ഷി ജിന്‍പിംഗിന്റെ പുതിയ ‘സാഹസം’; ബഹിരാകാശത്തൊരു സോളാര്‍ നിലയം

ഷി ജിന്‍പിംഗിന്റെ പുതിയ ‘സാഹസം’; ബഹിരാകാശത്തൊരു സോളാര്‍ നിലയം

2050 ആകുമ്പോഴേക്കും ബഹിരാകാശത്ത് ഒരു സൗരോര്‍ജ നിലയം സ്ഥാപിക്കാനുള്ള മോഹമാണ് ഷി ജിന്‍പിംഗിനുള്ളത്. അവിടെ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് അത് സൂക്ഷമതരംഗങ്ങളായി ഭൂമിയിലേക്ക് അയക്കും. ഇവിടെ സജ്ജമാക്കുന്ന വലിയ റിസീവറുകള്‍ ആ തരംഗങ്ങള്‍ സ്വീകരിച്ച്, ചെലവ് കുറഞ്ഞ വൈദ്യുതി ലഭ്യമാക്കും. ചൈനയുടെ പേര് തങ്കലിപികളില്‍ ചരിത്രം രേഖപ്പെടുത്തും. എന്ത് നല്ല നടക്കാത്ത സ്വപ്‌നമെന്ന് പറയാന്‍ വരട്ടെ…ഇതിനുള്ള പരീക്ഷണ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട് ചൈനീസ് ശാസ്ത്രജ്ഞര്‍

  • സ്ഥിരതയോടെ 2,000 ഗിഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്
  • ഇന്ന് ഭൂമിയിലുള്ള ഏറ്റവും വലിയ സൗരോര്‍ജ പാടങ്ങള്‍ക്ക് പോലും 1.8 ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനേ ശേഷിയുള്ളൂ
  • ബഹിരാകാശത്ത് നിന്ന് സൂക്ഷമതരംഗളങ്ങായിട്ടായിരിക്കാം വൈദ്യുതി ഭൂമിയിലേക്ക് എത്തുക
  • പകലിന്റെയും രാത്രിയുടെയും സമയ വ്യത്യാസങ്ങള്‍ വിഷയമാകില്ല. മേഘം മൂടിയോ സൂര്യന്‍ തെളിഞ്ഞോ എന്ന് കണ്ണുനട്ടിരിക്കേണ്ട കാര്യവുമില്ല
  • ദക്ഷിണപടിഞ്ഞാറന്‍ നഗരമായ ചോംഗ്കിംഗില്‍ പദ്ധതിക്കായുള്ള സജ്ജീകരണങ്ങള്‍ വികസിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട് രാജ്യം

സ്വതസിദ്ധമായ സാമ്പത്തിക, സാമൂഹ്യ പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ലോകത്ത് വിജയകരമായി നിലനില്‍ക്കുന്നുവെന്ന് ‘തോന്നിക്കുന്ന’ കമ്യൂണിസ്റ്റ് രാജ്യമാണ് ചൈന. അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും ഉദാരവല്‍ക്കരണവും ഒന്നും വെച്ച് ചൈനയെ അളക്കാന്‍ സാധിക്കില്ല. ഒരേസമയത്ത് തന്നെ സംരക്ഷണവാദത്തെ പുണരുകയും ആഗോളവല്‍ക്കരണത്തിന് വേണ്ടി ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്നതാണ് അഭിനവ ചൈനയുടെ രീതി. പടിഞ്ഞറാന്‍ മുതലാളിത്തത്തിന്റെ ചില ഏടുകളെ സ്വീകരിക്കാന്‍ ശ്രമിക്കുമ്പോഴും തുറന്ന സമൂഹമാകാതിരിക്കാന്‍ ഏതറ്റം വരെയും പോകും ചൈനയുടെ പുതിയകാല മാവോയായ ഷി ജിന്‍പിംഗ്.

സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച ലിയു സിയാബോയ്ക്ക് പോലും ജീവിതത്തിന്റെ നിറങ്ങള്‍ ജയിലില്‍ കുഴിച്ചുമൂടേണ്ടി വന്ന നാട് (ലിവര്‍ കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2017 ജൂണ്‍ 16ന് മെഡിക്കല്‍ പരോള്‍ ലഭിച്ച സിയാബോ 2017 ജൂലൈ 13ന് മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം). അതേസമയം സാങ്കേതികപരമായും സാമ്പത്തികപരമായും മറ്റ് പല രാജ്യങ്ങള്‍ക്കും അസൂയ തോന്നുന്ന തരത്തില്‍ ചൈന കുതിപ്പ് നടത്തുന്നുവെന്നതാണ് ഒരു പക്ഷേ വൈരുദ്ധ്യാത്മകമായി മാറുന്നത്.

അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത ഒരു സാമ്പത്തിക മുന്നേറ്റത്തിനും യുക്തിയില്ലെന്നത് വേറെക്കാര്യം. എങ്കിലും നിലവില്‍ ചൈന അനിതരസാധാരണമായ ചുവടുവെപ്പുകള്‍ തന്നെയാണ് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ നടത്തുന്നത്. കയ്യടിച്ചാലും കല്ലെറിഞ്ഞാലും അതൊരു സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. സാങ്കേതികപരമായും സാമ്പത്തികപരമായും ലോകത്തെ അനിഷേധ്യശക്തിയായി കമ്യൂണിസ്റ്റ് രാജ്യത്തെ മാറ്റുകയെന്ന ഉദ്ദേശ്യത്തിലാണ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പല സാഹസങ്ങള്‍ക്കും മുതിരുന്നത്. അതിലെ ഏറ്റവും ഒടുവിലത്തേതാണ് ബഹിരാകാശത്തെ സൗരോര്‍ജ നിലയം.

കൗതുകം, അമ്പരപ്പ്, ബഹിരാകാശം

2050 ആകുമ്പോഴേക്കും ബഹിരാകാശത്ത് ഒരു സൗരോര്‍ജ നിലയം സ്ഥാപിക്കാനുള്ള മോഹമാണ് ഷി ജിന്‍പിംഗിനുള്ളത്. ഇതിനുള്ള പരീക്ഷണ സംവിധാനങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട് ചൈനീസ് ശാസ്ത്രജ്ഞര്‍. വൈദ്യുതി വിതരണത്തിലെ വിപ്ലവമാണ് പുറമെയുള്ള അജണ്ടയായി ചൈന പ്രഖ്യാപിച്ചിട്ടുള്ളത്. രഹസ്യ അജണ്ടകള്‍ വേറെയുമുണ്ടാകാം.

ഹരിതോര്‍ജ വിപ്ലവത്തിന് പുതുമാനം

ഹരിതോര്‍ജത്തിന്റെ പുതിയ കാലത്തിലേക്കാണ് ലോകം നടന്നുകയറുന്നത്. പരമ്പരാഗത ഊര്‍ജ സ്രോതസ്സുകളുടെ ദൂരവ്യാപക പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം വന്നതോടെ സകലരും ഇന്ന് പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ടെസ്ലയിലൂടെ ഇലക്ട്രിക് കാര്‍ വിപ്ലവത്തിനും സോളാര്‍ സിറ്റിയിലൂടെ സൗരോര്‍ജ വിപ്ലവത്തിനും നാന്ദി കുറിച്ച ഇലോണ്‍ മസ്‌ക്കിനെ പോലുള്ള സംരംഭകരെയും ബഹിരാകാശ ശാസ്ത്രഗവേഷണത്തിലെ അവസാന വാക്കെന്ന് മേനിനടിക്കുന്ന അമേരിക്കയുടെ നാസയെയും വരെ കടത്തിവെട്ടുന്ന രീതിയിലാണ് ഈ രംഗത്ത് ചൈനയുടെ മുന്നേറ്റം.

സൗരോര്‍ജ സാധ്യതകള്‍ക്ക് ജനകീയമുഖം കൈവന്നുകഴിഞ്ഞു. എന്നാല്‍ ചൈന അതിനെ ഒരാളും വിചാരിക്കാത്ത തലത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. ബഹിരാകാശത്തൊരു സൗരോര്‍ജ നിലയം. അതാണ് ഷി ജിന്‍പിംഗിന്റെ സ്വപ്‌നം. ഊര്‍ജത്തിന്റെ ആത്യന്തിക സ്രോതസ്സായ സൂര്യനെ അങ്ങ് ബഹിരാകാശത്ത് വച്ചേ വരുതിയില്‍ നിര്‍ത്താനുള്ള പദ്ധതിയുടെ വിജയസാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. എങ്കിലും പദ്ധതി നടപ്പായാല്‍ ശാസ്ത്രരംഗത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ചൈനയുടെ പേരെഴുതിച്ചേര്‍ക്കാം. ആദ്യമായാകും ഒരു രാജ്യം ഇത്തരമൊരു സാഹസത്തിന് ഒരുമ്പെട്ടിറങ്ങി വിജയം കൊയ്യുന്നത്.

