ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 പരിഷ്‌കരിക്കും

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 പരിഷ്‌കരിക്കും

ഇന്ത്യയില്‍ വിറ്റ എല്ലാ അപ്പാച്ചെ ആര്‍ആര്‍ 310 ബൈക്കുകളും സൗജന്യമായി അപ്‌ഡേറ്റ് ചെയ്തുതരും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ വിറ്റ എല്ലാ അപ്പാച്ചെ ആര്‍ആര്‍ 310 ബൈക്കുകളും നവീകരിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി. മികച്ച പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് ഇസിയു (എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ്) പരിഷ്‌കരിക്കും. കൂടാതെ, വൈബ്രേഷന്‍ കുറയ്ക്കുന്നതിന് കൂടുതല്‍ ഭാരമേറിയ ബാര്‍ എന്‍ഡ് വെയ്റ്റുകള്‍ നല്‍കും. പുതിയ ചെയിന്‍ റോളര്‍ ഘടിപ്പിക്കുകയും ചെയ്യും. കൂടുതല്‍ മികച്ച എയ്‌റോഡൈനാമിക്‌സ് ലഭിക്കുന്നതിന് വൈസര്‍ മാറ്റുമെന്നും ടിവിഎസ് വ്യക്തമാക്കി.

എല്ലാ അപ്പാച്ചെ ആര്‍ആര്‍ 310 ഉടമകളെയും എസ്എംഎസ് മുഖേന അറിയിക്കുമെന്ന് ടിവിഎസ് അറിയിച്ചു. ഉടമകള്‍ക്ക് തൊട്ടടുത്ത സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി മോട്ടോര്‍സൈക്കിള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. കൂടാതെ, സാധാരണ സര്‍വീസിനായി കൊണ്ടുപോകുമ്പോഴും മോട്ടോര്‍സൈക്കിള്‍ അപ്‌ഡേറ്റ് ചെയ്തുവാങ്ങാം. പരിഷ്‌കാരങ്ങള്‍ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു.

2018 ല്‍ വിപണിയിലെത്തിച്ച അപ്പാച്ചെ ആര്‍ആര്‍ 310 നിലവില്‍ ടിവിഎസ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട മോഡലാണ്. ബിഎംഡബ്ല്യു ജി 310 ആര്‍, ജി 310 ജിഎസ് ബൈക്കുകള്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനാണ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. 313 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 33.5 ബിഎച്ച്പി കരുത്തും 27.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചിരിക്കുന്നു. മിഡ് റേഞ്ചില്‍ അപ്പാച്ചെ ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിളിന് വൈബ്രേഷന്‍ അനുഭവപ്പെടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

Comments

comments

Categories: Auto