍ദ്ദം സംബന്ധിച്ച വിവരങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചിരുന്നില്ലെന്നതാണ്. ഇത് വൃക്കരോഗത്തിലേക്ക് എങ്ങനെ തിരിയുന്നുവെന്ന സുപ്രധാന വിവരം ലഭിക്കാന്‍ തടസമായി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വൃക്ക തകരാറുകളും ജനിതക വ്യതിയാനം പോലുള്ള എന്തിന്റെയെങ്കിലും അനന്തരഫലങ്ങളായിരിക്കുമെന്ന് ഫിലാഡല്‍ഫിയ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോ. എമി കൊഗോണ്‍ പറയുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്തുന്ന ജീവിതശൈലി അവലംബിക്കുകയെന്നതാണ് ഇതില്‍ നിന്നു മാതാപിതാക്കള്‍ക്കും രോഗികള്‍ക്കും നല്‍കാനുള്ള സുപ്രദാന സന്ദേശമെന്ന് അവര്‍ പറയുന്നു.

രക്തസമ്മര്‍ദ്ദവും ഗുരുതരവൃക്കരോഗങ്ങളും യുവാക്കളില്‍ വളരെ അപൂര്‍വമാണെങ്കിലും മാതാപിതാക്കള്‍ ഇക്കാര്യം ഗൗരവത്തോടെ കാണമമെന്ന് ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകനായ ജെയിംസ് ഗാംഗ്‌വിഷ് മുന്നറിയിപ്പു നല്‍കുന്നു. മുമ്പ് മുതിര്‍ന്നവരില്‍ മാത്രം കണ്ടിരുന്ന ഇത്തരം രോഗങ്ങള്‍ ചെറുപ്പക്കാരിലും സാധാരണയായി മാറിയിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ അവസ്ഥ ഇപ്പോള്‍ കൗമാരക്കാരില്‍ കാണുന്നുവെന്നത് ആശങ്കാജനകമാണ്. ആവശ്യത്തിന് കായികവ്യായാമങ്ങളില്‍ എര്‍പ്പെടുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലങ്ങളും മതിയായ ഉറക്കവും രക്തസമ്മര്‍ദ്ദം തടയാനും പ്രിതരോധിക്കാനും അത്യാന്താപേക്ഷിതമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൗമാരക്കാരിലെ രക്തസമ്മര്‍ദ്ദം ജീവിതശൈലിയില്‍ മാറ്റം വരുത്തിയും മരുന്നുകളുപയോഗിച്ചും വേഗത്തില്‍ ചികിത്സിച്ചു മാറ്റാന്‍ കഴിയും. വ്യായാമം, യോഗ എന്നിവ ശീലിക്കുന്നതും രോഗം നിയന്ത്രിക്കാന്‍ സഹായകമാണ്. ഭാവിയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൗമാരക്കാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ കഴിയുമെന്ന് ടെന്നസി സര്‍വ്വകലാശാല ഹെല്‍ത്ത് സയന്‍സ് സെന്ററിലെ ഡോ. സിസ്ബ കോവെസഡി പറഞ്ഞു. ഉയര്‍ന്ന രക്തസമ്മര്‍ദം എളുപ്പത്തില്‍ കണ്ടെത്താനും താരതമ്യേന എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും കഴിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഭാവിയില്‍ വൃക്കരോഗം മാത്രമല്ല, ഹൃദയാഘാതവും പക്ഷാഘാതവും അടക്കമുള്ള രോഗങ്ങള്‍ക്കും വഴി തെളിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇവ പ്രാരംഭഘട്ടത്തില്‍ തന്നെ തടയുന്നത് പല ജീവിതശൈലീരോഗങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കും.

Comments

comments

Categories: Health