ഒക്‌റ്റോബറില്‍ മാനം തൊടാനൊരുങ്ങി യുഎഇയിലെ ആദ്യ ഇലക്ട്രിക് വിമാനം

ഒക്‌റ്റോബറില്‍ മാനം തൊടാനൊരുങ്ങി യുഎഇയിലെ ആദ്യ ഇലക്ട്രിക് വിമാനം

അന്തരീക്ഷ മലിനീകരണമില്ല, ശബ്ദ മലിനീകരണമില്ല, തികച്ചും സുരക്ഷിതവും

അബുദബി പശ്ചിമേഷ്യയിലെ ആദ്യ ഇലക്ട്രിക് വിമാനം ഒക്ടോബറോടെ പ്രവര്‍ത്തന സജ്ജമാകും. ടെക്‌നിക്കല്‍ ട്രെയിനിംഗ് അക്കാദമി(എടിടി) നിര്‍മ്മിക്കുന്ന ആല്‍ഫ ഇലക്ട്രോ എന്ന വിമാനം അല്‍പം പോലും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. നിര്‍മ്മാണം പൂര്‍ത്തിയായി ഒക്ടോബറോടെ പണയത്തിന് ലഭ്യമാകുന്ന ഈ വിമാനം പറത്താനുള്ള ലൈസന്‍സ് പതിനാല് വയസ് മുതലുള്ളവര്‍ക്ക് ലഭിക്കുമെന്ന് എടിടി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗന്തൂത്തിലെ ഫ്‌ളൈറ്റ് ക്ലബ്ബില്‍ പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ആല്‍ഫ ഇലക്ട്ര പറത്താനുള്ള ലൈസന്‍സ് ലഭിക്കുക. സ്ലൊവേനിയന്‍ നിര്‍മ്മിത എയര്‍ഫ്രയിം ഉള്ള ഈ ഇലക്ട്രിക് വിമാനം പരിശീലനത്തിനും മറ്റ് ഫഌയിംഗ് ഓപ്പറേഷനുകള്‍ക്ക് വേണ്ടിയും ഉപയോഗിക്കാം. ബാറ്ററികളും എഞ്ചിനും അടക്കം വിമാനത്തിന്റെ എല്ലാ ഭാഗങ്ങളും യുഎഇയില്‍ വച്ചാണ് സംയോജിക്കപ്പെട്ടതെന്ന് എടിടി ചെയര്‍മാന്‍ ലഹെജ് അല്‍ ഫലസി വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദമായ ആല്‍ഫ ഇലക്ട്രോ അല്‍പം പോലും കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തേക്ക് തള്ളില്ലെന്ന് മാത്രമല്ല വളരെ കുറച്ച് ശബ്ദം മാത്രമേ പുറപ്പെടുവിക്കുകയുള്ളു.

400,000 അബുദബി ദിര്‍ഹം വിലമതിക്കുന്ന ആല്‍ഫ ഇലക്ട്രോ വിമാനത്തിന് രണ്ട് ലിതിയം ബാറ്ററികള്‍ ഉപയോഗിച്ച് 13,000 അടി ഉയരത്തില്‍ 90 മിനിട്ട് പറക്കാന്‍ കഴിയും. അടിയന്തര ഘട്ടങ്ങളില്‍ 30 മിനിട്ട് അധികം പറക്കാന്‍ പറ്റാവുന്ന തരത്തിലാണ് ബാറ്ററികളില്‍ ഒരെണ്ണം സജ്ജീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ പരമാവധി 180 കി.മീ വേഗതയിലാണ് വിമാനം പറക്കുക.

വളരെ ശാന്തമായ ലാന്‍ഡിംഗിനും ടേക്ക് ഓഫിനും അനുവദിക്കുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതിക വിദ്യയാണ് വിമാനം ഉപയോഗിക്കുന്നത്. വ്യോമയാന രംഗത്ത് ആല്‍ഫ ഇലക്ട്ര വളരെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അല്‍ ഫലസി പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎഇ, യുഎസ്, ജര്‍മ്മനി എന്നിവിടങ്ങളിലെ പരീക്ഷണപ്പറക്കലുകള്‍ക്ക് ശേഷം വിമാനത്തിന് അന്താരാഷ്ട്ര ലൈസന്‍സ് ലഭിച്ചതായും അദ്ദേഹം അറിയിച്ചു. തികച്ചും സുരക്ഷിതമായ ഈ വിമാനം മനുഷ്യകുലത്തിന് എമിറാറ്റികള്‍ നല്‍കുന്ന വലിയ സംഭാവനയാണെന്നും ഇതില്‍ യുഎഇയ്ക്ക് ഏറെ അഭിമാനിക്കാമെന്നും അല്‍ ഫലസി അഭിപ്രായപ്പെട്ടു.

Comments

comments

Categories: Arabia

Related Articles