വിഷാദരോഗം ചെറുക്കാന്‍ മസ്തിഷ്‌ക ഉത്തേജക ചികില്‍സ

വിഷാദരോഗം ചെറുക്കാന്‍ മസ്തിഷ്‌ക ഉത്തേജക ചികില്‍സ

കടുത്ത വിഷാദരോഗം ചികില്‍സിക്കാന്‍ നടത്തിയ മസ്തിഷ്‌ക ഉത്തേജന സാങ്കേതികവിദ്യാ പരീക്ഷണം പ്രതീക്ഷയുണര്‍ത്തുന്നു

കടുത്ത വിഷാദരോഗികളില്‍ മസ്തിഷ്‌ക ഉത്തേജന സാങ്കേതികവിദ്യാ പരീക്ഷണം വിജയകരമായി നടപ്പാക്കാനായെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ്‌ക്രാനിയല്‍ ഓള്‍ട്ടര്‍നേറ്റിംഗ് കറന്റ് സ്റ്റിമുലേഷന്‍ (ടിഎസിഎസ്) എന്നു വിളിക്കപ്പെടുന്ന ഒരു ഇലക്ട്രിക് ബ്രെയിന്‍ സ്റ്റിമുലേഷന്‍ തെറാപ്പി വികസിപ്പിച്ചെടുത്തത് നോര്‍ത്ത് കരോളിന മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്. ഈ ചികില്‍സയില്‍ നിലവിലുള്ളവയേക്കാള്‍ കൂടുതല്‍ കൃത്യമായ ഫലങ്ങള്‍ നല്‍കുന്നുവെന്ന് അവര്‍ അവകാശപ്പെടുന്നു.

വിഷാദരോഗത്തെക്കൂടാതെ അനുബന്ധ മാനസികരോഗ ചികില്‍സയ്ക്കും ഉചിതമായ ചികില്‍സയാണിതെന്നു ഗവേഷകര്‍ പറഞ്ഞു. മാത്രമല്ല തികച്ചും രോഗീസൗഹൃദമായ ചികില്‍സാരൂപമാണിതെന്നും അവര്‍ വ്യക്തമാക്കി. വിഷാദരോഗ ചികില്‍സയില്‍ ഒരു പുതിയ സമീപനമല്ല മസ്തിഷ്‌ക ഉത്തേജനം. പക്ഷേ, വിദഗ്ധര്‍ സാധാരണ ട്രാന്‍സ്‌ക്രാനിയല്‍ ഡയറക്റ്റ് സ്റ്റിമുലേഷനാണ് (ടിഡിസിഎസ്) പൊതുവേ സ്വീകരിക്കാറുള്ളത്. ഒരു വ്യക്തിയുടെ നാഡീവ്യൂഹത്തിലേക്ക് ഇലക്ട്രോഡുകള്‍ കടത്താന്‍ മസ്തിഷ്‌കത്തിലൂടെ കുറഞ്ഞ വൈദ്യുത വൈദ്യുതതരംഗങ്ങള്‍ അയയ്ക്കുന്ന രീതിയാണിത്.

ഇത്തരം ചികില്‍സ ചില സമയത്ത് ഫലപ്രദമാണെങ്കിലും, ഇതിന് ഒരു സുസ്ഥിര ഫലം കാണിക്കാനാകില്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. അതിനാലാണ് ഗവേഷകര്‍ ടിഎസിഎസ് പരീക്ഷിക്കാന്‍ ശ്രമിച്ചത്. മസ്തിഷ്‌കത്തില്‍ വൈദ്യുതിയുടെ ഒരു സ്ഥിര ഊര്‍ജ്ജം അയയ്ക്കുന്ന ടിഡിസിഎസ് ചികില്‍സയ്ക്കു പകരം വ്യക്തിയുടെ ആല്‍ഫാ ഓക്‌സിലേഷനുകളിലേക്കാണ് ടിഎസിഎസില്‍ വൈദ്യുതിതരംഗങ്ങള്‍ അയയ്ക്കുന്നത്. മസ്തിഷ്‌ക തരംഗങ്ങള്‍ 8-12 ഹെര്‍ട്ട്‌സ് ആവൃത്തിയില്‍ കമ്പനം ചെയ്യുന്നവയാണ് ആല്‍ഫാ ഓക്‌സിലേഷനുകള്‍.

ഒരു വ്യക്തി ധ്യാനനിഗമഗ്നനോ മനോരാജ്യത്തിലോ ആയിരിക്കുമ്പോഴോ ഏതെങ്കിലും ചിന്തയില്‍ മുഴുകിയിരിക്കുമ്പോഴോ ആണ് ഈ മസ്തിഷ്‌ക തരംഗങ്ങള്‍, അതിതീവ്രമായി വളര്‍ച്ച പ്രാപിക്കുന്നതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. അതായത്, പൂര്‍ണമായും ഒരു കാര്യത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് ഇത്തരം തരംഗങ്ങളുണ്ടാകുന്നതെന്ന് ചുരുക്കം. കഠിനമായ വിഷാദരോഗം ഉള്ളവരില്‍ ആല്‍ഫ ഓക്‌സിലേഷനുകള്‍ വളരെ അസന്തുലിതക്രമത്തിലായിരിക്കും പ്രവഹിക്കുന്നത്. അതായത്, തലച്ചോറിന്റെ ഒരു ഭാഗത്ത് വളരെ സജീവമായ തരംഗപ്രവാഹമുണ്ടാകുമ്പോള്‍ മറുഭാഗത്ത് അത്രയ്ക്കു സജീവത കാണാനാകില്ലെന്നു ചുരുക്കം.

