ആരോഗ്യപൂര്‍ണമായ വൃക്കകള്‍ എല്ലാവര്‍ക്കും, എല്ലായിടത്തും

ആരോഗ്യപൂര്‍ണമായ വൃക്കകള്‍ എല്ലാവര്‍ക്കും, എല്ലായിടത്തും

മൂന്നു വര്‍ഷം മുന്‍പ് ലോക ജനതയുടെ 10 ശതമാനം ആളുകളായിരുന്നു വൃക്ക രോഗങ്ങള്‍ക്ക് ഇരയായിരുന്നത്. 2018 ല്‍ ഇത് 13.4 ശതമാനത്തിലേക്ക് അതിവേഗം ഉയര്‍ന്നു. കേരളത്തിലും വൃക്ക രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 2.5 ലക്ഷം മലയാളികളാണ് ചികിത്സാ ചെലവേറിയ ഈ രോഗത്തിന് അടിപ്പെട്ടിരിക്കുന്നത്. ‘വൃക്കയുടെ ആരോഗ്യം എല്ലാവര്‍ക്കും എല്ലായിടത്തും’ എന്ന മുദ്രാവാക്യമുയര്‍ത്തി ആചരിക്കുന്ന ഇത്തവണത്തെ ലോക വൃക്ക ദിനത്തില്‍, മുന്‍കരുതലിന്റെയും നീതിയുക്തമായ ചികിത്സ ഉറപ്പാക്കുന്നതിന്റെയും സന്ദേശം എല്ലാവരിലേക്കും എത്തിക്കാം

ഡോ. ജ്യോതിഷ് ചാലില്‍ ഗോപിനാഥന്‍

വികസിത, വികസ്വര രാഷ്ട്രങ്ങള്‍ എന്ന വ്യത്യാസമില്ലാതെ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഗുരുതരമായ ഒരു ആരോഗ്യ പ്രശ്‌നമാണ് വൃക്കരോഗം. ആഗോളതലത്തില്‍ പ്രതിവര്‍ഷം 24 ലക്ഷത്തില്‍പ്പരം മരണങ്ങള്‍ക്ക് സ്ഥായിയായ വൃക്ക പരാജയം (Chronic Kidney Disease) കാരണമാകുന്നു എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. താല്‍ക്കാലിക വൃക്ക സ്തംഭനാവസ്ഥ (Acute Kidney Injury) വര്‍ഷം തോറും ഒന്നരക്കോടിയോളം രോഗികളെ ബാധിക്കുന്നു. ഇവരില്‍ 85 ശതമാനത്തോളം പേരും വികസ്വര രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ് എന്നതാണ് ഭീതിയുണര്‍ത്തുന്ന ചിത്രം.

ഈ ആഗോള സ്ഥിതിവിശേഷത്തിന്റെ നേര്‍പ്പകര്‍പ്പ് നമ്മുടെ നാട്ടിലും കണ്ടുവരുന്നു. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ഥായിയായ വൃക്ക പരാജയം കൂടുതല്‍ പേരെ ബാധിക്കുന്നതായി കാണുന്നു. വൃക്കരോഗങ്ങളുടെ ചികിത്സാഭാരം നമ്മുടെ ആതുര ശ്രുശ്രൂഷാ സംവിധാനങ്ങളെ സാരമായിത്തന്നെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്യുന്നു.

