ചന്ദ്രനില്‍ വെന്നിക്കൊടി പാറിക്കാന്‍ ടൊയോട്ട ഓഫ് റോഡര്‍

ചന്ദ്രനില്‍ വെന്നിക്കൊടി പാറിക്കാന്‍ ടൊയോട്ട ഓഫ് റോഡര്‍

ജാപ്പനീസ് ബഹിരാകാശ എജന്‍സിയുടെ ചാന്ദ്രദൗത്യത്തില്‍ ടൊയോട്ട പങ്കാളിയാകും

ടോക്കിയോ : ജാപ്പനീസ് ബഹിരാകാശ പര്യവേക്ഷണ എജന്‍സിയുടെ ചാന്ദ്രദൗത്യത്തില്‍ ടൊയോട്ട പങ്കാളിയാകും. ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയും (ജാക്‌സ) ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും ഇതുസംബന്ധിച്ച കരാര്‍ പ്രഖ്യാപിച്ചു. 2029 ലാണ് ജാക്‌സയുടെ ചാന്ദ്രദൗത്യം. മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചാന്ദ്രദൗത്യത്തിന് സഹകരിക്കുന്നതിന്റെ സാധ്യതകളാണ് ജാക്‌സയും ടൊയോട്ടയും പരിശോധിക്കുന്നത്. മനുഷ്യനെ വഹിക്കുന്ന, സമ്മര്‍ദ്ദിത റോവര്‍ എന്ന കണ്‍സെപ്റ്റുമായി ബന്ധപ്പെട്ട് 2018 മെയ് മാസം മുതല്‍ ടൊയോട്ടയും ജാക്‌സയും സംയുക്തമായി പഠനം നടത്തിവരികയാണ്.

ജാപ്പനീസ് ബഹിരാകാശ എജന്‍സിയെ സഹായിക്കുന്നതിനാണ് ടൊയോട്ട പുതിയ ഓഫ് റോഡര്‍ വികസിപ്പിക്കുന്നത്. ചാന്ദ്രയാത്രികരെ ഇരുത്തി ടൊയോട്ട റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കും. ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വാഹനമായിരിക്കും (എഫ്‌സിഇവി) ടൊയോട്ടയുടെ മൂണ്‍ റോവര്‍. ചന്ദ്രോപരിതലത്തില്‍ പതിനായിരം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ഓഫ് റോഡറിന് കഴിയും. ഭൂമിയിലെ നിരത്തുകള്‍ കീഴടക്കിയ ടൊയോട്ട ഇനി ചന്ദ്രനില്‍ വിജയപതാക പാറിക്കും.

ആറ് മീറ്റര്‍ നീളവും 5.2 മീറ്റര്‍ വീതിയും 3.8 മീറ്റര്‍ ഉയരവും ഉള്ളതായിരിക്കും കാബിന്‍ സമ്മര്‍ദ്ദിതമാക്കിയ റോവര്‍. അതായത് രണ്ട് മൈക്രോബസ്സുകളുടെ വലുപ്പം. പതിമൂന്ന് ഘന മീറ്ററായിരിക്കും വാഹനത്തിനകത്ത് ചാന്ദ്രയാത്രികര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സ്ഥലസൗകര്യം. ടൊയോട്ടയുടെ സ്‌പേസ് മൊബിലിറ്റി കണ്‍സെപ്റ്റിന് രണ്ട് പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. അടിയന്തര സാഹചര്യങ്ങളില്‍ നാല് പേര്‍ക്കു വരെ. ചാന്ദ്രയാത്രികര്‍ക്ക് റോവറിനകത്തെ വിശാലമായ കാബിനില്‍ കൂടുതല്‍ സമയം പര്യവേക്ഷണം നടത്താന്‍ കഴിയുമെന്നതാണ് ജാക്‌സയുടെ ചാന്ദ്രദൗത്യത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

Comments

comments

Categories: Auto
Tags: Space, Toyota