സ്വകാര്യ കമ്പനികളുടെ മൂലധന ചെലവിടല്‍ കുറയുന്നു

സ്വകാര്യ കമ്പനികളുടെ മൂലധന ചെലവിടല്‍ കുറയുന്നു

തുടര്‍ച്ചയായി ഏഴാമത്തെ വര്‍ഷമാണ് നിക്ഷേപ പദ്ധതികളില്‍ സ്വകാര്യ കമ്പനികള്‍ പിശുക്ക് കാണിക്കുന്നത്

ന്യൂഡെല്‍ഹി: നിക്ഷേപ കാര്യങ്ങളില്‍ സ്വകാര്യ കമ്പനികള്‍ വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ കോര്‍പ്പറേറ്റുകളുടെ നിക്ഷേപ പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷവും (2017-2018) ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം പറയുന്നത്. തുടര്‍ച്ചയായി ഏഴാമത്തെ വര്‍ഷമാണ് നിക്ഷേപ പദ്ധതികളില്‍ സ്വകാര്യ കമ്പനികള്‍ പിശുക്ക് കാണിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച ഇടിയുന്നതും പദ്ധതികളുടെ മോശം മൂല്യനിര്‍ണ്ണയവും വലിയ കോര്‍പ്പറേറ്റ് സമ്മര്‍ദ്ദവുമാണ് സ്വകാര്യ കമ്പനികളുടെ മൂലധന നിക്ഷേപം കുറയാനുള്ള മൂന്ന് കാരണങ്ങളായി കേന്ദ്ര ബാങ്ക് പറയുന്നത്. പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പരാജയപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായി പദ്ധതികളില്‍ കുടുങ്ങിക്കിടക്കുന്ന ബാങ്കുകളുടെ വായ്പാ തുക മൂന്ന് മടങ്ങ് വര്‍ധിച്ച് പത്ത് ലക്ഷം കോടി രൂപയിലധികമായതായും ആര്‍ബിഐ ചൂണ്ടിക്കാട്ടി.

2010-2011 സാമ്പത്തിക വര്‍ഷത്തിനുശേഷം തുടര്‍ച്ചയായി സ്വകാര്യ കമ്പനികളുടെ നിക്ഷേപങ്ങളില്‍ ഇടിവുണ്ടായിട്ടുണ്ട്. 3,70,600 കോടി രൂപയുടെ മൂലധന പദ്ധതികളാണ് സ്വകാര്യ കോര്‍പ്പറേറ്റുകള്‍ 2010-2011ല്‍ ആസൂത്രണം ചെയ്തത്. 2013-2014 സാമ്പത്തിക വര്‍ഷം 2,69,900 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ കമ്പനികള്‍ ഏറ്റെടുത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് വീണ്ടും ചുരുങ്ങി 1,48,700 കോടി രൂപയിലെത്തി. 44.90 ഇടിവാണ് ഇക്കാലയളവില്‍ നിക്ഷേപ പദ്ധതികളില്‍ ഉണ്ടായതെന്നും കേന്ദ്ര ബാങ്ക് പറയുന്നു.

2017-2018ലെ മൊത്തം നിക്ഷേപത്തില്‍ 80,200 കോടി രൂപ പുതുപദ്ധതികള്‍ക്കായുള്ളതാണ്. തുടര്‍ച്ചയായി സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയിലെ മൂലധന ചെലവിടല്‍ പദ്ധതികളില്‍ ഇടിവ് രേഖപ്പെടുത്തുന്ന ഏഴാമത്തെ വര്‍ഷമാണിതെന്നും ആര്‍ബിഐ പറഞ്ഞു. അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ അനുവദിച്ചിട്ടുള്ള പദ്ധതികളുടെ പിന്‍ബലത്തില്‍ കമ്പനികളുടെ മൂലധന ചെലവിടലില്‍ നേരിയ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നിര്‍മാണത്തിലുള്ള പദ്ധതികളും ഇതിന് സഹായിക്കും. ഭാവിയില്‍ നിക്ഷേപ പദ്ധതികള്‍ക്ക് വേഗം കൂടും. ഇടക്കാലാടിസ്ഥാനത്തില്‍ നിക്ഷേപ പദ്ധതികളില്‍ വീണ്ടെടുപ്പ് പ്രകടമാകുമെന്നും ആര്‍ബിഐ പഠനത്തില്‍ വ്യക്തമാക്കി.

കമ്പനികളുടെ പണമൊഴുക്ക് ഇങ്ങനെ

  • 2010-2011 സാമ്പത്തിക വര്‍ഷം 3,70,600 കോടി രൂപയുടെ നിക്ഷേപം ആസൂത്രണം ചെയ്തു
  • 2013-2014ല്‍ നിക്ഷേപ പദ്ധതികളുടെ മൂല്യം 2,69,900 കോടി രൂപയായി ചുരുങ്ങി
  • 2017-2018ല്‍ മൂലധന ചെലവിടല്‍ വീണ്ടും കുറഞ്ഞ് 1,48,700 കോടി രൂപയായി

Comments

comments

Categories: Business & Economy, Slider
Tags: capital