സൂര്യന്‍ എപ്പോഴും വെട്ടിത്തിളങ്ങുന്നത് ബഹിരാകാശത്താണ്. അതുകൊണ്ടുതന്നെ സ്‌പേസ് അധിഷ്ഠിത സൗരോര്‍ജത്തിന് സമാനതകളില്ലാത്ത സവിശേഷതയുണ്ട്. പുനരുപയോഗ ഊര്‍ജത്തിന്റെ ഏറ്റവും വിശ്വാസയോഗ്യമായ സ്രോതസായി ‘ചൈനീസ് സൂര്യനെ’ അത് മാറ്റും.

സൗരോര്‍ജ്ജ സംഭരണത്തിന് പകലിന്റെയും രാത്രിയുടെയും സമയ വ്യത്യാസങ്ങള്‍ വിഷയമാകില്ല. മേഘം മൂടിയോ സൂര്യന്‍ തെളിഞ്ഞോ എന്ന് കണ്ണുനട്ടിരിക്കേണ്ട കാര്യവുമില്ല. നിലിവിലേതിനേക്കാളും എത്രയോ മടങ്ങ് ഊര്‍ജം സംഭരിക്കാനുള്ള ശേഷിയാണ് പുതിയ സംവിധാനത്തിലൂടെ കൈവരിക.

അത്ര എളുപ്പമല്ല കാര്യങ്ങള്‍

ബഹിരാകാശത്ത് വെച്ച് ഊര്‍ജം സംഭരിച്ച് അത് വൈദ്യുതിയാക്കി മാറ്റി ഭൂമിയിലേക്ക് അയക്കുകയെന്നത് ചിന്തിക്കാന്‍ രസരകരവും ആവേശവുമാണ്. സയന്‍സ് ഫിക്ഷനെല്ലാം തോന്നുന്ന ഇത് പ്രയോഗത്തില്‍ വരുത്താന്‍ അത്ര എളുപ്പത്തില്‍ സാധിക്കില്ല. സൗരോര്‍ജം പിടിച്ചെടുക്കാനും അത് ഭൂമിയിലേക്ക് അയക്കാനും പാകത്തിലുള്ള ഹാര്‍ഡ്‌വെയര്‍ വികസിപ്പിക്കുകയെന്നതും അത് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുകയെന്നതും അത്യന്തം സങ്കീര്‍ണവും അതിലുപരി ചെലവേറിയതുമായ പദ്ധതിയാണ്. എന്നാല്‍ തടസങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ നൂതനാത്മകപദ്ധതിയുമായി മുന്നോട്ട് പോകാനാണ് ചൈനയുടെ തീരുമാനം. ദക്ഷിണപടിഞ്ഞാറന്‍ നഗരമായ ചോംഗ്കിംഗില്‍ ഇതിന് വേണ്ടിയിട്ടുള്ള സജ്ജീകരണങ്ങള്‍ വികസിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട് രാജ്യം. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് സൗരോര്‍ജാധിഷ്ഠിത വൈദ്യുതി കൊണ്ടുവരുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്തൈന്ന് കണ്ടെത്തുന്നതിനായുള്ള ഗവേഷണമാണ് ആരംഭിച്ചിരിക്കുന്നത്.

ആശയം പഴയത്, ധൈര്യം പോരായിരുന്നു

പുനരുപയോഗ ഊര്‍ജത്തിന്റെ വറ്റാത്ത സ്രോതസായി, ബഹിരാകാശം കേന്ദ്രമാക്കി വികസിപ്പിക്കുന്ന സൗരോര്‍ജ നിലയത്തെ മാറ്റാമെന്ന ആശയം 1970കളിലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളൊന്നും മുന്നോട്ട് പോയില്ല. സാങ്കേതികപരമായി വലിയ പശ്ചാത്തലം വേണമായിരുന്നു. അതിസങ്കീര്‍ണമായ സാങ്കേതിക ആവശ്യകതകള്‍ നിറവേറ്റുകയെന്നത് അന്ന് കഠിനവും ഏറെക്കുറേ അസാധ്യവുമായിട്ടാണ് കരുതിപ്പോന്നത്. അതിനുള്ള ഭാരിച്ച ചെലവുകൂടി കണക്കിലെടുത്തപ്പോള്‍ ആരും സാഹസത്തിന് മുതിര്‍ന്നില്ല.

