ദുബ്രി-ഫുല്‍ബാരി പാലത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി

ദുബ്രി-ഫുല്‍ബാരി പാലത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി

19.282 കിലോമീറ്ററാണ് അസമിനെയും മേഖാലയയെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പാലത്തിന്റെ നീളം

ന്യൂഡെല്‍ഹി: അസം, മേഖാലയ എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ദുബ്രി-ഫുല്‍ബാരി പാലത്തിന്റെ നിര്‍മാണത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. 19.282 കിലോമീറ്ററാണ് പാലത്തിന്റെ നീളം. 4,997 കോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കിയിട്ടുള്ളത്. ആറ് വര്‍ഷത്തിനുള്ളില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഭുപെന്‍-ഹസരിക സേത് പാലത്തെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും നീളമേറിയ റോഡ് പാലമെന്ന ബഹുമതി ദുബ്രി-ഫുല്‍ബാരി നാല് വരി പാലം സ്വന്തമാക്കും. 9.15 കിലോമീറ്ററാണ് ഭുപെന്‍-ഹസരിക സേത് പാലത്തിന്റെ നീളം. ബ്രഹ്മപുത്ര നദിക്കുകുറുകെ വടക്കന്‍ നദീതീരത്തെ ദുബ്രിയെയും ദക്ഷിണതീരത്തെ ഫുല്‍ബാരിയെയും ബന്ധിപ്പിച്ചാണ് പാലത്തിന്റെ നിര്‍മാണം.

നോര്‍ത്ത്-ഈസ്റ്റ് റോഡ് കണക്റ്റിവിറ്റി പ്രൊജക്റ്റിന്റെ മൂന്നാം ഘട്ടത്തിലാണ് പാലം നിര്‍മിക്കുന്നത്. 3,548 കോടി രൂപയാണ് പാലത്തിന്റെ സിവില്‍ നിര്‍മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. മൊത്തം 4,997.04 കോടി രൂപ മൂലധന ചെലവ് വരും. ഇതില്‍ 55.68 കോടി രൂപയുടെ ചെലവ് കണക്കാക്കിയിട്ടുള്ളത് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കും പുനരധിവാസത്തിനും പാലം നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റ് നിര്‍മാണ ജോലികള്‍ക്കുമാണ്.

നിലവില്‍ ദുബ്രിയില്‍ നിന്നും ഫുല്‍ബാരിയിലേക്കുള്ള യാത്രാ ദൂരം 205.3 കിലോമീറ്ററാണ്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇത് 19.282 കിലോമീറ്ററായി ചുരുങ്ങും. യാത്രാ സമയം അഞ്ച് മണിക്കൂറില്‍ നിന്ന് 20 മിനുറ്റായി ചുരുങ്ങുകയും ചെയ്യും. തന്ത്രപരമായും സാമൂഹിക-സാമ്പത്തികപരമായും വലിയ പ്രാധാന്യമുള്ളതാണ് ഈ പദ്ധതി. വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളുടെ വികസനത്തിനും പാലം വഴിയൊരുക്കും.

Comments

comments

Categories: FK News

Related Articles