ഉപഭോക്തൃ, ബിസിനസ് വിവരങ്ങള്‍ക്ക് വ്യത്യസ്ഥ ചട്ടക്കൂടൊരുക്കണം: ഗിന്നി റൊമറ്റി

ഉപഭോക്തൃ, ബിസിനസ് വിവരങ്ങള്‍ക്ക് വ്യത്യസ്ഥ ചട്ടക്കൂടൊരുക്കണം: ഗിന്നി റൊമറ്റി

ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥയിലേക്ക് വളര്‍ന്നുതുടങ്ങുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന അപ്രതീക്ഷിത പരിണിതഫലങ്ങള്‍ ഉണ്ടാകരുതെന്നും ഗിന്നി

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പുകളില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കി ഐബിഎം സിഇഒ ഗിന്നി റൊമറ്റി. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയ്ക്കുവേണ്ട പുതിയ നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഉപഭോക്തൃ വിവരങ്ങളുടെ സ്വകാര്യതയും ബിസിനസ് ഉപയോക്താക്കള്‍ സൃഷ്ടിക്കുന്ന വിവരങ്ങളും നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ പ്രത്യേകം വേര്‍തിരിക്കണമെന്ന് ഗിന്നി റൊമറ്റി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഗിന്നി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 108 വര്‍ഷത്തെ പാരമ്പര്യമുള്ള ഏഐബിഎമ്മിന്റെ ആദ്യ വനിതാ മേധാവി കൂടിയാണ് ഗിന്നി.

വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഗിന്നി സംസാരിച്ചു. ഇന്ത്യ ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥയിലേക്ക് വളര്‍ന്നുതുടങ്ങുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന അപ്രതീക്ഷിത പരിണിതഫലങ്ങള്‍ ഉണ്ടാകരുതെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ ഉപഭോക്തൃ സ്വകാര്യതയില്‍ ശക്തമായ വിശ്വാസിക്കുന്നുവെന്നും ഉപഭോക്തൃ വിവരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ബി-ടു-ബി വിഷയങ്ങളും തമ്മില്‍ കൂടികലരുന്നില്ലെന്ന് ശ്രദ്ധിക്കണമെന്നും ഗിന്നി ചൂണ്ടിക്കാട്ടി.

ചെറിയൊരു ശതമാനം കമ്പനികള്‍ ഉപഭോക്തൃ വിവരങ്ങള്‍ മോശമായി കൈകാര്യം ചെയ്താല്‍ പോലും അത് എല്ലാവരുടെയും മനസ്സില്‍ ഒരു വലിയ പ്രശ്‌നമായി മാറും. അതുകൊണ്ട് ഉപഭോക്തൃ സ്വകാര്യത ഉറപ്പാക്കുന്നതിനുള്ള ഒരുകൂട്ടം നിയമങ്ങള്‍ ആവശ്യമാണെന്നാണ് ഗിന്നി പറയുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയെടുക്കുന്ന തീരുമാനം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ രാജ്യത്തിന്റെ പങ്കില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും ഗിന്നി വിശദീകരിച്ചു.

രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് നിരവധി നടപടികള്‍ കേന്ദ്രം കൈകൊണ്ടിട്ടുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കമ്പനികള്‍ രാജ്യത്തുതന്നെ സൂക്ഷിക്കുന്നത് നിര്‍ബന്ധമാക്കികൊണ്ട് നയം രൂപീകരിക്കുന്നതടക്കമുള്ള നടപടികളാണ് ഇതിനായി കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. വ്യക്തിവിവര സംരക്ഷണ ബില്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ പ്രാദേശികമായി സൂക്ഷിക്കണമെന്നാണ് നിയമം മുന്നേട്ടുവെക്കുന്ന പ്രധാന വ്യവസ്ഥ.

പൊതുതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിവര സംരക്ഷണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. കഴിഞ്ഞ മാസം പുറത്തിറക്കിയ ഇ-കൊമേഴ്‌സ് കരട് നയത്തിലും ഉപഭോക്തൃ വിവരങ്ങള്‍ പ്രാദേശിക തലത്തില്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥയുണ്ട്. ഇതേസമയം, ബാങ്കുകളുടെയും പേമെന്റ് കമ്പനികളുടെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും പ്രാദേശിക തലത്തില്‍ സൂക്ഷിക്കണമെന്ന് കേന്ദ്ര ബാങ്കും നിബന്ധനയിറക്കിയിട്ടുണ്ട്.

സ്വകാര്യ സംബന്ധിച്ച ഉപഭോക്തൃ ആശങ്കകളോട് ലോകത്തിലുടനീളം ഭരണകര്‍ത്താക്കള്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍, പലര്‍ക്കും ഉപഭോക്തൃ, ബിസിനസ് വിവരങ്ങള്‍ തമ്മിലുള്ള വ്യത്യാസം മനസിലാകില്ല. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ അപ്രതീക്ഷിത പരിണിതഫലങ്ങള്‍ ഉണ്ടാക്കുന്നതിന് മുന്‍പ് അവരെ ബോധവാന്മാരാക്കേണ്ടതുണ്ടെന്നും റൊമറ്റി പറഞ്ഞു.

വ്യാജ പ്രചരണങ്ങള്‍ പരത്തുന്നതില്‍ ഫേസ്ബുക്കും വാട്‌സാപ്പും ദുരുപയോഗം ചെയ്യുന്നതില്‍ ഇന്ത്യ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഒരു ഉപഭോക്താവിന് തന്റെ ഏത് വിവരങ്ങളാണ് കമ്പനികളുടെ കൈവശമുള്ളതെന്ന് അറിയാന്‍ അവകാശമുണ്ടെന്നും റൊമറ്റി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കയറ്റുമതി വ്യവസായത്തിന്റെ നിലനില്‍പ്പിന് അതിര്‍ത്തിക്കിടയിലുള്ള സ്വതന്ത്രമായ ഡാറ്റ ഒഴുക്ക് പ്രധാനമാണെന്നും റൊമറ്റി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy