90% വികസ്വര വിപണികളും നൈപുണ്യ പ്രതിസന്ധിയില്‍

90% വികസ്വര വിപണികളും നൈപുണ്യ പ്രതിസന്ധിയില്‍

60 രാജ്യങ്ങളിലെ നൈപുണ്യ പ്രവണത അവലോകനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: ലോകത്തിലെ 99 ശതമാനം വികസ്വര സമ്പദ്‌വ്യവസ്ഥകളും ബിസിനസ്, സാങ്കേതികവിദ്യ, ഡാറ്റ സയന്‍സ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട നൈപുണ്യ ശേഷിയില്‍ പിന്നിലാണെന്ന് പഠനം. ഈ മേഖലകളില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ നൈപുണ്യ ക്ഷാമം നേരിടുന്നതായാണ് പഠനം പറയുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ എജുക്കേഷന്‍ കമ്പനിയ കോഴ്‌സ്‌റയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

‘ആഗോള നൈപുണ്യ സൂചിക’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ ബിസിനസ്, സാങ്കേതികവിദ്യ, ഡാറ്റ സയന്‍സ് എന്നീ മേഖലകളിലെ നൈപുണ്യ ശേഷി അടിസ്ഥാനമാക്കി രാജ്യങ്ങളെ റാങ്ക് ചെയ്തിട്ടുണ്ട്. 60 രാജ്യങ്ങളിലെ നൈപുണ്യ പ്രവണതയും അതത് മേഖലകളിലെ പ്രകടനവും അവലോകനം ചെയ്താണ് കോഴ്‌സ്‌റ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ബിസിനസ് മേഖലയിലെ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്കിംഗില്‍ 50-ാമതാണ് ഇന്ത്യയുടെ സ്ഥാനം. സാങ്കേതികവിദ്യയിലെ വൈദഗ്ധ്യത്തില്‍ 44-ാം സ്ഥാനത്തും ഡാറ്റ സയന്‍സില്‍ 51-ാം സ്ഥാനത്തുമാണ് ഇന്ത്യ ഇടംപിടിച്ചിട്ടുള്ളത്.

നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്ന 16 ഏഷ്യ-പസഫിക് രാജ്യങ്ങളിലും ഏറ്റവും പിന്നിലാണ് ഇന്ത്യ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഓട്ടോമേഷന്റെയും അകമ്പടിയോടെയുള്ള നാലാം വ്യാവസായിക വിപ്ലവം ലോകത്തെ തൊഴില്‍ മേഖലകളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കോഴ്‌സ്‌റ ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് കമ്പനി സിഇഒ ജെഫ് മാഗിയോണ്‍കാല്‍ഡ പറഞ്ഞു.

ആഗോള നൈപുണ്യ പാരിസ്ഥിതി അതിന്റെ നിര്‍ണായകമായ പരിവര്‍ത്തന ഘട്ടത്തിലാണ്. മനുഷ്യനേക്കാള്‍ വേഗത്തില്‍ സാങ്കേതികവിദ്യ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരിക്കല്‍ ജോലിയെയും വ്യവസായത്തെയും സമ്പദ്‌വ്യവസ്ഥയെയും മുന്നോട്ടുനയിച്ച വൈദഗ്ധ്യം ഭാവിയിലേക്ക് മതിയാകില്ല. അതുകൊണ്ട് ഈ മാറ്റങ്ങള്‍ക്ക് അനുസരിച്ച് സഞ്ചരിക്കുന്നതിന് പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും സര്‍ക്കാരുകളും ബിസിനസ് നേതൃത്വങ്ങളും തങ്ങളുടെ തൊഴില്‍ സേനയെ സജ്ജരാക്കേണ്ടതുണ്ടെന്നും മാഗിയോണ്‍കാല്‍ഡ വിശദീകരിച്ചു.

തങ്ങളുടെ തൊഴില്‍ സേനയുടെ പ്രകടനം മനസിലാക്കുന്നതിന് സര്‍ക്കാരുകളെയും കമ്പനികളെയും ഈ റിപ്പോര്‍ട്ട് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നൈപുണ്യ അന്തരം പരിഹരിക്കുന്നതിന് ടെക്‌നോളജി, ബിസിനസ്, ഡാറ്റ സയന്‍സ് കോഴ്‌സുകള്‍ക്ക് 10,000 സ്‌കോളര്‍ഷിപ്പുകളും കോഴ്‌സ്‌റ അവതരിപ്പിക്കുന്നുണ്ട്.

Comments

comments

Categories: FK News

Related Articles