ഇ- കോമേഴ്‌സിലെ വ്യാവസായിക അസോസിയേഷന്‍ ടിഇസിഐ നിലവില്‍ വന്നു

ഇ- കോമേഴ്‌സിലെ വ്യാവസായിക അസോസിയേഷന്‍ ടിഇസിഐ നിലവില്‍ വന്നു

7.5 ലക്ഷം ഓണ്‍ലൈന്‍ വ്യാപാരികളെയും സേവനദാതാക്കളെയും ആണ് ടിഇസിഐ പ്രതിനിധീകരിക്കുന്നത്

ന്യൂഡെല്‍ഹി: രാജ്യത്ത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ഇ കോമേഴ്‌സ് മേഖലയിലെ സംരംഭകര്‍ കൂടിച്ചേരുന്ന വ്യാവസായിക അസോസിയേഷന്‍ നിലവില്‍വന്നു. ദ ഇ- കൊമേഴ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(ടിഇസിഐ) എന്ന പേരിലാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. സ്‌നാപ്പ്ഡീല്‍, ഷോപ്പ്ക്ലൂസ്, അര്‍ബന്‍ക്ലാപ്പ്, ഷോപ്പ് 101, ഫ്‌ളൈറോബ്, ഫിന്‍ഡ് എന്നിവയാണ് അസോസിയേഷന്റെ സ്ഥാപകരില്‍ പ്രമുഖര്‍. മമാഎര്‍ത്ത്, സൂപ്പര്‍ ബോട്ടംസ്, അസാഹ് തുടങ്ങിയ ഓണ്‍ലൈന്‍ ബ്രാന്‍ഡുകളും അസോസിയേഷനില്‍ അംഗങ്ങളാണ്.

7.5 ലക്ഷം ഓണ്‍ലൈന്‍ വ്യാപാരികളെയും സേവനദാതാക്കളെയും ആണ് ടിഇസിഐ പ്രതിനിധീകരിക്കുന്നതെന്ന് സ്ഥാപകാംഗങ്ങള്‍ പറയുന്നു. ഓരോ മാസവും നൂറ് മില്യണിലധികം ഉപയോക്താക്കളുമായി സംഘടനയിലെ സംരംഭകര്‍ നയിക്കുന്ന ബിസിനസുകള്‍ സംവദിക്കുന്നു. മുപ്പതിലധികം ആഗോള-ആഭ്യന്തര വ്യാവസായിക നിക്ഷേപകര്‍ ഈ സംരംഭങ്ങളില്‍ 2.25 ബില്യന്‍ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്.

രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും ഇന്റര്‍നെറ്റ് ഉപയോഗവും വര്‍ധിച്ചതോടെ ഇ-കൊമേഴ്‌സ് മേഖലയും മികച്ച വളര്‍ച്ചാ സാധ്യതയാണ് പ്രകടമാക്കുന്നത്. നിലവില്‍ 140 മില്യണിനടുത്ത് ഇന്ത്യക്കാരാണ് ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നത്. ഇപ്പോള്‍ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്കും ഡിജിറ്റല്‍ വ്യാപാരം വ്യാപിക്കുകയാണ്. ഇതോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്ന ഉപയോക്താക്കളുടെ എണ്ണം 300 മില്യണിലേക്ക് വരെ വളരാമെന്നാണ് വിലയിരുത്തല്‍.

ഫെബ്രുവരിയില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ഓരോ മൂന്ന് സെക്കന്റിലും ഒരു പുതിയ ഇന്റര്‍നെറ്റ് ഉപയോക്താവിനെ സൃഷ്ടിക്കുന്നുണ്ട്. 2028ഓടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മേഖല 230 ബില്യണ്‍ ഡോളര്‍ വലുപ്പത്തിലേക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത.് ഇന്ത്യയിലെ മൊത്തം റീട്ടെയ്ല്‍ വില്‍പ്പനയുടെ 10 ശതമാനത്തോളമായിരിക്കും ഇത്. മറ്റ് വ്യാവസായിക, വ്യാപാരി അസോസിയേഷനുകള്‍ക്ക് സമാനമായാണ് ടിഇസിഐ പ്രവര്‍ത്തിക്കുക. ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ചയ്ക്കായും ഡിജിറ്റല്‍ ബ്രാന്‍ഡുകളുടെ ഉന്നമനത്തിനായും മറ്റ് വ്യാപാര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: FK News