ആരോഗ്യപരിപാലന രംഗത്തേക്ക് ഫ്യൂജിഫിലിംസ്

ആരോഗ്യപരിപാലന രംഗത്തേക്ക് ഫ്യൂജിഫിലിംസ്

ഫോട്ടോ ഫിലിം നിര്‍മാണരംഗത്തെ ആഗോള ബ്രാന്‍ഡായിരുന്ന ജപ്പാനിലെ ഫ്യൂജി ഫിലിംസ് ഹോള്‍ഡിംഗ്‌സ് കോര്‍പ്പറേഷന്‍ ആരോഗ്യപരിപാലന ബിസിനസിലേക്ക് ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 890 ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കി യുഎസ് മരുന്നു നിര്‍മാണകമ്പനി ബയോജെന്‍ ഇന്‍കോര്‍പ്പറേഷനെ ഏറ്റെടുക്കാനൊരുങ്ങുകയാണവര്‍. ഡെന്‍മാര്‍ക്കിലെ ഹില്ലെറോഡിലുള്ള ബയോജെന്റെ മരുന്നുനിര്‍മാണ കമ്പനിയാണ് ഫ്യൂജി വാങ്ങിയിരിക്കുന്നത്. ഏകദേശം 800 ജീവനക്കാരുള്ള കമ്പനിയിലെ ജീവനക്കാരെ നിലനിര്‍ത്തുമെന്നാണ് ഫ്യൂജി ഫിലിംസ് അറിയിച്ചിരിക്കുന്നത്. ഇതോടെ നിലവിലെ ജീവനക്കാര്‍ക്കു തൊഴില്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പായി.

ഫോട്ടോകോപ്പിയര്‍, ഇമേജിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ട ഫ്യൂജിഫിലിംസ്, സാവധാനത്തില്‍ ആരോഗ്യപരിചരണത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജെഎക്‌സ്ടിജി ഹോള്‍ഡിംഗ്‌സ് എന്ന കമ്പനിയില്‍ നിന്ന് രണ്ട് ബയോടെക്‌നോളജി യൂണിറ്റുകള്‍ വാങ്ങുമെന്ന് ഫ്യൂജി പ്രഖ്യാപിച്ചിരുന്നു. ഇമേജിംഗ് ഉല്‍പ്പന്നങ്ങളും ഹെല്‍ത്ത്‌കെയര്‍ ഉല്‍പ്പന്നങ്ങളും ഏകദേശം തത്തുല്യമായ സംഭാവനയാണ് ഡിസംബര്‍ വരെയുള്ള ഒമ്പതുമാസത്തെ വരുമാനത്തില്‍ ഉണ്ടാക്കിയിട്ടുള്ളതെങ്കിലും ഹെല്‍ത്ത്‌കെയര്‍ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ച അതിവേഗത്തിലാണ്. ആരോഗ്യപരിപാലന ഉല്‍പ്പന്നങ്ങള്‍ 11 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചതെങ്കില്‍ രണ്ടു ശതമാനം മാത്രമാണ് ഇമേജിംഗ് ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ച.

കമ്പനി വികസനത്തിലൂടെയും ഉല്‍പ്പാദനവര്‍ധനവിലൂടെയും 20 ശതമാനം വ്യവസായവളര്‍ച്ച ഉണ്ടാക്കുമെന്നാണ് ഫ്യൂജിഫിലിംസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ കെന്‍ജി സ്യുകെനോ വ്യക്തമാക്കിയത്. 15,000 ലിറ്റര്‍ ശേഷിയുള്ള ആറു ബയോറിയാക്റ്റര്‍ അടങ്ങുന്ന മരുന്നു കമ്പനിയുടെ ഏറ്റെടുക്കല്‍ ഓഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാകും. ഇതിനു ശേഷം മറ്റ് മരുന്നു നിര്‍മാണ സ്ഥാപനങ്ങളെ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനും ഉദ്ദേശിക്കുന്നു. ഏറ്റെടുക്കല്‍ വിവരം ബയോജെന്‍ ഇന്‍കോര്‍പ്പറേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2021ഓടെ 100 ബില്യണ്‍ യെന്നിന്റെ ബിസിനസ് നേട്ടമാണ് കമ്പനി ലക്ഷ്യമിടുന്നത്.

Comments

comments

Categories: FK News
Tags: Fuji films

Related Articles