8 കമ്പനികളില്‍നിന്ന് 224 കോടിയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി

8 കമ്പനികളില്‍നിന്ന് 224 കോടിയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി

വിവിധ വീടുകളിലും സ്ഥാപനങ്ങളിലും ഒരേസമയം നടത്തിയ തിരച്ചിലില്‍ നിരവധി രേഖകള്‍ നികുതി അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്

ഹൈദരാബാദ്: 1289 കോടി രൂപയുടെ മൂല്യമുള്ള വ്യാജ ഇന്‍വോയ്‌സുകള്‍ സൃഷ്ടിച്ച് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഇനത്തില്‍ 224 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കേന്ദ്ര ജിഎസ്ടി അധികൃതരുടെ വിലയിരുത്തല്‍. ഇരുമ്പ്, സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എട്ടു കമ്പനികളുടെ ഒരു സംഘമാണ് ഈ തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ഹൈദരാബാദ് കേന്ദ്ര ജിഎസ്ടി കമ്മീഷണറേറ്റ് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഈ തട്ടിപ്പ് സംഘത്തിലെ പ്രധാനി എന്ന് കണക്കാക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍നിന്ന് 19.5 കോടി രൂപ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

തട്ടിപ്പിന്റെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ചൊവ്വാഴ്ച രാത്രി വൈകി വിവിധ വീടുകളിലും സ്ഥാാപനങ്ങളിലും ഒരേസമയം നടത്തിയ തിരച്ചിലില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ടിഎംടി ദണ്ഡുകള്‍, എംസ് ദണ്ഡുകള്‍, എംഎസ് ഫഌറ്റ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ യഥാര്‍ത്ഥത്തില്‍ വിതരണം ചെയ്യാതെ ചില കമ്പനികള്‍ വ്യാജ ഇന്‍വോയ്‌സുകള്‍ സൃഷ്ടിച്ച് ഇന്‍പുട്ട് ടാക്‌സ് സംവിധാനം ദുരുപയോഗം ചെയ്യുന്നതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ലഭിച്ച തുകയില്‍ നിന്ന് തട്ടിപ്പ് സംഘത്തിലെ മറ്റ് കമ്പനികള്‍ക്കും വിഹിതം നല്‍കുകയായിരുന്നു. ജിഎസ്ടി സംവിധാനം നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തന്നെ ഈ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

ഇതില്‍ അഞ്ചോളം നികുതിദായകര്‍ ഒരേ വിലാസത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളുടെ ഒട്ടുമിക്ക ഡയറക്റ്റര്‍മാരും പാര്‍ട്ണര്‍മാരും ഓപ്പറേറ്റര്‍മാരും ഒരേ ആളുകളാണ്. മറ്റു കമ്പനികള്‍ക്കും വ്യാജ ഇന്‍വോയിസുകളും ഇ-വേ ബില്ലുകളും ഇവര്‍ സൃഷ്ടിച്ചു നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനായി വ്യാപാര വിവരങ്ങളില്‍ കൃത്രിമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മേല്‍പറഞ്ഞ രീതിയിലുള്ള പ്രവര്‍ത്തനരീതി ഉപയോഗിച്ച് ബാങ്കുകളെയും കബളിപ്പിച്ചിട്ടുണ്ടാകാമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. യോഗ്യതയില്ലാത്ത വായ്പകള്‍ നേടുന്നതിനും ഈടില്ലാതെ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് സ്വന്തമാക്കുന്നതിനും ഈ കമ്പനികള്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് നികുതി അധികൃതര്‍ പരിശോധിക്കുകയാണ്.

നേരത്തേ ലോഹ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് സമാനമായ രീതിയിലുള്ള തട്ടിപ്പ് കണ്ടെത്തിയിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മെറ്റല്‍ സ്‌ക്രാപ്പ് സംരംഭങ്ങള്‍ 200 കോടി രൂപയിലധികം ഇന്‍പുട്ട് ടാക്‌സ് സംവിധാനത്തില്‍ നിന്ന് തട്ടിപ്പിലൂടെ നേടിയെടുത്തെന്നാണ് ഡിസംബറില്‍ കണ്ടെത്തിയിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ 6585 കേസുകളിലായി മൊത്തം 38,896 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പാണ് കണ്ടെത്തിയിരുന്നത്. ഇതില്‍ 9480 കോടി രൂപ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് തിരിച്ചുപിടിച്ചെന്നും ഡിസംബര്‍ അവസാനത്തില്‍ നികുതി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.

Comments

comments

Categories: Business & Economy
Tags: GST, GST Fraud