ബോയിങ് 737 മാക്‌സ് ജെറ്റ് വിമാനങ്ങള്‍ അപകടകാരിയോ; നിരവധി രാജ്യങ്ങളില്‍ വിലക്ക്

ബോയിങ് 737 മാക്‌സ് ജെറ്റ് വിമാനങ്ങള്‍ അപകടകാരിയോ; നിരവധി രാജ്യങ്ങളില്‍ വിലക്ക്

ഒമാനും യുഎഇയും അടക്കം നിരവധി രാജ്യങ്ങളാണ് ഇതിനോടകം ബോയിങ്. കോയുടെ 737 മാക്‌സ് ജെറ്റ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്

മസ്‌കറ്റ്: 157 പേരുടെ ജീവന്‍ അപഹരിച്ച എത്യോപ്യന്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ കമ്പനിയായ ബോയിങ്. കോയുടെ 737 മാക്‌സ് ജെറ്റ് വിമാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ആറ് മാസത്തിനിടെ ഉണ്ടായ രണ്ട് വിമാന ദുരന്തങ്ങളാണ് 737 മാക്‌സ് ജെറ്റ് വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ലോകത്തിലെ പല വിമാനക്കമ്പനികളെയും പ്രേരിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ പെട്ട വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി സംശയിക്കേണ്ടതില്ലെന്ന് അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആവര്‍ത്തിച്ച് പറയുമ്പോഴും യൂറോപ്യന്‍ യൂണിയനും മറ്റ് സ്ഥാപനങ്ങളും ഈ വിഭാഗം വിമാനങ്ങള്‍ക്ക് പൂര്‍ണ്ണമായും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. നിരവധി രാജ്യങ്ങളാണ് തത്കാലത്തേക്ക് ഈ വിമാനങ്ങള്‍ പറത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നതും.

എത്യോപ്യന്‍ വിമാനാപകടത്തെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ ലാന്‍ഡിംഗും ടേക്ക് ഓഫും നിരോധിച്ചതായി ഒമാന്‍, യുഎഇ അധികാരികള്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ പ്രവര്‍ത്തനം ഒമാനി വിമാനത്താവളങ്ങളില്‍ നിര്‍ത്തലാക്കിയിരിക്കുകയാണെന്ന് പബ്ലിക് അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ 737 മാക്‌സ് വിമാനങ്ങള്‍ക്ക് ആദ്യമായി നിരോധനമേര്‍പ്പെടുത്തിയത് ഒമാനാണ്. ഒമാന്‍ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയറിന് അഞ്ച് 737 മാക്‌സ് വിമാനങ്ങളാണ് ഉള്ളത്. മുന്‍കരുതലെന്ന നിലയ്ക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തങ്ങളും 737 മാക്‌സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായി യുഎഇയിലെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടിയും അറിയിച്ചു. എത്യോപ്യന്‍ വിമാനാപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബോയിങ് കമ്പനിയും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നടത്തുന്ന അന്വേഷണത്തില്‍ പങ്കാളിയാകുമെന്നും യുഎഇ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് നെയ്‌റോബിയിലേക്കുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ 737 മാക്‌സ് എട്ട് വിമാനം ആഡിസ് അബാബയില്‍ നിന്ന് പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം തകര്‍ന്ന് വീണത്. ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 157 പേരും അപകടത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്‌റ്റോബറില്‍ 189 പേരുടെ ജീവനെടുത്ത് കൊണ്ട് ഇന്തോനേഷ്യയിലെ കടലില്‍ തകര്‍ന്ന് വീണതും ലയണ്‍ എയര്‍ ജെറ്റിന്റെ 737 മാക്‌സ് വിമാനം തന്നെയാണെന്ന വസ്തുതയാണ് മാക്‌സ് ജെറ്റ് വിമാനങ്ങള്‍ പ്രവര്‍ത്തനയോഗ്യമല്ലേ എന്ന വിമാനക്കമ്പനികളുടെ സംശയത്തെ ബലപ്പെടുത്തുന്നത്. ടെയ്ക്ക് ഓഫ് ചെയ്ത് മിനിട്ടുകള്‍ക്കകമാണ് ഇരുസംഭവങ്ങളിലും വിമാനം തകര്‍ന്നിരിക്കുന്നത്. ലയണ്‍ എയര്‍ അപകടത്തിന് ശേഷം എത്യോപ്യന്‍ എയര്‍ലൈന്‍സ് പൈലറ്റുകള്‍ക്ക് 737 മാക്‌സ് ജെറ്റ് വിമാനങ്ങളുടെ പറത്തലിന് കൂടുതല്‍ പരിശീലനങ്ങള്‍ നല്‍കിയിട്ടും ഇത്തരമൊരു അപകടമുണ്ടായത് എങ്ങനെയാണെന്നാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അന്വേഷിക്കുന്നത്.

