റീട്ടെയ്ല്‍ പണപ്പെരുപ്പം നാല് മാസത്തെ ഉയരത്തില്‍

റീട്ടെയ്ല്‍ പണപ്പെരുപ്പം നാല് മാസത്തെ ഉയരത്തില്‍
  • വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച ഡിസംബറിലെ 2.6 ശതമാനത്തില്‍ നിന്നും ജനുവരിയില്‍ 1.7 ശതമാനമായി ചുരുങ്ങി
  • റീട്ടെയ്ല്‍ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 2.57 ശതമാനമായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച ഡിസംബറിലെ 2.6 ശതമാനത്തില്‍ നിന്നും ജനുവരിയില്‍ 1.7 ശതമാനമായി ചുരുങ്ങിയതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട്. ഉല്‍പ്പാദന മേഖലയിലെ തളര്‍ച്ചയാണ് രാജ്യത്തെ മൊത്തം വ്യാവസായിക ഉല്‍പ്പാദനത്തില്‍ പ്രതിഫലിച്ചത്. വ്യാവസായിക ഉല്‍പ്പാദന സൂചികയില്‍ (ഐഐപി) 77.63 ശതമാനം പങ്കുവഹിക്കുന്ന ഉല്‍പ്പാദന മേഖലയിലെ ജനുവരിയിലെ വളര്‍ച്ച 1.3 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 7.5 ശതമാനമായിരുന്നു വളര്‍ച്ച. വൈദ്യുതി ഉല്‍പ്പാദനത്തില്‍ വെറും 0.8 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണ് ജനുവരിയില്‍ ഉണ്ടായത്.

ഖനന മേഖലയിലെ ഉല്‍പ്പാദനം ഇക്കാലയളവില്‍ 3.9 ശതമാനം വര്‍ധിച്ചു. കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് ഉല്‍പ്പാദനം 1.8 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 7.6 ശതമാനം ഉല്‍പ്പാദന വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വ്യാവസായിക മേഖലയിലെ 23 വിഭാഗങ്ങളില്‍ 11ലും വളര്‍ച്ച രേഖപ്പെടുത്തി. എട്ട് പ്രധാന വ്യാവസായിക മേഖലകളിലെ സംയോജിത വളര്‍ച്ച ജനുവരിയില്‍ 1.8 ശതമാനമായി ചുരുങ്ങി. 19 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്.

നാലാം പാദത്തിലെ ഏറ്റവും മോശം തുടക്കമാണ് ജനുവരിയിലെ വ്യാവസായിക ഉല്‍പ്പാദന കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ പാദത്തില്‍ പ്രതീക്ഷതിനേക്കാള്‍ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം രേഖപ്പെടുത്തിയിരുന്നത്, 6.6 ശതമാനം. ആറ് പാദത്തിനിടെ ഇന്ത്യ കുറിക്കുന്ന ഏറ്റവും മോശം സാമ്പത്തിക വളര്‍ച്ചയാണിത്. അതേസമയം, ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 4.4 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ഇത് 4.1 ശതമാനമായിരുന്നു.

ഫെബ്രുവരി മാസത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയിലെ 1.97 ശതമാനത്തില്‍ നിന്നും ഫെബ്രുവരിയില്‍ 2.57 ശതമാനമായി ഉയര്‍ന്നു. നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. ഭക്ഷ്യ വിലക്കയറ്റം ജനുവരിയിലെ 2.24 ശതമാനത്തില്‍ നിന്നും ഫെബ്രുവരിയില്‍ 0.66 ശതമാനമായി കുറഞ്ഞെങ്കിലും ഭക്ഷ്യേതര-സേവന മേഖലകളിലെ പണപ്പെരുപ്പമാണ് മൊത്തം റീട്ടെയ്ല്‍ പണപ്പെരുപ്പം ഉയരാന്‍ കാരണമായത്.

അതേസമയം, കേന്ദ്ര ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തില്‍ താഴെയായി റീട്ടെയ്ല്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ഫെബ്രുവരിയിലും സാധിച്ചു. തുടര്‍ച്ചയായി ഏഴാമത്തെ മാസമാണ് പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിലനിര്‍ത്താനാകുന്നത്. ഇത് അടുത്ത നയപ്രഖ്യാപനത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാധ്യതകള്‍ തുറക്കുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന ധനനയ അവലോകന യോഗത്തില്‍ ആര്‍ബിഐ പലിശ നിരക്കില്‍ 25 ബോസിസ് പോയ്ന്റിന്റെ കുറവ് വരുത്തിയിരുന്നു. അടുത്ത യോഗം നടക്കുന്നത് ഏപ്രില്‍ 2-4 തിയതികളിലാണ്. ഇത്തവണയും പലിശ നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഐസിഐ ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഗ്രൂപ്പ് വിഭാഗം മേധാവി ബി പ്രസന്ന പറഞ്ഞു.

Comments

comments

Categories: Business & Economy