ആല്‍ഫാ ഓക്‌സിലേഷനുകളില്‍ ടിഎസിഎസ് ഉണ്ടാക്കുന്ന സ്വാധീനം പരിശോധിച്ച് പുത്തന്‍ സമീപനം വഴി വിഷാദരോഗ ലക്ഷണങ്ങള്‍ കുറയ്ക്കാനാകുമോ എന്ന് മനസിലാക്കുകയായിരുന്നു ലക്ഷ്യം. കടുത്ത വിഷാദരോഗമനുഭവിക്കുന്ന 32 പേരിലാണ് പഠനം നടത്തിയത്. വിഷാദരോഗം വിലയിരുത്തുന്നതിനുള്ള മോണ്ട്‌ഗോമറി-അസ്ബര്‍ഗ്ഗ് ഡിപ്രഷന്‍ റേറ്റിംഗ് സ്‌കെയില്‍ (എംഎഡിആര്‍എസ്) ഉപകരണം ഉപയോഗിച്ചും രോഗം സ്ഥിരീകരിച്ചു.

പഠന സമയത്ത്, ഗവേഷകര്‍ സംഘത്തെ മൂന്നു വിഭാഗങ്ങളായി വിഭജിച്ചു. ആദ്യഗ്രൂപ്പിന് നിയന്ത്രിതമായ ഒരു പോസിബോ ഇലക്ട്രിക് ഉത്തേജനം മാത്രമാണ് കൊടുത്തത്. രണ്ടാമത്തെ സംഘത്തിന് 40 ഹെര്‍ട്‌സ് ടിഎഎസിഎസ് തരംഗ ഉത്തേജനം നല്‍കി, ഇത് ആല്‍ഫ ഓക്‌സിലേഷനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പരിധിക്ക് പുറത്താണ്. പ്രധാന പരീക്ഷണ സംഘമായ മൂന്നാമത്തെ ഗ്രൂപ്പിന് ശരിയായ ചികില്‍സാരീതി തന്നെ നല്‍കി, 10-ഹെര്‍ട്‌സ് ടിഎഎസിഎസ് തരംഗദൈര്‍ഘത്തിലുള്ള വൈദ്യുത പ്രവാഹമാണ് കടത്തിവിട്ടത്. ഇത് ആല്‍ഫ ഓക്‌സിലേഷന്‍ മാതൃകകളില്‍ പ്രതിപ്രവര്‍ത്തനമുണ്ടാക്കണമെന്ന ലക്ഷ്യമിട്ടാണ് കടത്തിവിട്ടത്.

ഓരോ ഗ്രൂപ്പിലും പെട്ട രോഗികള്‍ക്ക് തുടര്‍ച്ചയായ അഞ്ച് ദിവസം വീതമുള്ള 40 മിനുറ്റ് സെഷനുകളില്‍ ചികില്‍സ ലഭിച്ചു. അതിനു ശേഷം അവലോകനം നടത്തി, രണ്ടു മുതല്‍ നാല് ആഴ്ചയ്ക്കു ശേഷം ഗവേഷകര്‍ എംഎഡിആര്‍എസില്‍ അളവെടുത്തു. 10 ഹെര്‍ട്‌സ് ടിഎഎസിഎസ് ഉത്തേജനം ലഭിച്ച പ്രധാന പരീക്ഷണ സംഘത്തിലെ ആളുകളുടെ മസ്തിഷ്‌കത്തിന്റെ ഇടതുവശത്തുള്ള കോര്‍ട്ടക്‌സില്‍ തരംഗങ്ങളുടെ സാന്ദ്രത കുറയുന്നതായി ഗവേഷകസംഘം കണ്ടെത്തി. മറ്റ് രണ്ട് ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാലാഴ്ച്ച കഴിഞ്ഞിട്ടും ഈ ഗ്രൂപ്പിന്റെ വിഷാദരോഗ ലക്ഷണങ്ങളില്‍ പുരോഗതി കാണാനായില്ല. എന്നാല്‍ പരീക്ഷണം കഴിഞ്ഞ ശേഷം രണ്ട് ആഴ്ച പിന്നിട്ടപ്പോള്‍ ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച് ചികില്‍സയ്ക്കു വിധേയരായവരില്‍ 77.8 ശതമാനം പേര്‍ക്ക് 50 ശതമാനത്തോളം വിഷാദരോഗ ലക്ഷണങ്ങള്‍ കുറഞ്ഞുവന്നതായി കാണാനായി. പ്രധാന ഗ്രൂപ്പില്‍ പെട്ടവരിലാണ് ഈ മാറ്റം വ്യക്തമായത്.

Comments

comments

Categories: Health
Tags: depression