ഡല്‍ഹിയില്‍ ‘ വാര്‍ റൂം’ തുറക്കാന്‍ ഫേസ്ബുക്ക് പദ്ധതിയിടുന്നു

ഡല്‍ഹിയില്‍ ‘ വാര്‍ റൂം’ തുറക്കാന്‍ ഫേസ്ബുക്ക് പദ്ധതിയിടുന്നു

ന്യൂഡല്‍ഹി: ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയുന്നതിനു വേണ്ടി ഫേസബുക്ക് ഡല്‍ഹി കേന്ദ്രീകരിച്ച് വാര്‍ റൂം തുറക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഈ വാര്‍ റൂം കാലിഫോര്‍ണിയയിലുള്ള മെന്‍ലോ പാര്‍ക്കിലെ ഫേസ്ബുക്കിന്റെ മുഖ്യ ഓഫീസുമായും, ഡബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലുള്ള ഓഫീസുകളുമായും ഏകോപിപ്പിച്ചു കൊണ്ടായിരിക്കും പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഫേസ്ബുക്കില്‍ പ്രചരിക്കുന്ന കണ്ടന്റുകളെ നിരീക്ഷിക്കും ഈ വാര്‍ റൂം. കമ്പ്യൂട്ടറും, നെറ്റ്‌വര്‍ക്കിംഗും, ഡാറ്റാ അനലിസ്റ്റുകളും, ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയര്‍മാരും ഉള്‍പ്പെട്ട സംവിധാനമാണു വാര്‍ റൂം. ഇലക്ഷനുമായി ബന്ധപ്പെട്ടു മത്സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ചും മണ്ഡലങ്ങളിലെ വിശേഷങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നത് പ്രധാനമായും വാര്‍ റൂമില്‍നിന്നായിരിക്കും. രാഷ്ട്രീയ പ്രചരണങ്ങള്‍ക്കുള്ള വാര്‍ റൂമുകള്‍ പ്രധാനമായും മൂന്ന് തരത്തിലായിരിക്കും. ഡിസിഷന്‍ മേക്കിംഗ് വാര്‍ റൂം, മീഡിയ മോണിറ്ററിംഗ് വാര്‍ റൂം, ഇലക്ഷന്‍ ഡേ വാര്‍ റൂം എന്നിവയാണ് മൂന്നു തരത്തിലുള്ള വാര്‍ റൂം.

ഇലക്ഷനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഡല്‍ഹിയില്‍ വാര്‍ റൂം തുറക്കുമ്പോള്‍ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്, ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിക്കുകയെന്നതാണ്. അതിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വ്യാജ വിവരങ്ങള്‍ പ്രചരിക്കുന്നതും, മറ്റു ദുരുപയോഗങ്ങള്‍ തടയുന്നതും ഉറപ്പാക്കുകയെന്നതാണ്. വാര്‍ റൂം തുറക്കുകയാണെങ്കില്‍ യുഎസ് കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പിനു വേണ്ടി ഫേസ്ബുക്ക് വാര്‍ റൂം തുറക്കുന്ന രണ്ടാമത്തെ രാജ്യമായിരിക്കും ഇന്ത്യ. വാര്‍ റൂം തുറക്കുന്നതു സംബന്ധിച്ച വിശദമായ വിവരങ്ങളൊന്നും ഇതു വരെ ഫേസ്ബുക്ക് വെളിപ്പെടുത്തിയിട്ടില്ല.

Comments

comments

Categories: Current Affairs