ഇന്ത്യയില്‍ യുഎസ് ആറ് ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കും

ഇന്ത്യയില്‍ യുഎസ് ആറ് ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കും

ദശാബ്ദമായി തടസപ്പെട്ടു കിടന്ന ഇടപാട് പുനരുജ്ജീവിപ്പിച്ചു; യുഎസ് കമ്പനിയായ വെസ്റ്റിംഗ്ഹൗസ് പ്ലാന്റുകള്‍ സ്ഥാപിക്കും

വാഷിംഗ്ടണ്‍: ആറ് ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യയും യുഎസും തമ്മില്‍ ധാരണയായി. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യുഎസ് ആയുധ നിയന്ത്ര, രാജ്യാന്തര സുരക്ഷാകാര്യ സെക്രട്ടറി ആന്‍ഡ്രിയ തോംപ്‌സണും തമ്മില്‍ വാഷിംഗ്ടണില്‍ രണ്ടു ദിവസമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. 2024 ഓടെ ആണവ ശേഷി മൂന്നിരട്ടി വര്‍ധിപ്പിച്ച്, ഫോസില്‍ ഇന്ധന മലിനീകരണം കുറയ്ക്കാനാണ് ഇന്ത്യയുടെ ശ്രമം. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗ രാഷ്ട്രമായ ഇന്ത്യയ്ക്ക് കൂടുതല്‍ ഊര്‍ജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ട്രംപ് ഭരണകൂടവും പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്.

പതിറ്റാണ്ടിലധികമായി ഇരുരാജ്യങ്ങളും നടത്തിവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ നിര്‍ണായക ധാരണയിലെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ആണവ ബാധ്യത ചട്ടങ്ങളും അന്താരാഷ്ട്ര നയങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളാണ് ഇക്കാര്യത്തില്‍ പ്രധാനമായും തടസം സൃഷ്ടിച്ചിരുന്നത്. ആണവ നിലയങ്ങളിലെ അപകടങ്ങളുടെ ബാധ്യത പ്ലാന്റ് നിര്‍മ്മാതാക്കള്‍ക്കല്ല, ഓപ്പറേറ്റര്‍ക്കാണ് എന്ന വ്യവസ്ഥ ഇന്ത്യ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

പിറ്റ്‌സ്ബര്‍ഗ് ആസ്ഥാനമായ വെസ്റ്റിംഗ്ഹൗസ് ഇന്ത്യയില്‍ ആണവറിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ ഏതാനും വര്‍ഷം മുന്‍പ് ആരംഭിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ കടുത്ത നിയമങ്ങളും 2017 ല്‍ വെസ്റ്റിംഗ്ഹൗസിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയെ പിന്നോട്ടടിപ്പിച്ചു. 2018 ഓഗസ്റ്റില്‍ തോഷിബയില്‍ നിന്ന് വെസ്റ്റിംഗ്ഹൗസിനെ കാനഡയുടെ ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് വാങ്ങി. യുഎസ് ഊര്‍ജ സെക്രട്ടറി റിക്ക് പെറിയില്‍ നിന്നും പിന്തുണ ലഭിച്ചതോടെ കമ്പനി ഉയിര്‍ത്തെഴുനേറ്റു. ആന്ധ്രാപ്രദേശില്‍ ആറ് എപി1000 റിയാക്ടറുകള്‍ നിര്‍മ്മിക്കാനാണ് കമ്പനിയുടെ പദ്ധതി. ആറ് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ റഷ്യയുമായും കഴിഞ്ഞ ഒക്‌റ്റോബറില്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടിരുന്നു.

Comments

comments

Categories: FK News