മുഴുവന്‍ വൃക്കരോഗികളെയും ഫലപ്രദമായി ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഡയാലിസിസ് (രക്തശുദ്ധീകരണം), വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ തുടങ്ങിയ താരതമ്യേന ചെലവേറിയ ചികിത്സാ പദ്ധതികളുടെ കാര്യത്തില്‍ ഇത് വിശിഷ്യാ ശരിയാണ്. ചെലവുകളുടെ ഒരു വലിയ പങ്ക് രോഗി നേരിട്ട് വഹിക്കേണ്ടി വരുന്ന ഒരു സാഹചര്യത്തിലേക്കാണ് ഇതു നയിക്കുന്നത്. ഒരു നല്ല ശതമാനം രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു എന്നതാണ് ഭയാനകമായ സത്യം. രോഗ ശ്രുശ്രൂഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന പലരും അര്‍ദ്ധ ചികിത്സക്ക് വിധേയരാകേണ്ടി വരുന്നു. ഉദാഹരണത്തിന് ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസിന് വിധേയനാകേണ്ട വ്യക്തിക്ക് ഒന്നോ രണ്ടോ തവണ മാത്രം ചികിത്സ സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയിലേക്കെത്തുന്നു. ശാശ്വത വൃക്കരോഗത്തിന് ഏറ്റവും ഉതകുന്ന ചികിത്സാ പദ്ധതി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് എന്നിരിക്കെ നിസ്സഹായരായ വൃക്കരോഗികളുടെ ദൈന്യത ചൂഷണം ചെയ്യുന്ന പല തരത്തിലുള്ള ദുഷ്പ്രവണതകള്‍ക്കും ചരിത്രം സാക്ഷിയായിട്ടുണ്ട്. നിയമനിര്‍മ്മാണം കൊണ്ടും ഇസ്താംബൂള്‍ വിളംബരം (Declaration of Istanbul) പോലുള്ള അന്താരാഷ്ട്രതലത്തിലുള്ള ഇടപെടലുകള്‍ കൊണ്ടും അവയവ വ്യാപാരത്തിനേയും അവയവക്കടത്തിനേയും ചെറുക്കാനുള്ള സംഘടിത ശ്രമം പരിഷ്‌കൃത സമൂഹം നടത്തിയിട്ടുണ്ടെങ്കിലും പഴുതുകള്‍ അവശേഷിക്കുന്നില്ലേ എന്ന സംശയം ബാക്കി നില്‍ക്കുന്നു.

ചികിത്സാ ധാര്‍മ്മികതയുടെ (Medical Ethics) അടിസ്ഥാനതത്വങ്ങളില്‍ ഒന്നാണ് നീതി. അവയവ രോഗ ചികിത്സയുടെ കാഠിന്യവും ഭാരവും ചികിത്സാ നിഷേധത്തിലേക്ക് നയിക്കുന്നുണ്ടെങ്കില്‍ അത് നീതി നിഷേധം തന്നെയാണ്. വൃക്കരോഗികള്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സേവനങ്ങള്‍ (രക്തസമ്മര്‍ദ്ദ ചികിത്സ, പ്രമേഹനിയന്ത്രണത്തിന് ആവശ്യമായി വരുന്ന മരുന്നുകള്‍, വൃക്കരോഗങ്ങള്‍ നേരത്തെ കണ്ടെത്താനുള്ള രക്ത, മൂത്ര പരിശോധനകള്‍ മുതലായവ) സാര്‍വ്വത്രികമായി ലഭ്യമാവേണ്ടതാണ്. ശാശ്വത വൃക്ക പരാജയ സാധ്യത കൂടുതലുള്ള വ്യക്തികളില്‍ വിശേഷിച്ച്, തുടക്കത്തിലേയുള്ള രോഗനിര്‍ണ്ണയം ചെലവേറിയ ഭാവിചികിത്സകള്‍ ഒഴിവാക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു.

ആരോഗ്യപൂര്‍ണമായ ജീവിതശൈലി അനുവര്‍ത്തിക്കല്‍ ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്. ക്രമമായ വ്യായാമം, പുകയില ഉല്‍പ്പന്നങ്ങളും ലഹരി പദാര്‍ത്ഥങ്ങളും ഉപേക്ഷിക്കല്‍, ശുദ്ധജലപാനം എന്നിവയ്‌ക്കൊപ്പം ഭക്ഷണ രീതികളിലെ മിതത്വവും പ്രധാനമാണ്. പുതിയ കാലത്തിന്റെ ഭക്ഷണ രീതികള്‍ വൃക്ക രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള അവയവ രോഗങ്ങള്‍ക്ക് ചാലകശക്തികളായി മാറുന്നു എന്നു മനസ്സിലാക്കേണ്ടതാണ്. അതോടൊപ്പം തന്നെ പ്രകൃതിയിലേക്ക് തിരിച്ചു പോവുക എന്ന സുന്ദരമായ മുദ്രാവാക്യം തികച്ചും അശാസ്ത്രീയമായ പല ഭക്ഷണരീതികളിലേക്കും വഴിവെക്കുമെന്നതും തിരിച്ചറിയേണ്ടതാണ്. വൃക്കരോഗം സംഭവിച്ച രോഗികളില്‍ പലരിലും ഇവയുടെ പരിണിതഫലം ദൗര്‍ഭാഗ്യകരമാണ്.

