പ്രേംജിയെ മാതൃകയാക്കട്ടെ യുവസംരംഭകര്‍

പ്രേംജിയെ മാതൃകയാക്കട്ടെ യുവസംരംഭകര്‍

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി 1.45 ലക്ഷം കോടി രൂപയാണ് അസിം പ്രേംജി ചെലവഴിക്കുന്നത്. മഹായശസ്‌കനായ ഈ സംരംഭകന്റെ പ്രതിബദ്ധത വളര്‍ന്നുവരുന്ന ബിസിനസുകാര്‍ക്ക് പ്രചോദനമാകട്ടെ. ഇന്ത്യയില്‍ സമാനതകളില്ലാത്ത പ്രവൃത്തിയാണിത്

ഇന്ത്യയിലെ ഏറ്റവും ദാനശീലനായ കോടീശ്വരനെന്ന നിലയില്‍ പുതിയ ചരിത്രമെഴുതുകയാണ് സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കമ്പനി വിപ്രോയുടെ ചെയര്‍മാനായ അസിം പ്രേംജി. ഏകദേശം 1.45 ലക്ഷം രൂപയാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയായി അദ്ദേഹം മാറ്റിവെക്കുന്നത്. ഏഷ്യയില്‍ ഏറ്റവും വലിയ സ്വകാര്യ ജീവകാരുണ്യ എന്‍ഡോവ്‌മെന്റ് തുകയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്, ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തേതും.

കേവലം കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഇതിനെ നോക്കിക്കാണരുത്. പൊതുവെ ദാനശീലത്തില്‍ അത്ര പ്രശസ്തരല്ല ഇന്ത്യയിലെ സംരംഭകലോകമെന്ന് സിലിക്കണ്‍ വാലി ആരാധകര്‍ വിമര്‍ശനം ചൊരിയാറുണ്ട്. ആ വിമര്‍ശനത്തിനുള്ള ഏറ്റവും മികച്ച മറുപടിയാണ് അസിം പ്രേംജി എന്ന മഹായശസ്‌കനായ സംരംഭകന്‍. ജീവകാരുണ്യത്തിനായി തുനിഞ്ഞിറകിയ ലോകത്തെ ഒന്നാംകിട സംരംഭകരുടെ ശ്രേഷ്ഠമായ നിരയിലേക്കാണ് ഇതിലൂടെ അസിം പ്രേംജി നടന്നുകയറുന്നത്.

ബില്‍ഗേറ്റ്‌സ്, ജോര്‍ജ് സോറോസ്, വാറന്‍ ബഫറ്റ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയവര്‍ തങ്ങളുടെ സമ്പത്തിന്റെ നല്ലൊരു ശതമാനം സമൂഹത്തിന് തന്നെ തിരിച്ചുനല്‍കുമെന്നത് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ബില്‍ ഗേറ്റ്‌സിന്റെ പ്രധാന ദൗത്യം തന്നെ ഇപ്പോള്‍ അതാണ്.

അസിം പ്രേംജി ഫൗണ്ടേഷനിലൂടെയാണ് അസിം പ്രേംജി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പുതുതലങ്ങള്‍ കണ്ടെത്തുന്നത്. പുതിയ നീക്കത്തോടെ വിപ്രോയിലെ തന്റെ 67 ശതമാനം ഓഹരിയില്‍ നിന്നുള്ള നേട്ടമാണ് അദ്ദേഹം ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 51.6 ബില്ല്യണ്‍ ഡോളറാണ് ദാനശീലതയ്ക്കായി നീക്കിവെച്ചിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സിലെ സ്റ്റിച്ച്ടിംഗ് ഐഎന്‍ജികെഎ ഫൗണ്ടേഷനാകട്ടെ 36 ബില്ല്യണ്‍ ഡോളറും. ലണ്ടനിലെ വെല്‍ക്കം ട്രസ്റ്റിന്റെ സംഭാവന 27.1 ബില്ല്യണ്‍ ഡോളര്‍ വരും. യുഎസിലെ ഹൊവാര്‍ഡ് ഹ്യൂഗ്‌സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേത് 23.8 ബില്ല്യണ്‍ ഡോളറും. ഇക്കൂട്ടത്തിലേക്കാണ് 21 ബില്ല്യണ്‍ ഡോളര്‍ നല്‍കി അസിം പ്രേംജിയും എത്തുന്നത്.

വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായും മറ്റും ഇതിനോടകം തന്നെ അസിം പ്രേംജി നേതൃത്വം നല്‍കുന്ന പ്രസ്ഥാനങ്ങള്‍ മികച്ച സംഭാവനകളാണ് നല്‍കിവരുന്നത്. രാഷ്ട്രത്തിന്റെ ഉയര്‍ച്ചയ്ക്കായി അദ്ദേഹം ചെലവിടുന്ന ഊര്‍ജത്തിനും നിക്ഷേപത്തിനും ഫലമുണ്ടാകുമെന്നത് തീര്‍ച്ചയാണ്, അത് സര്‍വാരാധ്യമായി തീരുകയും ചെയ്യും.

ഇന്ത്യയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ബിസിനസുകാര്‍ നീക്കിവെക്കുന്ന തുകയില്‍ ഇടിവ് നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകളും ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. ബയിന്‍ ആന്‍ഡ് കമ്പനി കഴിഞ്ഞ ആഴച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയിലധികം നീക്കിവെക്കുന്നതില്‍ നാല് ശതമാനം ഇടിവാണ് 2014ന് ശേഷം സംഭവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രേംജിയുടെ ധീരതയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുക തന്നെ വേണം. മാത്രമല്ല, വളര്‍ന്നു വരുന്ന യുവസംരംഭകര്‍ ഇത് മാതൃകയാക്കേണ്ടതുമാണ്. സമൂഹത്തിലെ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് യഥാര്‍ത്ഥ സംരംഭകത്വ സംസ്‌കാരമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.

Categories: Editorial, Slider

Related Articles