യൂ ട്യൂബ് മ്യൂസിക് ഇന്ത്യയിലെത്തി

യൂ ട്യൂബ് മ്യൂസിക് ഇന്ത്യയിലെത്തി

കാലിഫോര്‍ണിയ: ഗൂഗിളിന്റെ മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങളിലൊന്നായ യൂ ട്യൂബ് മ്യൂസിക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ സേവനം കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ ഗൂഗിള്‍ യുഎസ്, മെക്‌സിക്കോ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ നിരവധി മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങളുണ്ട്. യുഎസില്‍ ജനപ്രീതി കൈവരിച്ച സ്‌പോട്ടിഫൈ ഈയടുത്ത ആഴ്ചയിലാണ് ഇന്ത്യയിലെത്തിയത്. ഇതു കൂടാതെ ജിയോ സാവന്‍, ഗാന, ആമസോണ്‍ പ്രൈം മ്യൂസിക്, ആപ്പിള്‍ മ്യൂസിക് തുടങ്ങിയ കമ്പനികളും മ്യൂസിക് സ്ട്രീമിംഗ് സേവനം ഇന്ത്യയില്‍ നല്‍കുന്നവരാണ്. ഈ സാഹചര്യത്തില്‍ ഗൂഗിള്‍ കൂടി മ്യൂസിക് സ്ട്രീമിംഗ് സേവനവുമായി രംഗത്തുവരുന്നത് ഇന്ത്യയിലെ സംഗീത പ്രേമികള്‍ക്കു ഗുണകരമായ കാര്യമാണ്. സംഗീത വീഡിയോ, കവര്‍ സോംഗ്‌സ്, തത്സമയ പ്രകടനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന യൂ ട്യൂബിന്റെ വിപുലമായ കാറ്റലോഗുകളിലേക്കു യൂസര്‍മാര്‍ക്ക് ആക്‌സസ് അനുവദിക്കുന്നതാണ് യൂ ട്യൂബ് മ്യൂസിക് എന്ന മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം. മറ്റ് മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങളില്‍നിന്നും യൂ ട്യൂബ് മ്യൂസിക്കിനെ വ്യത്യസ്തമാക്കുന്നത് ഇത് കൂടുതല്‍ വ്യക്തിഗതമായിരിക്കുമെന്നതാണ്. യൂ ട്യൂബ് മ്യൂസിക് എന്ന ആപ്പ് ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇന്ത്യയില്‍ യൂ ട്യൂബിന്റെ സഹായത്തോടെ ബൃഹത്തായ തോതില്‍ സംഗീതം ആസ്വദിക്കുന്നുണ്ട്. 2018-ല്‍ പുറത്തിറങ്ങിയ നീല്‍സന്‍ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് മ്യൂസിക് സ്ട്രീമിംഗിന്റെ പ്രധാന ഉറവിടം യൂ ട്യൂബാണെന്നു പറയുന്നു.

Categories: Slider, Tech