വയര്‍ലെസ് പ്രസരണരംഗത്ത് വന്ന മാറ്റങ്ങളും ഫോട്ടോവോള്‍ട്ടായിക് സെല്ലുകളുടെ ഡിസൈനിലും കാര്യശേഷിയിലും വന്ന പുരോഗതിയുമാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. പ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്നതിന്റെ സാധ്യതകളുടെ ഏറ്റവും അത്യാധുനിക തലങ്ങള്‍ ഉപയോഗപ്പെടുത്തുന്നതാണ് ഇത്തരം സാഹസ പദ്ധതികളുടെ അടിസ്ഥാനം. ബഹിരാകാശത്ത് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഭൂമിയിലേക്ക് കൊണ്ടുവരികയെന്നതിന്റെ യുക്തിയും അതുതന്നെയാണ്.

ഊര്‍ജ ആവശ്യകത കൂടുന്നു

ലോകത്ത് ജനസംഖ്യയില്‍ വരുന്ന അഭൂതപൂര്‍വമായ വര്‍ധന ഊര്‍ജത്തിന്റെ ആവശ്യകത അസാധാരണമായ തരത്തില്‍ കൂട്ടുന്നു. 2050 ആകുമ്പോഴേക്കും 9 ബില്ല്യണ്‍ ആയി മാറും ജനസംഖ്യ. ഇവര്‍ക്കെല്ലാമുള്ള ഊര്‍ജം എവിടെ നിന്നുകിട്ടും? കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമെല്ലാം മനുഷ്യരാശിക്ക് മേല്‍ ഭീഷണിയായി എത്തിയതോടെ പരമ്പരാഗതമായ ഊര്‍ജ സ്രോതസുകള്‍ക്കെല്ലാം പ്രസക്തി നഷ്ടമാവുകയാണ്. എന്നാല്‍ സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു പോലെ നടക്കുകയുമില്ല. ജപ്പാനിലും ഉത്തര യൂറോപ്പിലുമൊന്നും സൂര്യന്‍ അത്ര കനിഞ്ഞ് പ്രകാശം ചൊരിയുന്നില്ലെന്നോര്‍ക്കുക.

അടുത്ത 50 വര്‍ഷത്തേക്കുള്ള ലോകത്തിന്റെ ഊര്‍ജ ആവശ്യകത വളരെ കൂടുതലായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സൂര്യന്‍ എപ്പോഴും തിളങ്ങി നില്‍ക്കുന്നിടത്ത് നിന്ന് പ്രകാശത്തെ പിടിച്ചെടുത്ത് വൈദ്യുതിയാക്കി, ഭൂമിക്ക് യാതൊരു വിധത്തിലും ദോഷം ചെയ്യാതെ എത്തിക്കുകയാണ് മുന്നിലുള്ള ഏറ്റവും മികച്ച പോംവഴി. ലോകരാജ്യങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇത്തരത്തിലുള്ള വൈദ്യുതി ലഭ്യമാകുകയും വേണം.

ഇതെല്ലാം നടക്കുമോ

ചൈനയുടെ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇതെങ്ങനെയാകും എന്നതിനെക്കുറിച്ചുള്ള ചില സാധ്യതകള്‍ ശാസ്ത്രജ്ഞന്മാര്‍ തുറന്നു പറഞ്ഞു കഴിഞ്ഞു. ഒരു സാധ്യത ഇതാണ്. ആയിരക്കണക്കിന് സോളാര്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയക്കും. അതെല്ലാം കൂടി ഒരു കോണ്‍ ആകൃതിയുള്ള ഘടനയിലേക്ക് മാറും. ഭൂമിയില്‍ നിന്നും 22,000 മൈലുകള്‍ മുകളിലായാകും ഇത് രൂപപ്പെടുക.

