മഷ്‌റെക് 50% ബ്രാഞ്ചുകള്‍ പൂട്ടുന്നു; പിരിച്ചുവിടലിന് സാധ്യതയില്ലെന്ന് ബാങ്ക് സിഇഒ

മഷ്‌റെക് 50% ബ്രാഞ്ചുകള്‍ പൂട്ടുന്നു; പിരിച്ചുവിടലിന് സാധ്യതയില്ലെന്ന് ബാങ്ക് സിഇഒ

പരമ്പരാഗത ബ്രാഞ്ചുകളില്‍ നടത്തിയിരുന്ന ഇടപാടുകള്‍ ഡിജിറ്റല്‍ ബ്രാഞ്ചുകളിലും നടത്താം

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്‌റെഖ് ബാങ്ക് യുഎഇയിലെ പകുതിയോളം ബ്രാഞ്ചുകള്‍ പൂട്ടാനൊരുങ്ങുന്നു.ഡിജിറ്റല്‍വല്‍കരണത്തിന്റെ ഭാഗമായാണ് പരമ്പരാഗത രീതിയിലുള്ള ബ്രാഞ്ചുകള്‍ പൂട്ടുന്നതെന്ന് ബാങ്ക് സിഇഒ അറിയിച്ചു.

മഷ്‌റെഖ് ബാങ്കിന്റെ 25ഓളം ബ്രാഞ്ചുകള്‍ക്കാണ് ഈ വര്‍ഷം പൂട്ട് വീഴാനൊരുങ്ങുന്നത്. പരമ്പരാഗത രീതിയിലുള്ള ബ്രാഞ്ചുകളെ ഡിജിറ്റല്‍ ബ്രാഞ്ചുകളായി പരിവര്‍ത്തനം ചെയ്യുകയാണ് ചെയ്യുന്നതെന്ന് മഷ്‌റെഖ് ഗ്രൂപ്പ് സിഇഒയും യുഎഇ ബാങ്കിംഗ് ഫെഡറേഷന്‍ ചെയര്‍മാനുമായ അബ്ദുള്‍ അസീസ് അല്‍ ഗുരൈര്‍ പറഞ്ഞു. സാധാരണ ബ്രാഞ്ചുകളില്‍ ചെയ്തിരുന്ന എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ബ്രാഞ്ചുകള്‍ വഴി ചെയ്യാമെന്നും അല്‍ ഗുരൈര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബ്രാഞ്ചുകള്‍ പൂട്ടുന്നതിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് വ്യക്തമാക്കിയ അല്‍ ഗുരൈര്‍ അവര്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്ന് അറിയിച്ചു. ‘ഞങ്ങളുടെ ബിസിനസ് വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിനാല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ല. അവര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കും. പുതിയത് സ്വീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ജീവനക്കാര്‍ തന്നെയാണ്. എല്ലാ വ്യക്തികള്‍ക്കും ഞങ്ങള്‍ പുതിയ ജോലികള്‍ നല്‍കും. പക്ഷേ ചിലരത് സ്വീകരിക്കും. മറ്റ് ചിലര്‍ വേറെ അവസരങ്ങള്‍ കണ്ടെത്തും”അല്‍ ഗുരൈര്‍ പറഞ്ഞു.

ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വേണ്ടി അടുത്ത അഞ്ച് വര്‍ഷത്തേക്ക് 500 മില്യണ്‍ ദിര്‍ഹം വകയിരുത്തുമെന്നും അല്‍ ഗുരൈര്‍ പറഞ്ഞു. ”ഞങ്ങളുടെ വളര്‍ച്ച സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്നു. സമ്പദ് വ്യവസ്ഥ വളരുകയാണെങ്കില്‍ ഞങ്ങളും വളരും’ അല്‍ ഗുരൈര്‍ വ്യക്തമാക്കി.

Comments

comments

Categories: Arabia
Tags: Mashreq