അശ്വഗന്ധത്തിന്റെ ഔഷധ ഗുണങ്ങള്‍

അശ്വഗന്ധത്തിന്റെ ഔഷധ ഗുണങ്ങള്‍

ഹൃദയത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അശ്വഗന്ധ

ആയുര്‍വേദം ചികില്‍സയിലെ അവശ്യഘടകമാണ് അശ്വഗന്ധ. അശ്വഗന്ധയുടെ ഉപയോഗം പ്രമേഹം, രക്തസമ്മര്‍ദ്ദം, വാതരോഗങ്ങള്‍, വിഷാദരോഗം എന്നിവയെ തടയുന്നു. ഇന്ത്യന്‍ ജിന്‍സെംഗ് (വേര്), വിന്റര്‍ ചെറി എന്നും ഈ അല്‍ഭുതസസ്യം അറിയപ്പെടുന്നു. പ്രധാനമായും അതിന്റെ വേരുകളിലാണ് ഔഷധഗുണമുള്ളത്. ശരീരവേദന മുതല്‍ മാനസികരോഗങ്ങള്‍ വരെ ഭേദപ്പെടുത്താന്‍ കഴിയുന്ന മരുന്നാണിത്. ദൈനംദിന ജീവിതത്തില്‍ ഇത് ഉള്‍പ്പെടുത്തിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും.

സമ്മര്‍ദ്ദത്തില്‍ നിന്ന് ആശ്വാസം

മനുഷ്യശരീരത്തിലെ അഡ്രിനാലിന്‍ ഗ്രന്ഥികളെ പിന്തുണയ്ക്കുന്ന ഔഷധമാണ് അശ്വഗന്ധ. നമുക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാകുമ്പോഴും ദുഃഖം വരുമ്പോഴും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ ആണ് അഡ്രിനാലിന്‍. സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശരീരത്തിന്റെ ഉല്‍പ്പാദനക്ഷമത കുറയുകയും സമ്മര്‍ദ്ദം വീണ്ടും ഉയരുകയും ചെയ്യുന്നു. അതില്‍ നിന്ന് ശരീരത്തെ മോചിപ്പിക്കാനും നിങ്ങളുടെ സമ്മര്‍ദ്ദം താഴ്ത്തിക്കൊണ്ടു വരാനും അശ്വഗന്ധ, ശരീരത്തെ സഹായിക്കുന്നു. ശരീരത്തില്‍ സമ്മര്‍ദ്ദം കുറയ്ക്കാനും സ്റ്റിറോയ്ഡ് ഹോര്‍മോണുകളായ കാര്‍ട്ടിസോള്‍ നില താഴ്ത്താനും ഇത് സഹായിക്കുന്നു.

മെച്ചപ്പെട്ട മാനസികാവസ്ഥ

ഇന്ത്യന്‍ ജിന്‍സെംഗ് അഥവാ വേരുചെടി എന്നറിയപ്പെടുന്ന അശ്വഗന്ധയ്ക്ക് നാഡീരോഗങ്ങളെ ചെറുക്കാനുള്ള ശേഷിയുണ്ട്. ഓര്‍മശക്തിയും തലച്ചോറിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ ഈ സസ്യത്തിനു കഴിയുമെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇത് ആന്റി ഓക്‌സിഡന്റുകള്‍ ഉല്‍പ്പാദിപ്പിക്കുകയും നാഡീതളര്‍ച്ച തടയുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രവര്‍ത്തനക്ഷമതയും പ്രതികരണശേഷിയും വര്‍ധിപ്പിക്കുന്നു. മെച്ചപ്പെട്ട മനസികനില ഉളവാക്കുന്ന ആയുര്‍വ്വേദ ഔഷധമാണ് അശ്വഗന്ധ എന്നു പറയാം.

ശക്തി വര്‍ദ്ധിനി

ഊര്‍ജദായകമായ ഔഷധമാണ് അശ്വഗന്ധ. കായികതാരങ്ങള്‍ ശക്തിയും ഓജസും വീണ്ടെടുക്കാനിത് സേവിക്കാറുണ്ട്. രാസവസ്തുക്കളുടെ സഹായമില്ലാതെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്. കൂടാതെ ശാരീരികവും മാനസികവുമായ ഊര്‍ജവും നല്‍കുന്നു. ഊര്‍ജം നേടാന്‍ ഉപയോഗിക്കുന്ന കൃത്രിമ ഫുഡ് സപ്ലിമെന്റുകള്‍ക്ക് തികഞ്ഞ പ്രകൃതിദത്ത ബദലാണിത്. പരിസ്ഥിതിക്ക് അനുയോജ്യമായി ശരീരത്തെ പരുവപ്പെടുത്താന്‍ സഹായിക്കുന്നതിലൂടെ ഇത് തീവ്രമായ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിനു സംഭവിക്കുന്ന ധാതുനഷ്ടം കുറയ്ക്കുന്നു. അശ്വഗന്ധ ഉപയോഗിക്കുമ്പോള്‍ ഊര്‍ജം വീണ്ടെടുക്കാനെടുക്കുന്ന സമയവും കുറവാണ്, അതിനാല്‍, ഉപഭോക്താവിന് ക്ഷീണം അനുഭവപ്പെടുന്നത് കുറയുകയും അതിവേഗം നഷ്ടപ്പെട്ട ഓജസ് വീണ്ടെടുക്കാനും കഴിയുന്നു.

