വേള്‍ഡ് വൈഡ് വെബ്ബിന് പ്രായം 30

വേള്‍ഡ് വൈഡ് വെബ്ബിന് പ്രായം 30

1989 മാര്‍ച്ച് 12-നാണ് ടിം ബെര്‍ണേഴ്‌സ് ലീ വേള്‍ഡ് വൈഡ് വെബ്ബ് എന്ന ആശയത്തിന് രൂപം നല്‍കിയത്. ഇന്റര്‍നെറ്റിന്റെ ചരിത്രത്തില്‍ മാര്‍ച്ച് 12-ഒരു പ്രത്യേക നിമിഷം അടയാളപ്പെടുത്തുന്നു. അന്നാണ് വേള്‍ഡ് വൈഡ് വെബ്ബിന്റെ ജന്മദിനം. ശാസ്ത്രജ്ഞര്‍ക്കു വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള സംവിധാനമെന്ന ആശയമാണു വേള്‍ഡ് വൈഡ് വെബ്ബിന്റെ പിറവിയിലേക്കു നയിച്ചത്. ആ ആശയം ലോകത്തെ തന്നെ മാറ്റിമറിക്കുകയും ചെയ്തു.

കൃത്യം 30 വര്‍ഷങ്ങള്‍ക്കു മുമ്പ്, ഫ്രഞ്ച്-സ്വിസ് അതിര്‍ത്തിയിലുള്ള പ്രശസ്തമായ സേണ്‍ എന്ന ഫിസിക്‌സ് റിസര്‍ച്ച് ലാബിലെ യുവ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ടിം ബെര്‍ണേഴ്‌സ് ലീ അദ്ദേഹത്തിന്റെ മേധാവിക്ക് ഒരു ഗവേഷണ പ്രബന്ധം കൈമാറുകയുണ്ടായി. പ്രബന്ധത്തിന്റെ പേര് ‘ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്: എ പ്രൊപ്പോസല്‍’ എന്നായിരുന്നു. ഈ പ്രബന്ധത്തിന്മേല്‍ മാസങ്ങളോളം ബെര്‍ണേഴ്‌സ് ലീ പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, ഈ പ്രബന്ധം ലോകത്തെ മാറ്റിമറിക്കുമെന്ന് ഒരിക്കലും ബെര്‍ണേഴ്‌സ് ലീ വിചാരിച്ചിരുന്നില്ല. പ്രബന്ധത്തിനു പുറത്ത് ബെര്‍ണേഴ്‌സ് ലീയുടെ മേധാവി ഇങ്ങനെ കുത്തിക്കുറിച്ചു; ‘അവ്യക്തം, എന്നാല്‍ ആവേശകരം’. ബെര്‍ണേഴ്‌സ് ലീയുടെ ഈ പ്രബന്ധമാണ് http,urls,html എന്നിവയുടെ ആരംഭം കുറിച്ചത്. ഇന്റര്‍നെറ്റിന്റെ മൂന്ന് നെടും തൂണുകളായി മാറിയ സാങ്കേതികവിദ്യകളാണിവ. http എന്നാല്‍ ഹൈപ്പര്‍ ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍ എന്നതിന്റെ ചുരുക്കപ്പേരാണ്. html എന്നാല്‍ ഹൈപ്പര്‍ ടെക്സ്റ്റ് മാര്‍ക്ക് അപ്പ് ലാംഗ്വേജും, urls എന്നാല്‍ യൂണിഫോം റിസോഴ്‌സ് ഐഡന്റിഫയറുമെന്നാണ്. ഇന്ന് ലോകജനസംഖ്യയില്‍ പകുതിയും ഓണ്‍ലൈനാണ്. ഏകദേശം 200 കോടി വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായും കണക്കാക്കുന്നുണ്ട്. 1991 ഓഗസ്റ്റ് ആറിനാണ് ആദ്യത്തെ വെബ്‌സൈറ്റ് ഓണ്‍ലൈനായത്.info.cern.ch എന്നായിരുന്നു വെബ്‌സൈറ്റിന്റെ പേര്. ഇന്നു ലോകജനസംഖ്യയുടെ പകുതിയും ഓണ്‍ലൈനാണ്. ലോകരാജ്യങ്ങളുടെ സാമ്പത്തിക വികസനം വേഗത്തിലാക്കുകയും രാഷ്ട്രീയ പ്രചാരണങ്ങളുടെ രീതിയെയും വേള്‍ഡ് വൈഡ് വെബ് മാറ്റി മറിച്ചു. അത് വാണിജ്യം, ആശയവിനിമയം തുടങ്ങിയ അസംഖ്യം വരുന്ന മറ്റ് മേഖലകളിലും അടിസ്ഥാനപരമായ മാറ്റമുണ്ടാക്കി. പക്ഷേ, സര്‍വവ്യാപിയായ, എല്ലാത്തരം വിവരങ്ങളിലേക്കും പ്രവേശനം സാധ്യമാക്കുന്ന ആ പുതിയ ലോകത്തിലെ ആശ്ചര്യജനകമായ സങ്കീര്‍ണ്ണത അപ്രതീക്ഷിതമായ പുതിയ പ്രശ്‌നങ്ങളിലേക്കും നമ്മളെ നയിച്ചു. വ്യാജ വാര്‍ത്ത, ഓണ്‍ലൈന്‍ ഉപദ്രവം, വിദേശ ശക്തികളുടെ സ്വാധീനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍, ദോഷം സംഭവിക്കണമെന്ന ഉദ്ദേശത്തോടെയുള്ള പരസ്യങ്ങള്‍ തുടങ്ങിയവയാണു സങ്കീര്‍ണ്ണതയുടെ വൈവിധ്യമാര്‍ന്ന പ്രത്യാഘാതങ്ങള്‍. ഇവ ഇന്നും അനസ്യൂതം അരങ്ങേറിക്കൊണ്ടിരിക്കുന്നു. സൗജന്യ സേവനങ്ങള്‍ക്കു പകരം ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്ന ഇന്റര്‍നെറ്റ് ഭീമന്മാരായ ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും വളര്‍ച്ച, 1989 മാര്‍ച്ചില്‍ ബെര്‍ണേഴ്‌സ് ലീ വിഭാവനം ചെയ്തതില്‍നിന്നും വളരെ വ്യത്യസ്തമാണ്. ലിങ്കുകളിലൂടെ അഥവാ കണ്ണികളിലൂടെ ഓരോ വെബ്‌സൈറ്റുകളെയും ബന്ധിപ്പിക്കുന്ന സംവിധാനം മാത്രമായിരുന്നു വേള്‍ഡ് വൈഡ് വെബ്ബിനെ കുറിച്ചു ബെര്‍ണേഴ്‌സ് ലീയുടെ മനസിലുണ്ടായിരുന്ന ആശയം. പക്ഷേ ലീ വിഭാവനം ചെയ്തതില്‍നിന്നും വളരെ അകലെയാണ് ഇന്നു പല ഇന്റര്‍നെറ്റ് ഭീമന്മാരുടെയും പ്രവര്‍ത്തനങ്ങള്‍.

ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബ്ബും ഒന്നാണോ ?

നമ്മളില്‍ പലരും സംസാരിക്കുമ്പോഴും, എഴുതുമ്പോഴും ഇന്റര്‍നെറ്റ്, വേള്‍ഡ് വൈഡ് വെബ് (www) തുടങ്ങിയ വാക്കുകള്‍ ഇടകലര്‍ന്നു വരാറുണ്ട്. ഇവ ഒന്നാണെന്ന ധാരണയും പൊതുവേ എല്ലാവരിലുമുണ്ട്. പക്ഷേ, ഇവ രണ്ടും ഒന്നല്ല. രണ്ടും വ്യത്യസ്തമാണ്. ഒരു നെറ്റ്‌വര്‍ക്കിലൂടെ അഥവാ ശൃംഖലയിലൂടെ, വിവരങ്ങള്‍ കൈമാറാനും, ആശയവിനിമയം നടത്തുവാനുമുള്ള കഴിവിനനുസരിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളുടെ വലിയ കൂട്ടായ്മയാണ് ഇന്റര്‍നെറ്റ്. ഓണ്‍ലൈനാവുകയെന്നാല്‍ അഥവാ ഓണ്‍ലൈനിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മള്‍ നമ്മളുടെ കമ്പ്യൂട്ടറിനെ ശൃംഖലയിലുള്ള ദശലക്ഷക്കണക്കിനു വരുന്ന കമ്പ്യൂട്ടറുകളുമായി (ഇന്റര്‍നെറ്റ്) ബന്ധിപ്പിക്കുകയാണു ചെയ്യുന്നത്. ദശലക്ഷക്കണക്കിനു വരുന്ന കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക് അഥവാ ഇന്റര്‍നെറ്റിലേക്ക് പ്രവേശനം സാധ്യമാക്കുന്ന സംവിധാനമാണു വേള്‍ഡ് വൈഡ് വെബ്. ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്നതിനുള്ള സാര്‍വത്രിക അംഗീകൃത മാര്‍ഗമാണു (universally accepted way) വേള്‍ഡ് വൈഡ് വെബ്. ഇന്റര്‍നെറ്റ് എന്നത് ഒരു അദൃശ്യമായ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ ആണെങ്കില്‍ ഹൈവേയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുന്ന മാജിക് കാര്‍പ്പെറ്റാണു വെബ്. ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ എന്നത് 1990-കളില്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെയും ഇന്റര്‍നെറ്റ് ടെലികമ്മ്യൂണിക്കേഷന്‍സ് നെറ്റ്‌വര്‍ക്കുകളെയും പരാമര്‍ശിക്കാനായി ഉപയോഗിച്ചിരുന്ന വാക്കാണ്.

