സംസ്ഥാന പൊതുമേഖലാ കമ്പനികളുടെ കല്‍ക്കരി ഇറക്കുമതി ഉയര്‍ന്നു

സംസ്ഥാന പൊതുമേഖലാ കമ്പനികളുടെ കല്‍ക്കരി ഇറക്കുമതി ഉയര്‍ന്നു

പശ്ചിമബംഗാളിലെ ഇറക്കുമതി ഇക്കാലയളവില്‍ 34 ശതമാനം ഇടിയുകയാണ് ഉണ്ടായിട്ടുള്ളത്

കൊല്‍ക്കത്ത: നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ 10 മാസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ ഊര്‍ജ ഉല്‍പ്പാദന കമ്പനികളുടെ മൊത്തം കല്‍ക്കരി ഇറക്കുമതി 2.6 മടങ്ങ് വര്‍ധന പ്രകടമാക്കി. എന്നാല്‍ സ്വകാര്യ സ്വകാര്യമേഖലയിലെ ഉല്‍പ്പാദകരുടെയും കേന്ദ്ര പൊതുമേഖലാ കമ്പനികളുടെയും ഇറക്കുമതിയില്‍ 2.5 ശതമാനം ഇടിവാണ് പ്രകടമായിട്ടുള്ളത്.

താപ വൈദ്യുത നിലയങ്ങളുടെ മൊത്തത്തിലുള്ള കല്‍ക്കരി ഇറക്കുമതി 4.6 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഇക്കാലയളവില്‍ പ്രകടമായിട്ടുള്ളത.് 47.6 മില്യണ്‍ ടണ്‍ ഇറക്കുമതിയാണ് താപവൈദ്യുത നിലയങ്ങള്‍ ഏപ്രില്‍-ജനുവരി കാലയളവില്‍ നടത്തിയത്. താപവൈദ്യുതിയുടെ ആവശ്യകത വര്‍ധിച്ചതാണ് ഇറക്കുമതിയിലും പ്രതിഫലിപ്പിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ആഭ്യന്തര തലത്തില്‍ കല്‍ക്കരി ഉല്‍പ്പാദനം ശുഷ്‌കമായിരുന്നു. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ഉല്‍പ്പാദകര്‍ക്ക് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു.

കേന്ദ്ര ഇലക്ട്രിസിറ്റി അഥോറിറ്റയില്‍ നിന്നുള്ള വിവരപ്രകാരം സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള ഊര്‍ജ കമ്പനികള്‍ മൊത്തം 5.4 മില്യണ്‍ ടണ്‍ ഇറക്കുമതിയാണ് നടത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസങ്ങളില്‍ 2.05 മില്യണ്‍ ടണ്ണായിരുന്നു ഈ കമ്പനികളുടെ മൊത്തം ഇറക്കുമതി. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഊര്‍ജ കമ്പനികളാണ് ഇറക്കുമതി വര്‍ധിപ്പിച്ചത്. ഗുജറാത്തിലെ ജിഎസ്ഇസിഎലിന്റെ കല്‍ക്കരി ഇറക്കുമതി 2017-18ലെ ആദ്യ 10 മാസങ്ങളില്‍ നിന്ന് 2.47 മടങ്ങ് വര്‍ധനയോടെ 2.16 മില്യണ്‍ ടണ്ണിലെത്തി. പശ്ചിമബംഗാളിലെ ഇറക്കുമതി ഇക്കാലയളവില്‍ 34 ശതമാനം ഇടിയുകയാണ് ഉണ്ടായിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങള്‍ നടപ്പു സാമ്പത്തിക വര്‍ഷവും മുന്‍ സാമ്പത്തിക വര്‍ഷവും ഇറക്കുമതി നടത്തിയിട്ടില്ല.

എന്‍ടിപിസി ഉള്‍പ്പടെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ മൊത്തമായി 9.62 ലക്ഷം ടണ്‍ കല്‍ക്കരിയാണ് ഇക്കാലയളവില്‍ ഇറക്കുമതി ചെയ്തിട്ടുള്ളത്. മുന്‍ സാമ്പത്തികവര്‍ഷം സമാന കാലയളവില്‍ 9.78 ലക്ഷം ടണ്ണായിരുന്നു ഇറക്കുമതി. ഇറക്കുമതിചെയ്ത കല്‍ക്കരിയില്‍ ഭൂരിഭാഗവും സ്വകാര്യ ഊര്‍ജ ഉല്‍പ്പാദക കമ്പനികളിലേക്കായിരുന്നു. എന്നാല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇവയുടെ ഇറക്കുമതിയും ഇടിയുകയാണ് ഉണ്ടായിട്ടുള്ളത്.

ഇറക്കുമതി കല്‍ക്കരി മാത്രം ഉപയോഗിക്കുന്ന സ്വകാര്യ കമ്പനികളുടെ ഇക്കാലയളവിലെ ഇറക്കുമതി 31.2 മില്യണ്‍ ടണ്ണാണ്. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവിലെ 32.76 മില്യണ്‍ തന്നില്‍നിന്ന് 3.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര തലത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ കല്‍ക്കരി ഉപയോഗിക്കുന്ന സ്വകാര്യമേഖലാ കമ്പനികള്‍ 10.9 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് മൊത്തത്തില്‍ ഇറക്കുമതി ചെയ്തത്. മുന്‍ സാമ്പത്തിക വര്‍ഷം എപ്രില്‍-ജനുവരിയിലെ 11.1ല്‍ നിന്ന് 1.3 ശതമാനം ഇടിവാണിത്.

Comments

comments

Categories: Business & Economy
Tags: Coal export