ഉല്‍ക്കണ്ഠ ശമിപ്പിക്കുന്നു

ഉല്‍ക്കണ്ഠയ്ക്ക്, ഇത് മികച്ച മരുന്നാണ്. മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനും മനോനില സുസ്ഥിരമാക്കാനും അശ്വഗന്ധ സഹായിക്കുന്നു. അതുകൊണ്ടു തന്നെ, ഉല്‍ക്കണ്ഠ ഉണ്ടാക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ ഏറ്റവും മികച്ച ഔഷധമായി ഇതിനെ കണക്കാക്കുന്നു. ഉല്‍ക്കണ്ഠയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഉയര്‍ന്ന സമ്മര്‍ദ്ദവും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ഇതില്‍ പ്രധാനമാണ്. അശ്വഗന്ധ നമ്മുടെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാക്കുകയും ഉല്‍ക്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഉറക്കക്കുറവിനു പരിഹാരം

ഉറക്കക്കുറവിന് അശ്വഗന്ധയുടെ സ്ഥിരമായ ഉപയോഗം സഹായിക്കുമെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നത് നിങ്ങളുടെ നിദ്രാചക്രത്തെ സാധാരണ നിലയിലാക്കുന്നു. ശാരീരികസമ്മര്‍ദ്ദം വര്‍ധിക്കുന്തോറും ആരോഗ്യകരമായ ഉറക്കശീലം നഷ്ടപ്പെടുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. അശ്വഗന്ധ, സമ്മര്‍ദ്ദം കുറയ്ക്കുകയും, ഉല്‍ക്കണ്ഠയെ ശമിപ്പിക്കുകയും ചെയ്യുന്നു. ഇത് സുഖസുഷുപ്തി പ്രദാനം ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

ആധുനികലോകത്തെ വര്‍ദ്ധിച്ചുവരുന്ന പ്രശ്‌നമാണ് പ്രമേഹരോഗം. തുടക്കത്തിലേ ഇതിനെ പ്രതിരോധിക്കാന്‍ അശ്വഗന്ധ ഉത്തമമാണ്. ഇത് പാന്‍ക്രിയാറ്റിക് കോശങ്ങളെ സഹായിക്കുകയും ഇന്‍സുലിന്‍ ഉല്‍പ്പാദന നിരക്ക് താഴാതെ നിലനിര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും, കോശങ്ങളെ സംരക്ഷിക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് അളവു കുറയ്ക്കുകയും, അങ്ങനെ പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വന്ധ്യത കുറയ്ക്കുന്നു

പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുല്‍പാദനശേഷി മെച്ചപ്പെടുത്തുന്നതിനു ഫലപ്രദമാണ് അശ്വഗന്ധ. ഇത് വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സ്വാഭാവിക മരുന്നെന്നതിനൊപ്പം പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പ്രത്യുല്‍പ്പാദന ശേഷി ഉയര്‍ത്തുന്നതിനു വേണ്ട ശാരീരികവും മാനസികവുമായ ഉത്തേജകമായതിനാല്‍ വന്ധ്യതയിലേക്കു നയിക്കുന്ന എല്ലാ തടസ്സങ്ങളും മാറ്റുന്നതിന് ഇതിനു കഴിയുന്നു.

ഇതു കൂടാതെയും നിരവധി ഗുണഗണങ്ങള്‍ ഉള്ള ഔഷധമാണ് അശ്വഗന്ധ. 2000-ലധികം വര്‍ഷങ്ങളായി അത് ചികില്‍സയില്‍ ഉപയോഗിച്ചുവരുന്നു. ദൈനംദിന ജീവിതത്തില്‍ ഇത് ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഒട്ടുമിക്ക ശാരീരിക ദോഷങ്ങള്‍ക്കും ഇത് നിങ്ങള്‍ക്ക് അനുയോജ്യമായ മറുമരുന്നാണ്. ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാന്‍ ഈ ലളിതമായ വേരിന്റെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്ന് ആയുര്‍വ്വേദ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Comments

comments

Categories: Health
Tags: Aswagandha