സ്‌പെഷല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ് ഇന്ന് മുതല്‍; തയ്യാറെടുപ്പുകളുമായി അബുദബി

സ്‌പെഷല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ് ഇന്ന് മുതല്‍; തയ്യാറെടുപ്പുകളുമായി അബുദബി

ആദ്യമായാണ് പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയില്‍ സ്‌പെഷല്‍ ഒളിമ്പിക്‌സ് നടത്തപ്പെടുന്നത്

അബുദബി: സെപ്ഷല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസിന് അബുദബിയില്‍ ഇന്ന് തുടക്കമാകും. കായികതാരങ്ങളും പരിശീലകരും ഉള്‍പ്പടെ പതിനായിരത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും. അബുദബിയില്‍ ഒമ്പതോളം വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക(മെന)മേഖലയില്‍ ആദ്യമായി നടത്തപ്പെടുന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ 24 വ്യക്തിഗത, ടീം മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി 190 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഏകദേശം 7,500 കായികതാരങ്ങള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കായികതാരങ്ങള്‍ക്കൊപ്പം 3,000 പരിശീലകരകരും പരിപാടിയില്‍ പങ്കെടുക്കും.

പ്രധാന ഇന്‍ഡോര്‍ വേദിയായ അബുദബി നാഷ്ണല്‍ എക്‌സിബിഷന്‍സ് സെന്ററില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി അബുദബി നാഷ്ണല്‍ എക്‌സിബിഷന്‍സ് കമ്പനി(അഡ്‌നെക്) അറിയിച്ചു. ബാറ്റ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ജൂഡോ, ടേബിള്‍ ടെന്നീസ്, വോളിബോള്‍ അടക്കം 11 ഇന്‍ഡോര്‍ മത്സരങ്ങളാണ് ഇവിടെ നടക്കുക. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തിയതായി അഡ്‌നെക് പറഞ്ഞു.

ഉദ്ഘാടന, സമാപന പരിപാടികള്‍ സയ്യിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് നടക്കുക. ഇവിടെ വിവിധ ഔട്ട്‌ഡോര്‍ മത്സരങ്ങളും നടക്കും. യാസ് മറീനയിലെ അബുദബി സെയിലിംഗ് ആന്‍ഡ് യാച്ച് ക്ലബ്ബ്, യാസ് മറീന സെര്‍ക്യൂട്ട്, യാസ് ലിങ്ക്‌സ് അബുദബി, അല്‍ ഫോര്‍സാന്‍ ഇന്റെര്‍നാഷ്ണല്‍ സ്‌പോര്‍ട്‌സ് റിസോര്‍ട്ട്, അബുദബി കോര്‍ണിഷ്, ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ്, പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബ് സ്റ്റേഡിയം എന്നിവയാണ് മറ്റ് വേദികള്‍. എല്ലാ വേദികളിലും പ്രവേശനം സൗജന്യമാണ്.

1968ല്‍ ആരംഭിച്ച സ്‌പെഷല്‍ ഒളിമ്പിക്‌സ് മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വേദിയാണ്. 172 ഓളം രാജ്യങ്ങൡ നിന്നുള്ള 50 ലക്ഷത്തോളം കായിക താരങ്ങള്‍ക്കാണ് ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തോളം നീണ്ട് നില്‍ക്കുന്ന പരിശീലനം നല്‍കുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും ഒളിമ്പിക് മത്സരങ്ങള്‍ നടക്കുന്ന അതേ വര്‍ഷമോ അല്ലെങ്കില്‍ അതിനോട് അനുബന്ധിച്ചോ ഇന്നേവരെ സെപ്ഷല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ് നടത്തപ്പെട്ടിട്ടില്ല.

Comments

comments

Categories: Arabia