പൊതുതെരഞ്ഞെടുപ്പും വിപണിയും

പൊതുതെരഞ്ഞെടുപ്പും വിപണിയും

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തുമെന്ന ചില സര്‍വേകള്‍ നിക്ഷേപകരില്‍ ഒരു വിഭാഗത്തിനും വിപണിക്കും ആത്മവിശ്വാസം പകരുന്നതായുള്ള സൂചനകള്‍ പ്രകടമാണ്. ഇത് യാഥാര്‍ത്ഥ്യമാകുമോയെന്നതാണ് പ്രസക്തമായ ചോദ്യം

ഇന്ത്യയിലെ പ്രമുഖ ഓഹരി വിദഗ്ധനാണ് പൊറിഞ്ചു വെളിയത്ത്. അദ്ദേഹം കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍, വരുംകാലത്തെ ഇന്ത്യന്‍ ഓഹരി വിപണിയുടെ അപാരസാധ്യതകളെകുറിച്ച് തുറന്ന് പറഞ്ഞിരുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് വിപണിയില്‍ ബുള്‍ തംരംഗം ഉണ്ടാകാനാണ് സാധ്യതയെന്നും വിലയിരുത്തി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രധാനമന്ത്രിയായി നരേന്ദ്രമ മോദിയുണ്ടാകുമെന്ന വിശ്വാസമാണ് സെലിബ്രിറ്റി നിക്ഷേപകന്‍ പ്രകടിപ്പിച്ചത്. കാനഡയിലെ നിക്ഷേപ മാന്ത്രികനെന്ന് അറിയപ്പെടുന്ന പ്രേം വാത്‌സയും പറഞ്ഞു സമാനമായ അഭിപ്രായം.

കഴിഞ്ഞ അഞ്ച് വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ട സാമ്പത്തിക പരിഷ്‌കരണങ്ങള്‍ രാജ്യത്തെ കരുത്തുറ്റ അവസ്ഥയില്‍ എത്തിച്ചുവെന്നാണ് കനേഡിയന്‍ വാറന്‍ ബഫറ്റ് എന്നുകൂടി വിശേഷിപ്പിക്കപ്പെടുന്ന പ്രേം വാത്‌സ പറഞ്ഞത്. മോദിയുടെ കാലത്ത് ബിസിനസ് സൗഹൃദ അന്തരീക്ഷത്തില്‍ വന്ന മാറ്റത്തെ കുറിച്ചെല്ലാം അദ്ദേഹം വാചാലനാകുകയും ചെയ്തു. പൊതുവില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെയും നിക്ഷേപകരുടെയും ചിന്താഗതി മോദി വീണ്ടും അധികാരമേറും എന്ന രീതിയിലാണ്. വിപണിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നതും ഇതനുസരിച്ചാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു. അതിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കുന്നത് ഒരു പക്ഷേ പ്രയാസമായിരിക്കും. എങ്കിലും വിപണിയെ സംബന്ധിച്ചിടത്തോളം മോദിയെന്ന ഭരണാധികാരിയില്‍ പ്രതീക്ഷയുണ്ടെന്ന് സമ്മതിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വേകളില്‍ മോദിക്കാണ് മുന്‍തൂക്കമെന്നത് വിപണിയിലെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. മാത്രമല്ല, പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടി മോദിയുടെ പ്രതിച്ഛായയ്ക്ക് ഗുണകരമായെന്നും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് കരുത്ത് പകര്‍ന്നെന്നും നിക്ഷേപക ലോകം വിശ്വസിക്കുന്നതായും പലരും വിലയിരുത്തുന്നുണ്ട്.

എന്നാല്‍ ഇന്ത്യ പോലെ അതിസങ്കീര്‍ണമായ തെരഞ്ഞെടുപ്പ് നടക്കുന്ന ഒരു രാജ്യത്ത് വിപണിയുടെ പ്രതീക്ഷ തന്നെ അടിത്തട്ടുകളിലും പ്രകടമാകണമെന്ന് നിര്‍ബന്ധമില്ലെന്നത് മറ്റൊരു വസ്തുതയാണ്.

എന്നാല്‍ പലപ്പോഴും അപ്രവചീനയതയാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ സവിശേഷത. 2014ല്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരമേറുമെന്ന് എത്ര പേര്‍ കരുതിയിട്ടുണ്ടാകുമെന്ന് വ്യക്തമല്ല. 2004ല്‍ ഇന്ത്യ ഷൈനിംഗ് കാംപെയ്‌നിലൂടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു വ്യാപകമായ വിശ്വാസമെങ്കിലും മറിച്ചാണ് സംഭവിച്ചത്. 2009ലെ തെരഞ്ഞെടുപ്പില്‍ യുപിഎ തന്നെ വീണ്ടും ഭരണചക്രം പിടിച്ചെടുത്തത് നിരീക്ഷകരെയെല്ലാം അല്‍ഭുതപ്പെടുത്തി. അതുകൊണ്ടുതന്നെ പൊതുവെയുള്ള വിശ്വാസങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ച് തന്നെയാകണം തെരഞ്ഞെടുപ്പിലെ ഫലങ്ങളെന്ന് ഒരു നിര്‍ബന്ധവുമില്ല. 2014 ആവര്‍ത്തിക്കുമെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ 2014ലെ സാഹചര്യങ്ങളല്ല ഇപ്പോഴുള്ളതെന്നത് വിസ്മരിക്കരുത്. അതിശക്തമായ അഴിമതി വിരുദ്ധ വികാരവും ഭരണവിരുദ്ധ വികാരവും വലിയ തോതില്‍ പ്രചരണ വിഷയങ്ങളായ തെരഞ്ഞെടുപ്പായിരുന്നു അത്. ചിട്ടയായ രീതിയിലെ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യതകള്‍ മുതലെടുക്കാന്‍ മോദിക്കും ബിജെപിക്കും സാധിച്ചപ്പോഴാണ് ചരിത്രം തിരുത്തിയ വിജയം കൈവരിക്കാനായത്. വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെല്ലാം എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അന്തിമഫലങ്ങള്‍.

Categories: Editorial, Slider