കുട്ടികളിലെ വൃക്കരോഗ ലക്ഷണങ്ങള്‍

കുട്ടികളിലെ വൃക്കരോഗ ലക്ഷണങ്ങള്‍

കുട്ടികളിലെ വൃക്കരോഗലക്ഷണങ്ങള്‍ അവഗണിക്കുന്ന പക്ഷം അത് വഷളായി ജീവനു ഭീഷണിയാകാമെന്ന് മുന്നറിയിപ്പ്. കുട്ടികളില്‍ രോഗാവസ്ഥ പെട്ടെന്നു പ്രകടമാകാത്തതിനാല്‍ അവ പൊതുവേ അവഗണിക്കപ്പെടുന്ന പ്രവണതയുണ്ട്. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടം നേരത്തേ മനസിലാക്കാന്‍ കഴിയും. നന്നേ ചെറുപ്രായത്തില്‍ തുടര്‍ച്ചയായി വരാറുള്ള കടുത്ത പനിയും ഛര്‍ദ്ദിലും മൂത്രവിസര്‍ജ്ജനസമയത്തെ വേദനയും പ്രധാന ലക്ഷണങ്ങളാണ്.

കുട്ടികളില്‍ പലപ്പോഴും വൃക്കസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കാണാറുണ്ടെങ്കിലും അവ അവഗണിക്കപ്പെടുകയോ അല്ലെങ്കില്‍ കൂടുതല്‍ പരിശോധന നടത്തുകയോ ചെയ്യാറില്ല. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, വൃക്കരോഗങ്ങള്‍ വളരെ മന്ദഗതിയിലാണു പുരോഗമിക്കുന്നതെന്നതിനാല്‍ കണ്ടെത്തുമ്പോഴേക്കും വളരെ വൈകിപ്പോകുന്നുവെന്നതാണ്. അതിനാല്‍, പ്രാഥമികരോഗനിര്‍ണ്ണയം വളരെ പ്രധാനമാണ്. ഇത് വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കേണ്ടതും ഒട്ടേറെ ശ്രദ്ധയും സൂക്ഷ്മപരിശോധനയും ആവശ്യമായ രോഗമാണ്.

ശിശുരോഗവിദഗ്ധരും പ്രാഥമികപരിശോധന നടത്തുന്ന ഡോക്റ്റര്‍മാരും വൃക്കരോഗം തിരിച്ചറിയുന്നതില്‍ ഇന്നു നിര്‍ണായകപങ്കു വഹിക്കുന്നുണ്ട്. രോഗലക്ഷണങ്ങളുടെ കൃത്യമായ വിലയിരുത്തലിനു പുറമേ, കൃത്യമായ തൂക്കവും സൂക്ഷ്മനിരീക്ഷണവും ഉറപ്പുവരുത്തണം. കൂടാതെ കുട്ടികളുടെ രക്തസമ്മര്‍ദ്ദം വാര്‍ഷിക പരിശോധന എന്നിവ ഉറപ്പാക്കുകയും വേണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. തളര്‍ച്ച, വിശപ്പില്ലായ്മ, അകാരണ വിളര്‍ച്ച, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം കുട്ടികളിലെ വൃക്കരോഗ ലക്ഷണങ്ങളാണ്.

പാരസെറ്റാമോള്‍, വേദനസംഹാരികള്‍, ആന്റിബയോട്ടിക് ഗുളികകളും മരുന്നുകളും വൈദ്യനിര്‍ദേശത്തോടെ മാത്രം കഴിക്കുമെന്ന് ഉറപ്പു വരുത്തുയെന്നത് മാതാപിതാക്കളുടെ സുപ്രധാന കടമയാണ്്. വൃക്കകള്‍ക്ക് ദോഷകരമാവുന്ന, ഇത്തരം മരുന്നുകളുടെ ദുരുപയോഗത്തിനെതിരേ മുന്നറിയിപ്പും ബോധവല്‍ക്കരണവും നല്‍കണം. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളുടെ മരുന്നുപയോഗവും ശ്രദ്ധിച്ചു വേണം. പ്രത്യേകിച്ച് വേദനസംഹാരികളുടെ കാര്യം ശ്രദ്ധിക്കേണ്ടതാണ്, കാരണം അത് ഗര്‍ഭസ്ഥശിശുവിന്റെ വൃക്കകള്‍ക്കു ദോഷകരമാണ്.

വൃക്കരോഗം മനസിലാക്കാനുള്ള ഏറ്റവും ചെലവുകുറഞ്ഞ രീതി മൂത്രപരിശോധനയാണ്. കുട്ടികള്‍ക്കു പനിപിടിച്ചാല്‍, പ്രത്യേകിച്ച് ഒരു വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കില്‍ മൂത്രപരിശോധന നടത്തുകയെന്നത് വളരെ പ്രധാനമാണ്. ഈ പ്രായത്തിലുള്ള കുട്ടികളില്‍ ആണ്‍-പെണ്‍ ഭേദമെന്യേ സമാനമായ മൂത്രാശയരോഗ ബാധകള്‍ കാണപ്പെടാറുണ്ട്. അണുബാധ നിരന്തരം ആവര്‍ത്തിക്കുന്നത് മൂത്രനാളീരോഗങ്ങള്‍ക്ക് കാരണമാവുകയും പതിയെ വൃക്കത്തകരാറുകളിലേക്ക് നയിക്കുകയും ചെയ്യും.

Comments

comments

Categories: Health