സമൂഹത്തെ മാറ്റിമറിച്ച 30 വര്‍ഷങ്ങള്‍

മനുഷ്യരെ പുരോഗതിയിലേക്കു നയിക്കുവാന്‍ വെബ്ബിനു കഴിഞ്ഞെന്നതാണ് ഏറ്റവും വലിയ നേട്ടം. ഇക്കാലമത്രയും അവഗണിക്കപ്പെട്ടിരുന്നവരുടെ ശബ്ദം മുഖ്യധാരയിലെത്തിക്കുവാനും വെബ്ബിനു സാധിച്ചു. എന്നാല്‍ സമീപകാലത്തെ ചില രാഷ്ട്രീയ സംഭവങ്ങള്‍ വെബ്ബിന്റെ ദുരുപയോഗത്തിനും വഴിവച്ചു. വേള്‍ഡ് വൈഡ് വെബ്ബ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു ഗ്രൂപ്പിനു ബെര്‍ണേഴ്‌സ് ലീ രൂപം നല്‍കുകയുണ്ടായി. സര്‍ക്കാരുകള്‍, കമ്പനികള്‍, പൗരന്മാര്‍ എന്നിവരുടെ സഹായം തേടി കൊണ്ടു മാനവികതയ്ക്കു കൂടുതല്‍ ഗുണം ചെയ്യുന്നതിനായി വെബ്ബിനെ രൂപപ്പെടുത്തുന്നതിലാണ് ഈ ഗ്രൂപ്പ് ഏര്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തിലൂടെ പ്രധാനമായും ലീ ലക്ഷ്യമിടുന്നത് കോണ്‍ട്രാക്റ്റ് ഫോര്‍ ദി വെബ് എന്നൊരു പദ്ധതിക്ക് രൂപം നല്‍കുകയെന്നതാണ്. ടെക്‌നോളജി ലോകത്തെ മാഗ്‌ന കാര്‍ട്ട എന്നാണ് കോണ്‍ട്രാക്റ്റ് ഫോര്‍ ദി വെബ്ബിനെ വിശേഷിപ്പിക്കുന്നത്. 2019 മേയ് മാസത്തോടെ ഇതിനു പൂര്‍ണ രൂപം കൈവരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ട്രാക്റ്റ് ഫോര്‍ ദി വെബ് എന്നത് ഒരു ഉടമ്പടിയാണ്. ഇന്റര്‍നെറ്റില്‍ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുകയെന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. താന്‍ നേതൃത്വം കൊടുത്ത ടെക്‌നോളജി റവല്യൂഷന്‍ മൂന്ന് പതിറ്റാണ്ടിലെത്തുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ക്കു വിധേയമാകേണ്ടതുണ്ടെന്നു ബെര്‍ണേഴ്‌സ് ലീക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണു കോണ്‍ട്രാക്റ്റ് ഫോര്‍ ദി വെബ് എന്ന ആശയവുമായി ലീ രംഗത്തെത്തിയിരിക്കുന്നത്.

Categories: FK Special, Slider