ഇന്ത്യന്‍ നിര്‍മ്മിത പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഈ വര്‍ഷമെന്ന് വോള്‍വോ

ഇന്ത്യന്‍ നിര്‍മ്മിത പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഈ വര്‍ഷമെന്ന് വോള്‍വോ

ഇന്ത്യയില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനം നിര്‍മ്മിക്കുന്ന ആദ്യ ഓട്ടോമോട്ടീവ് കമ്പനിയായിരിക്കും വോള്‍വോ

ന്യൂഡെല്‍ഹി : മെയ്ഡ് ഇന്‍ ഇന്ത്യ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനം ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കുമെന്ന് വോള്‍വോ കാര്‍സ് ഇന്ത്യ. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനം നിര്‍മ്മിക്കുന്ന ആദ്യ ഓട്ടോമോട്ടീവ് കമ്പനിയായിരിക്കും തങ്ങളെന്ന് വോള്‍വോ കാര്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ചാള്‍സ് ഫ്രംപ് പറഞ്ഞു. സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളുടെ ബെംഗളൂരു പ്ലാന്റില്‍ ഈ വര്‍ഷം രണ്ടാം പകുതിയില്‍ വോള്‍വോ എക്‌സ്‌സി90 പ്ലഗ്-ഇന്‍ ഹൈബ്രിഡ് നിര്‍മ്മിച്ചുതുടങ്ങും.

ഇന്ത്യയില്‍ നിലവില്‍ വോള്‍വോ എക്‌സ്‌സി90 പ്ലഗ്-ഇന്‍ ഹൈബ്രിഡ് വില്‍ക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. വാഹനഘടകങ്ങളും പാര്‍ട്ടുകളും തദ്ദേശീയമായി കൂട്ടിയോജിപ്പിച്ച് പൂര്‍ണ്ണ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനം നിര്‍മ്മിക്കുമെന്ന് വോള്‍വോ കാര്‍സ് ഇന്ത്യ അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഇറക്കുമതി ചെയ്യുന്ന പാര്‍ട്ടുകളുടെയും വാഹനഘടകങ്ങളുടെയും കസ്റ്റംസ് തീരുവ 15 ല്‍നിന്ന് 10 ശതമാനമായി ഇക്കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതേതുടര്‍ന്ന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നതായി ചാള്‍സ് ഫ്രംപ് വ്യക്തമാക്കി.

ഇന്ത്യന്‍ നിര്‍മ്മിത പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനം പുറത്തിറക്കുന്നതുകൂടാതെ, സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമീണ വിപണികളിലേക്ക് കടന്നുചെല്ലുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ പറഞ്ഞു. രണ്ടാം നിര, മൂന്നാം നിര വിപണികളില്‍ പിടിമുറുക്കുന്നതിനാണ് ചെറിയ നഗരങ്ങളിലും സാന്നിധ്യമറിയിക്കുന്നത്. ഈയിടെ ഇന്ദോറിലും റായ്പുരിലും ഡീലര്‍ഷിപ്പ് ആരംഭിക്കുകയും കോഴിക്കോട് ഷോറൂം തുടങ്ങുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Auto