വേതനം നല്‍കാന്‍ കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ സഹായം

വേതനം നല്‍കാന്‍ കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ സഹായം

ഏപ്രില്‍ പകുതിയോടെ സംസ്ഥാനങ്ങള്‍ക്ക് ചെലവായ തുക തിരിച്ച് നല്‍കും

ന്യൂഡെല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുകീഴില്‍ നല്‍കാനുള്ള വേതനം സംസ്ഥാനങ്ങളുടെ ഖജനാവില്‍ നിന്നും കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബീഹാര്‍, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവ അടക്കമുള്ള സംസ്ഥാനങ്ങളോടാണ് തൊഴിലുറപ്പ് വേതനം സ്വന്തം ഖജനാവില്‍ നിന്നും കൊടുക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്.

ഈ വര്‍ഷം അവസാനത്തോടെ കൊടുത്തുതീര്‍ക്കാനുള്ള തൊഴിലുറപ്പ് വേതനതുക എക്കാലത്തെയും താഴ്ന്ന തലത്തിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവഴി നോക്കുന്നത്. ഏപ്രില്‍ പകുതിയോടെ സംസ്ഥാനങ്ങള്‍ക്ക് ചെലവായ തുക തിരിച്ച് നല്‍കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎന്‍ആര്‍ഇജിഎ) അനുസരിച്ച് നടപ്പു സാമ്പത്തിക വര്‍ഷം വേതനം നല്‍കുന്നതിനായി ഗ്രാമ വികസന വകുപ്പിന് 1,750 കോടി രൂപയുടെ അധിക സഹായവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിന് സംസ്ഥാനങ്ങളില്‍ നിന്നുള്ള വായ്പയും കേന്ദ്ര സഹായവും ചേര്‍ന്ന് 5,750 കോടി രൂപ ലഭ്യമാണ്.

100 ദിവസത്തെ തൊഴില്‍ ദിനങ്ങളാണ് പദ്ധതി ഉറപ്പുനല്‍കുന്നത്. 8,500 കോടി രൂപയാണ് നടപ്പു സാമ്പത്തിക വര്‍ഷം കൊടുത്തുതീര്‍ക്കാനുള്ള വേതനം. 61,084 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പദ്ധതിക്കായി സര്‍ക്കാര്‍ നേരത്തെ വകയിരുത്തിയത്. ഇതിനുപുറമെയാണ് 1,750 കോടി രൂപയുടെ അധിക സഹായവും ഗ്രാമ വികസന വകുപ്പിന് സര്‍ക്കാര്‍ നല്‍കിയത്. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള സഹായം കൂടി ആകുന്നതോടെ മുടങ്ങികിടക്കുന്ന വേതനത്തിന്റെ അളവ് ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് എത്തിക്കാനാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

വേതനം മുടങ്ങിക്കിടക്കുന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ഖജനാവില്‍ നിന്ന് ആയിരം കോടി രൂപ വീതമാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആന്ധ്രപ്രദേശ് സര്‍ക്കാരില്‍ നിന്ന് 700 കോടി രൂപയും മധ്യപ്രദേശിന്റെ ഖജനാവില്‍ നിന്ന് 300 കോടി രൂപയും നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബീഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ 500 കോടി രൂപ വീതം നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ആന്ധ്രാപ്രദേശ്, കര്‍ണാടക, പശ്ചിമബംഗാള്‍, മധ്യപ്രദേശ് എന്നിവ ഇതിനകം തുക വിതരണം ചെയ്ത് കഴിഞ്ഞു. ഇതില്‍ ബീഹാറും യുപിയും മാത്രമാണ് ഇനി വായ്പ അനുവദിക്കാനുള്ളത്.

Comments

comments

Categories: FK News
Tags: Wage