2030 ഓടെ എഴുപത് പുതിയ ഇലക്ട്രിക് മോഡലുകളെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്

2030 ഓടെ എഴുപത് പുതിയ ഇലക്ട്രിക് മോഡലുകളെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്

വൈദ്യുതീകരണ പദ്ധതികള്‍ വിപുലീകരിച്ചു. നേരത്തേയിത് അമ്പത് മോഡലുകള്‍ എന്നായിരുന്നു

വോള്‍ഫ്‌സ്ബര്‍ഗ് : ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് തങ്ങളുടെ വാഹന വൈദ്യുതീകരണ പദ്ധതികള്‍ വിപുലീകരിച്ചു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ എഴുപതോളം പുതിയ ഓള്‍ ഇലക്ട്രിക് മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് പുതുതായി കൈക്കൊണ്ട തീരുമാനം. നേരത്തേയിത് അമ്പത് മോഡലുകള്‍ എന്നായിരുന്നു. ഔഡി, ബെന്റ്‌ലി, ബുഗാട്ടി, സിയറ്റ്, സ്‌കോഡ, പോര്‍ഷെ, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. ഈ എല്ലാ ബ്രാന്‍ഡുകളും ചേര്‍ന്ന് 2030 ഓടെ അമ്പത് വൈദ്യുത മോഡലുകള്‍ പുറത്തിറക്കുമെന്നാണ് നേരത്തെ ആസൂത്രണം ചെയ്തിരുന്നത്. 2017 ല്‍ അംഗീകരിച്ച ‘റോഡ്മാപ്പ് ഇ’ പ്രോജക്റ്റിന്റെ ഭാഗമായാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

വൈദ്യുത മോഡലുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ 2030 ആകുമ്പോഴേക്കും ഗ്രൂപ്പിന്റേതായി 2.20 കോടി പൂര്‍ണ്ണ വൈദ്യുത (ഓള്‍ ഇലക്ട്രിക്) വാഹനങ്ങള്‍ നിരത്തുകളിലുണ്ടാകുമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് മേധാവി ഹെര്‍ബര്‍ട്ട് ഡീസ് പറഞ്ഞു. അതായത് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ആകെ വാഹനങ്ങളുടെ നാല്‍പ്പത് ശതമാനത്തോളം. അമ്പത് മോഡലുകള്‍ പുറത്തിറക്കുമ്പോള്‍ 1.50 കോടി ഓള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പാതകളില്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. ഇലക്ട്രിക് കാറുകള്‍ക്ക് മാത്രമായി വികസിപ്പിച്ച എംഇബി പ്ലാറ്റ്‌ഫോമിലാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് തങ്ങളുടെ ആദ്യ ഇവി മോഡലുകള്‍ നിര്‍മ്മിക്കുന്നത്. ഈ വര്‍ഷമെത്തുന്ന ഫോക്‌സ്‌വാഗണ്‍ ഐ.ഡി. ഹാച്ച്ബാക്കാണ് എംഇബി ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കുന്ന ആദ്യ ഇലക്ട്രിക് കാര്‍.

2050 ഓടെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, ഉല്‍പ്പാദനം, ഭരണനിര്‍വ്വഹണം എന്നുതുടങ്ങി സമസ്ത മേഖലകളിലും കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന്റെ ഭാഗമായാണ് എഴുപതോളം പുതിയ ഓള്‍ ഇലക്ട്രിക് മോഡലുകള്‍ വിപണിയിലെത്തിക്കുന്നതെന്ന് ഡീസ് കൂട്ടിച്ചേര്‍ത്തു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നത് സംബന്ധിച്ച് കൂടുതല്‍ കര്‍ക്കനമായ ലക്ഷ്യങ്ങളാണ് കാര്‍ കമ്പനികള്‍ക്ക് മുന്നിലുള്ളത്. 2050 ഓടെ യൂറോപ്പിനെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുകയെന്ന പാരിസ് ഉടമ്പടിയുടെ (കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച) ലക്ഷ്യവുമായി ചേര്‍ന്നുപോകുന്നതാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ തീരുമാനമെന്ന് ഹെര്‍ബര്‍ട്ട് ഡീസ് പറഞ്ഞു. സമഗ്രമായ പരിവര്‍ത്തനമാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ലക്ഷ്യം വെയ്ക്കുന്നത്. കാലാവസ്ഥ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് തങ്ങളുടേതായ ഉത്തരവാദിത്തം നിറവേറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാഹന വൈദ്യുതീകരണ പദ്ധതികളുമായി ബന്ധപ്പെട്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 ബില്യണ്‍ യൂറോയുടെ (2.36 ലക്ഷം കോടി ഇന്ത്യന്‍ രൂപ) നിക്ഷേപമാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് നടത്തുന്നത്. സര്‍വ്വ മേഖലയിലും കാര്യക്ഷമതയും പ്രകടനമികവും കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഹെര്‍ബര്‍ട്ട് ഡീസ് പറഞ്ഞു. അതേസമയം, ബാറ്ററി സെല്ലുകള്‍ വിതരണം ചെയ്യണമമെന്ന് ആവശ്യപ്പെട്ട് എല്‍ജി കെം, എസ്‌കെ ഇന്നൊവേഷന്‍, സിഎടിഎല്‍, സാംസംഗ് കമ്പനികളുമായി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ, യൂറോപ്പില്‍ സ്വന്തമായി ബാറ്ററി സെല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നത് പരിഗണിക്കുകയാണ്. മാത്രമല്ല, സോളിഡ് സ്‌റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് യുഎസ് കമ്പനിയായ ക്വാണ്ടംസ്‌കേപ്പുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നു.

ഈ വര്‍ഷം വിപണിയിലെത്തിക്കുന്ന ഔഡി ഇ-ട്രോണ്‍, പോര്‍ഷെ ടൈകാന്‍ ഇലക്ട്രിക് മോഡലുകള്‍ക്ക് ഓരോന്നിനും ഇരുപതിനായിരത്തിലധികം വീതം ബുക്കിംഗ് ലഭിച്ചതായി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് അവകാശപ്പെട്ടു. ഫോക്‌സ്‌വാഗണ്‍ ഐ.ഡി. ഹാച്ച്ബാക്കിനുശേഷം എംഇബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഗ്രൂപ്പിലെ മറ്റ് ബ്രാന്‍ഡുകള്‍ വിവിധ മോഡലുകള്‍ പുറത്തിറക്കും. സിയറ്റ് എല്‍-ബോണ്‍, സ്‌കോഡ വിഷന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ എന്നിവ ഇതിലുള്‍പ്പെടും. ജര്‍മ്മന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ഇ.ഗോ മൊബീലിന് എംഇബി പ്ലാറ്റ്‌ഫോം നല്‍കുമെന്ന് ജനീവ മോട്ടോര്‍ ഷോയില്‍ ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിരുന്നു. മറ്റ് കമ്പനികള്‍ക്കും ഇതേ പ്ലാറ്റ്‌ഫോം നല്‍കി പങ്കാളിത്തമാകാമെന്ന നിലപാടിലാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്.

Comments

comments

Categories: Auto