ചാഞ്ചാട്ടങ്ങള്‍ക്കിടെ നിക്ഷേപങ്ങളുമായി സുഗമമായി മുന്നേറാം

ചാഞ്ചാട്ടങ്ങള്‍ക്കിടെ നിക്ഷേപങ്ങളുമായി സുഗമമായി മുന്നേറാം

നിക്ഷേപങ്ങളെക്കുറിച്ച്, അത് നടത്തുന്നതിന് മുന്‍പും പിന്നീടും ആശങ്കകള്‍ ഉരുത്തിരിയുന്നത് സ്വാഭാവികമാണ്. പണം നഷ്യപ്പെടുമോയെന്ന ആശങ്ക മനുഷ്യ സഹജവുമാണ്. ആസ്തികള്‍ വിദഗ്ധരുടെ സഹായത്തോടെ വിവിധ മേഖലകളില്‍ നിക്ഷേപിക്കുകയെന്നതാണ് സുരക്ഷിത മാര്‍ഗം. ഇവിടെയാണ് ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടുകളുടെ പ്രാധാന്യം. നഷ്ട സാധ്യതകളെ മറി കടന്ന് മികച്ച രീതിയിലുള്ള നേട്ടം കൈവരിക്കാനാവും വിധത്തില്‍ സ്ഥിരമായ നിരീക്ഷണവും പുനര്‍ സന്തുലനവുമാണ് അവയില്‍ നടത്തുന്നത്. അതുവഴി നിക്ഷേപ അനുഭവം ഏറ്റവും മികച്ചതുമാകും

ജോണ്‍സി ജേക്കബ്

നിക്ഷേപം നടത്തിയ ഉടന്‍ തന്നെ വിപണി താഴേക്കു പോകുമോയെന്നതാണ് നിക്ഷേപത്തിനായി മുന്നോട്ടു വരുന്നവര്‍ പലരും വേവലാതിയോടെ ഉന്നയിക്കുന്ന ഒരു ചോദ്യം. വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ചുള്ള ഭയം പലപ്പോഴും ദീര്‍ഘകാല നിക്ഷേപത്തിനായുള്ള ത്വരയെ ബാധിക്കാറുണ്ട്.

ആസ്തികള്‍ വിവിധ മേഖലകളിലായി നിക്ഷേപിക്കുക എന്നതാണ് വിപണിയുടെ ചാഞ്ചാട്ടത്തെ തുടര്‍ന്നുള്ള നഷ്ട സാധ്യതകളെ പരിമിതപ്പെടുത്താനും അതുവഴി വിജയകരമായ ആസ്തി നിക്ഷേപം സാധ്യമാക്കാനുമുള്ള മാര്‍ഗം. വിപണിയുടെ ഓരോ ഘട്ടത്തിലും സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ മേഖലയിലേയും ആസ്തികള്‍ വ്യത്യസ്തമായാവും നീങ്ങുക. സമയാനുസൃതവും യുക്തിസഹവുമായ രീതിയില്‍ ആസ്തികള്‍ വിവിധ മേഖലകളിലായി വകയിരുത്തുന്നത് നിക്ഷേപ രംഗത്തെ സുഗമമായ യാത്രയ്ക്ക് സഹായകമാകും.

വിപണി എങ്ങനെ മുന്നോട്ടു പോകുമെന്നത് പ്രവചിക്കാനാവില്ല. അതേ സമയം നിക്ഷേപകരുടെ പ്രതികരണങ്ങള്‍ അങ്ങനെയല്ല. ശുഭ പ്രതീക്ഷയായും തുടര്‍ന്ന് അത്യാവേശമായും അതിരു കടന്ന ആഹ്ലാദമായുമെല്ലാം മുന്നോട്ടു പോകുന്ന അവരുടെ യാത്ര, പിന്നീട് ആശങ്കയും ഭയവും ഭീതിയുമെല്ലാമായി മാറും. മറ്റുള്ളവര്‍ ആശങ്കപ്പെടുമ്പോള്‍ നിക്ഷേപകരും ആശങ്കപ്പെടും. മറ്റുള്ളവര്‍ അത്യാഗ്രഹികളാകുമ്പോള്‍ നിക്ഷേപകരും അത്യാഗ്രഹികളാകും. നിക്ഷേപകര്‍ എന്താണോ ചെയ്യേണ്ടത്, അതിനു തികച്ചും വിപരീതമാണിത്. നിക്ഷേപകരുടെ യാത്ര സുഗമമാക്കുന്നതിനു വേണ്ടിയുള്ള ആസ്തി വകയിരുത്തലുകളാണ് ജനപ്രിയവും സൗകര്യപ്രദവുമായ മ്യൂചല്‍ ഫണ്ട് പദ്ധതികള്‍ നടത്തി വരുന്നത്.

ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് വിവിധ ഗുണങ്ങളാണു നല്‍കുന്നത്. വിവിധ വിഭാഗങ്ങളിലായുള്ള വൈവിധ്യവല്‍ക്കരണം അവ സാധ്യമാക്കുന്നു. നഷ്ട സാധ്യതകളെ മറി കടന്ന് മികച്ച രീതിയിലുള്ള നേട്ടം കൈവരിക്കാനാവും വിധത്തില്‍ സ്ഥിരമായ നിരീക്ഷണവും പുനര്‍ സന്തുലനവുമാണ് അവയില്‍ നടത്തുന്നത്. അതുവഴി നിക്ഷേപ അനുഭവം ഏറ്റവും മികച്ചതുമാകും. പണപ്പെരുപ്പത്തെ മറി കടക്കാനാവാത്ത പരമ്പരാഗത നിക്ഷേപ പദ്ധതികളേക്കാള്‍ മികച്ച നേട്ടമുണ്ടാക്കും വിധം ഇന്‍ഡക്സേഷന്‍ നേട്ടങ്ങളും ഡെറ്റ് ടാക്സേഷനും ലഭ്യമാക്കുന്നവയാണ് ഇവയില്‍ ചില പദ്ധതികള്‍ എന്നതും ഏറെ പ്രധാനപ്പെട്ടതാണ്.

ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ ശാസ്ത്രീയ രീതികള്‍ പിന്തുടരുന്നതാണ് ഗുണകരമാകുന്നത്. മാനവിക വികാരങ്ങളെ മറി കടന്ന് മികച്ച രീതിയില്‍ മുന്നേറാന്‍ ഇതു സഹായകമാകും. കുറഞ്ഞ നിലയില്‍ വാങ്ങി ഉയര്‍ന്ന നിലയില്‍ വില്‍ക്കുക എന്ന തത്വമാണ് ഇവിടെ കൂടുതല്‍ അച്ചടക്കത്തോടെ മുന്നേറാന്‍ വഴിയൊരുക്കുന്നത്. ഉദാഹരണമായി കടപ്പത്ര മേഖലയുടേയും ഓഹരി മേഖലയുടേയും നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് അലോക്കേറ്റര്‍ ഫണ്ട് ലക്ഷ്യമിടുന്നത്. ആവശ്യാനുസരണം ഓഹരി മേഖലയില്‍ 0 മുതല്‍ 100 ശതമാനം വരേയും അതേ രീതിയില്‍ കടപ്പത്ര മേഖലയില്‍ 0 മുതല്‍ 100 ശതമാനം വരേയും സാഹചര്യത്തിന്റെ സവിശേഷതകളനുസരിച്ച് നിക്ഷേപം നടത്താനാവും. വിദഗ്ദ്ധരായ ഫണ്ട് മാനേജര്‍മാര്‍ ഈ പദ്ധതി സജീവമായി ആസൂത്രണം ചെയ്യുകയും ഓഹരി, കടപ്പത്ര, പണ മേഖലകളില്‍ തങ്ങളുടേതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുകയുമാണു ചെയ്യുന്നത്. ഈ തന്ത്രത്തിനുള്ള അംഗീകാരത്തിന്റെ സാക്ഷ്യപത്രമെന്നോണം എട്ടില്‍ ഏഴു വര്‍ഷങ്ങളിലും ഈ മാതൃക ഹൈബ്രിഡ് ഫണ്ടുകളെ അപേക്ഷിച്ച് നേട്ടമുണ്ടാക്കി.

വിവിധ നിക്ഷേപ മേഖലകള്‍ക്കിടയില്‍ ശാസ്ത്രീയ മാതൃകകളുടെ അടിസ്ഥാനത്തില്‍ ആസ്തികള്‍ വകയിരുത്താന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ വിപണിയുടെ ചാഞ്ചാട്ടത്തെ മറികടന്നു നേട്ടമുണ്ടാക്കാനാവും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിക്ഷേപത്തില്‍ നിന്നുള്ള മൊത്തം നേട്ടവും വൈവിധ്യവല്‍ക്കരണവും വിപുലമാക്കാന്‍ ഇത് സഹായിക്കും. വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ച് നിക്ഷേപകനെന്ന നിലയിലുള്ള ആശങ്ക ഒഴിവാക്കുക മാത്രമല്ല, വിപണിയുടെ നില എന്തായാലും പരിഭ്രമമില്ലാതെ നിക്ഷേപിക്കാനുമുള്ള അവസരം കൂടിയാണ് ഇപ്രകാരം തുറന്നു കിട്ടുന്നത്.

(തിരുകൊച്ചി ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറാണ് ലേഖകന്‍)

Categories: FK Special, Slider
Tags: investments