വിസ്മയക്കാഴ്ച്ചയായി ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍

വിസ്മയക്കാഴ്ച്ചയായി ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍

നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷല്‍ എഡിഷന്‍ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്

ജനീവ : ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍ ബൈ മുള്ളിനര്‍ ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബെന്റ്‌ലി മോട്ടോഴ്‌സ് തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷല്‍ എഡിഷന്‍ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷന്‍ മോഡലായതിനാല്‍ നൂറ് എണ്ണം കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍ മാത്രമായിരിക്കും വിപണിയിലെത്തിക്കുന്നത്.

1930 ല്‍ ല മാന്‍ കാറോട്ടത്തില്‍ മല്‍സരിച്ച ബെന്റ്‌ലി 4 1/2 ലിറ്റര്‍ ‘ബ്ലോവര്‍’ മോഡലിനെ അനുകരിക്കുന്ന രൂപകല്‍പ്പനയാണ് കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷനില്‍ കാണാനാകുന്നത്. പച്ച അല്ലെങ്കില്‍ കറുപ്പ് നിറത്തില്‍ ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍ വാങ്ങാന്‍ കഴിയും. മുന്നിലെ ഗ്രില്ലില്‍ ‘9’ എന്ന് എഴുതിയിരിക്കുന്നത് വായിക്കാം. ബെന്റ്‌ലി ബോയ്‌സില്‍ ഒരാളായിരുന്ന സര്‍ ഹെന്റി ‘ടിം’ ബിര്‍ക്കിന്‍ ഡ്രൈവ് ചെയ്ത റേസ് കാറിലും നമ്പര്‍ 9 കാണാമായിരുന്നു. 1927 ലാണ് ബെന്റ്‌ലി 4 1/2 ലിറ്റര്‍ മോഡല്‍ വികസിപ്പിച്ചത്. 21 ഇഞ്ച് 10 സ്‌പോക്ക് അലോയ് വീലുകള്‍, കാര്‍ബണ്‍ ബോഡികിറ്റ് എന്നിവയോടെയാണ് ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍ വരുന്നത്.

രണ്ട് ട്രിം ഓപ്ഷനുകളിലാണ് ഇന്റീരിയര്‍ ലഭ്യമാക്കുന്നത്. ‘ബ്ലോവറില്‍’ നല്‍കിയതിന് സമാനമായി സീറ്റ് ഹെഡ്‌റെസ്റ്റുകളിലും ഡോര്‍ പാനലുകളിലും പ്രത്യേക ലോഗോ നല്‍കിയിരിക്കുന്നു. ‘എന്‍ജിന്‍ സ്പിന്‍’ അലുമിനിയം ഫിനിഷിലാണ് ഡാഷ്‌ബോര്‍ഡ് തീര്‍ത്തിരിക്കുന്നത്. ബ്ലോവര്‍ ബെന്റ്‌ലിയിലെ ഡയലുകളുടെ ഡിസൈന്‍ അടിസ്ഥാനമാക്കിയ ‘ബ്രിട്ടീഷ് ഏഗര്‍’ ക്ലോക്ക് സെന്റര്‍ കണ്‍സോളില്‍ കാണാം. 18 കാരറ്റ് സ്വര്‍ണ്ണം പൂശിയവയാണ് ഓര്‍ഗണ്‍ സ്‌റ്റോപ്പുകള്‍.

ബെന്റ്‌ലിയുടെ സ്റ്റാന്‍ഡേഡ് കോണ്ടിനെന്റല്‍ ജിടിയും നമ്പര്‍ 9 എഡിഷനും തമ്മില്‍ മെക്കാനിക്കല്‍ വ്യത്യാസങ്ങളില്ല. 6.0 ലിറ്റര്‍, ഡബ്ല്യു12 എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 635 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും.

Comments

comments

Categories: Auto