2019 ലെ ലോക വൃക്ക ദിനത്തിന്റെ (World Kidney Day) പ്രമേയം ‘വൃക്ക ആരോഗ്യം എല്ലാവര്‍ക്കും എല്ലായിടത്തും’ എന്നതാണ്. വൃക്ക രോഗങ്ങള്‍ സമൂഹത്തില്‍ ഉടലെടുക്കാതിരിക്കാനുള്ള ശ്രമങ്ങളില്‍ ആരോഗ്യപൂര്‍ണമായ ജീവിതശൈലികള്‍ എല്ലാവരും അനുവര്‍ത്തിക്കുക എന്നത് പരമ പ്രധാനമാണ്. അനുദിനം വര്‍ദ്ധിച്ചുവരുന്ന പ്രമേഹരോഗത്തിന്റെയും അമിത രക്തസമ്മര്‍ദ്ദത്തിന്റെയും തോത് ഈ സന്ദേശത്തിന്റെ പ്രാധാന്യത്തിന് അടിവര ഇടുന്നു. രോഗത്തേക്കാള്‍ രോഗ ചികിത്സയെ ഭയക്കേണ്ടതാണ് എന്ന യുക്തിരഹിതമായ സമീപനം ഏവരും ഒഴിവാക്കേണ്ടതാണ്. പ്രമേഹം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളല്ല പ്രമേഹം തന്നെയാണ് വൃക്കരോഗത്തിന്റെ പ്രധാനപ്പെട്ട കാരണം. വൃക്കരോഗം നേരത്തെ കണ്ടെത്തി ശാസ്ത്രീയമായി ചികിത്സിക്കുന്നത് അവയവ പരാജയത്തെ ഒരു വലിയ പരിധിവരെ അകറ്റി നിര്‍ത്തും.

സ്ഥായിയായ വൃക്കപരാജയം സംഭവിച്ച രോഗികളില്‍ സമ്പന്ന ദരിദ്ര വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നീതിയുക്തമായി ചികിത്സ എങ്ങനെ സാധ്യമാക്കാം എന്നതാണ് സുപ്രധാനമായ ചോദ്യം. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ, ഡയാലിസിസ് മുതലായവക്ക് ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഏവര്‍ക്കും പ്രാപ്യമായ രീതിയില്‍ സജ്ജമാക്കുക എന്ന വെല്ലുവിളി നമ്മുടെ സമൂഹം ഏറ്റെടുത്തേ മതിയാവൂ. പൊതുമേഖലാ സ്ഥാപനങ്ങളും ഇന്‍ഷുറന്‍സ് പദ്ധതികളും സര്‍ക്കാര്‍ പരിപാടികളും ഇതില്‍ ഒരു വലിയ പങ്കു വഹിക്കുന്നുണ്ടെങ്കിലും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരുടേയും ദൗത്യമായി നീതിയുക്തമായ അവയവ ചികിത്സ മാറേണ്ടതാണ്. സ്വകാര്യ കോര്‍പ്പറേറ്റ് സംവിധാനങ്ങളും തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റേണ്ടതാണ്. ചികിത്സാ ചെലവുകള്‍ കഴിയുന്നതും കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നെങ്കിലും ഉയരുന്നു. ഈ ഉദ്യമങ്ങള്‍ ആശാവഹവും ശ്ലാഘനീയവുമാണ്.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ നെഫ്രോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍)

Categories: FK Special, Slider