‘സംഘം ചേര്‍ന്ന’ ഈ സാറ്റലൈറ്റുകള്‍ ഫോട്ടോവോള്‍ട്ടായിക് പാനലുകളാല്‍ ആവരണം ചെയ്യപ്പെടും, സൂര്യപ്രകാശത്തെ വൈദ്യുതിയായി മാറ്റുന്നതിനുവേണ്ടിയാണിത്. തുടര്‍ന്ന് വൈദ്യുതിയെ സൂക്ഷമതരംഗങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തി ഭൂമിയിലേക്ക് അയക്കുകയാണ് ചെയ്യുക. വയര്‍ലെസ് ആയി വരുന്ന ഈ സൂക്ഷമതരംഗങ്ങളെ ഭൂമിയിലെ റിസീവര്‍ സങ്കേതങ്ങള്‍ സ്വീകരിക്കുന്നു. അതിവലുപ്പത്തിലുള്ളതാകും സൂക്ഷമതരംഗങ്ങള്‍ സ്വീകരിക്കുന്ന റിസീവര്‍ സങ്കേതങ്ങള്‍. പുഴകള്‍ക്ക് മീതെയോ മരുഭൂമിയലോ എല്ലാം സജ്ജീകരിക്കാവുന്ന തരത്തിലുള്ള സംവിധാനമാകുമത്.

ഇത്തരത്തിലുള്ളൊരു സംവിധാനമുപയോഗിച്ച് സ്ഥിരതയോടെ 2,000 ഗിഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് ജോണ്‍ മാന്‍കിന്‍സ് എന്ന ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടത്. 1990കളില്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഉപേക്ഷിക്കപ്പെട്ട ഇത്തരമൊരു പദ്ധതിക്ക് നേതൃത്വം നല്‍കിയ ഭൗതിക ശാസ്ത്രജ്ഞനാണ് മാന്‍കിന്‍സ്.

ഇന്ന് ഭൂമിയിലുള്ള ഏറ്റവും വലിയ സൗരോര്‍ജ പാടങ്ങള്‍ക്ക് പോലും 1.8 ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമേ ശേഷിയുള്ളൂ. ഈ കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് മനുഷ്യരാശിക്ക് മുഴുവന്‍ എത്രമാത്രം ഉപയോഗപ്പെടുന്നതാണ് ചൈനയുടെ പദ്ധതിയെന്നത് ബോധ്യമാകൂ.

മുന്നോട്ടുള്ള വഴി എങ്ങനെ

ഇത്തരമൊരു ബൃഹദ് പദ്ധതിക്ക് വേണ്ടി എത്രമാത്രം തുകയാണ് ചെലവിടുന്നതെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അഭൂതപൂര്‍വമായ നിക്ഷേപം വേണ്ടതാണ് ബഹിരാകാശ സോളാര്‍ നിലയം. ഈ ശാസ്ത്രസാഹസത്തിനു വേണ്ട സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ ചെറിയ രീതിയില്‍ പരീക്ഷിക്കാന്‍ മാത്രം 150 മില്ല്യണ്‍ ഡോളറെങ്കിലും വേണ്ടി വരും. നേരത്തെ പറഞ്ഞ സോളാര്‍ സാറ്റലൈറ്റുകളുടെ ചെലവ് കേട്ടാല്‍ ഞെട്ടും. ഒന്നിന് തന്നെ 10 ബില്യണ്‍ ഡോളറെന്നാണ് ചില അനുമാനങ്ങള്‍.

ഒരിക്കലും നിലയ്ക്കാത്ത ഊര്‍ജ സ്രോതസ്സിനുവേണ്ടിയുള്ള ചൈനയുടെ ശ്രമത്തിന് എത്രമാത്രം പിന്തുണ ലോകം നല്‍കുമെന്നതും കണ്ടറിയണം. കാരണം ചൈനയുടെ മിക്ക സാങ്കേതിക മുന്നേറ്റങ്ങളും അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മാര്‍ഗങ്ങളാണെന്ന വിമര്‍ശനങ്ങള്‍ സജീവമായി നിലനില്‍ക്കുമ്പോഴാണ് ഇത്തരമൊരു വിപ്ലവ പദ്ധതി നടപ്പിലാക്കാന്‍ ഷി ജിന്‍പിംഗ് തുനിയുന്നത്.

Categories: Top Stories

Related Articles