അരങ്ങേറ്റത്തിന് തയ്യാറെടുത്ത് സുസുകി എര്‍ട്ടിഗ ജിടി

അരങ്ങേറ്റത്തിന് തയ്യാറെടുത്ത് സുസുകി എര്‍ട്ടിഗ ജിടി

ഈ മാസം 22 ന് ഇന്തോനേഷ്യന്‍ വിപണിയിലാണ് ജിടി പതിപ്പ് അരങ്ങേറുന്നത്

ന്യൂഡെല്‍ഹി : എര്‍ട്ടിഗ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ ഗ്രാന്‍ഡ് ടൂറര്‍ (ജിടി) പതിപ്പ് അരങ്ങേറ്റത്തിന് ഒരുങ്ങി. എന്നാല്‍ ഇന്ത്യന്‍ വിപണി ലക്ഷ്യം വെച്ചല്ല സുസുകി എര്‍ട്ടിഗ ജിടി തയ്യാറെടുക്കുന്നത്. ഈ മാസം 22 ന് ഇന്തോനേഷ്യന്‍ വിപണിയിലാണ് ജിടി വേര്‍ഷന്‍ അരങ്ങേറ്റം നടത്തുന്നത്. ഇതിനു മുന്നോടിയായി ടീസര്‍ ചിത്രം പുറത്തിറങ്ങി. സ്റ്റാന്‍ഡേഡ് എര്‍ട്ടിഗയില്‍നിന്ന് വ്യത്യസ്തമായി സ്‌പോര്‍ടി വേര്‍ഷനില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഗ്രാന്‍ഡ് ടൂറര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

പൂര്‍ണ്ണമായും കറുപ്പ് നിറത്തിലാണ് ചോര്‍ന്നുകിട്ടിയ ചിത്രങ്ങളില്‍ സുസുകി എര്‍ട്ടിഗ ജിടി പതിപ്പിനെ കാണുന്നത്. ക്രോം സാന്നിധ്യം നിറഞ്ഞുനിന്ന ഗ്രില്ലിന് പകരം ഓള്‍ ബ്ലാക്ക് ഗ്രില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ബംപര്‍ ഡിസൈന്‍ പുതിയതാണ്. ലിപ് സ്‌പോയ്‌ലര്‍ കൂടി നല്‍കിയിരിക്കുന്നു. സൈഡ് സ്‌കര്‍ട്ടുകള്‍ ഇപ്പോള്‍ കാണാം. ഫോ ഡിഫ്യൂസര്‍, റൂഫില്‍ സ്ഥാപിച്ച റിയര്‍ സ്‌പോയ്‌ലര്‍ എന്നിവയും മാറ്റങ്ങളുടെ ഗണത്തില്‍പ്പെടുത്താം. അലോയ് വീലുകളും കറുപ്പ് നിറമണിഞ്ഞിരിക്കുന്നു. ടെയ്ല്‍ഗേറ്റില്‍ ജിടി, സുസുകി സ്‌പോര്‍ട് എന്നീ ബാഡ്ജുകള്‍ നല്‍കിയിട്ടുണ്ട്.

സുസുകി എര്‍ട്ടിഗ ജിടി വേര്‍ഷന്റെ കാബിന്‍ എങ്ങനെയിരിക്കുമെന്ന വിവരം ലഭ്യമായിട്ടില്ല. എന്നാല്‍ കറുപ്പ് നിറ സാന്നിധ്യം തീര്‍ച്ചയായും പ്രതീക്ഷിക്കാം. മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. ഇരട്ട എയര്‍ബാഗുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയവ അടിസ്ഥാന സുരക്ഷാ സവിശേഷതകളായിരിക്കും.

ഇന്ത്യയിലെ മാരുതി സുസുകി എര്‍ട്ടിഗ ഉപയോഗിക്കുന്ന അതേ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ സുസുകി എര്‍ട്ടിഗ ജിടി മോഡലിന് കരുത്തേകും. സ്റ്റാന്‍ഡേഡ് വേര്‍ഷനിലെ മോട്ടോര്‍ 103 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. എന്നാല്‍ ജിടി വേര്‍ഷനില്‍ ഉപയോഗിക്കുമ്പോള്‍ ഈ കണക്കുകളില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Comments

comments

Categories: Auto