യുഎഇയും ഒമാനുമടക്കം നിരവധി രാജ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ 737 മാക്‌സ് ജെറ്റ് വിമാനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. യൂറോപ്യന്‍ വ്യോമഗതാഗത നിയന്ത്രണ സംവിധാനം മേഖലയില്‍ മുഴുവന്‍ ഈ വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം നിരവധി വിമാനക്കമ്പനികള്‍ സ്വയമേ തങ്ങളുടെ ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം 737 മാക്‌സ് ജെറ്റ് വിമാനങ്ങളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ തക്കതായ കാരണമോ പ്രവര്‍ത്തനങ്ങളില്‍ പാകപ്പിഴകളോ പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനാപകടത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

എത്യോപ്യന്‍ അപകടത്തെ തുടര്‍ന്നുള്ള ആഗോള വിമാനക്കമ്പനികളുടെ പരിഭ്രാന്തി ബോയിങ് വിമാനങ്ങളുടെ വില്‍പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ ബോയിങ് കമ്പനിയുടെ ഓഹരികളില്‍ 6.2 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റയും കോക്പിറ്റ് സംഭാഷണങ്ങളും യുകെയിലെ വിമാന അപകട അന്വേഷണ വിഭാഗത്തിന് അയച്ച് കൊടുത്ത് അപകട കാരണം സംബന്ധിച്ച വിവരങ്ങള്‍ വീണ്ടെടുക്കാനാണ് എത്യോപ്യ ആഗ്രഹിക്കുന്നത്. അമേരിക്കയിലേക്ക് ഇവ എത്തിക്കാനുള്ള യുഎസ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും എത്യോപ്യയുടെ ഈ തീരുമാനം. വിദഗ്ധരായ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് വിമാനത്തിലെ റെക്കോഡറുകളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടുതല്‍ കൃത്യമായി വീണ്ടെടുക്കാന്‍ സാധിക്കുമെന്നതിനാല്‍ ദേശീയ ഗതാഗത സുരക്ഷ ബോര്‍ഡിന് ഇവ അയച്ച് നല്‍കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.

അമേരിക്കന്‍ കമ്പനിയായ ബോയിങ്.കോയില്‍ നിന്നുള്ളതാണ് 737 മാക്‌സ് ജെറ്റ് വിമാനങ്ങള്‍. വിമാനത്തില്‍ യാതൊരു തരത്തിലുമുള്ള സുരക്ഷാവീഴ്ചയും ഇല്ലെന്ന് കമ്പനി സിഇഒ ആയ ഡെന്നീസ് മ്യൂയിലെന്‍ബര്‍ഗ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഫോണിലൂടെ വ്യക്തമാക്കിയിരുന്നു. ആധുനിക വിമാനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി കൊണ്ടിരിക്കുകയാണെന്ന ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് ബോയിങ് സിഇഒ തങ്ങളുടെ വിമാനങ്ങളെ പ്രതിരോധിച്ച് കൊണ്ട് പ്രസ്താവന നല്‍കിയത്.

737 മാക്‌സ് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച രാജ്യങ്ങള്‍

ഓസ്‌ട്രേലിയ ,ഓസ്ട്രിയ,ബെല്‍ജിയം,ബള്‍ഗേറിയ, ചൈന, ക്യൊയേഷ്യ, സിപ്രസ്, ഷെചിയ, ഡെന്‍മാര്‍ക്ക്, എസ്‌തോണിയ,ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗേറിയ, ഐസ് ലാന്റ്, ഇന്ത്യ, ഇന്തോനേഷ്യ, അയര്‍ലന്റ്, ഇറ്റലി, കുവൈറ്റ്, ലാത്‌വിയ, ലീച്ചടെന്‍സ്റ്റീന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മലേഷ്യ, മാള്‍ട്ട, നെതര്‍ലന്റ്, ന്യൂസിലന്റ്, നോര്‍വേ, ഒമാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, സ്‌പെയിന്‍,സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, തുര്‍ക്കി, യുഎഇ, യുകെ, വിയറ്റ്‌നാം.

Comments

comments

Categories: Arabia