സൗദിയില്‍ ആദ്യ വാണിജ്യ ഹെലികോപ്റ്റര്‍ കമ്പനി നിലവില്‍ വന്നു

സൗദിയില്‍ ആദ്യ വാണിജ്യ ഹെലികോപ്റ്റര്‍ കമ്പനി നിലവില്‍ വന്നു

പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് കമ്പനിക്ക് രൂപം നല്‍കിയത്

റിയാദ്: രാജ്യത്തെ ആദ്യ വാണിജ്യ ഹെലികോപ്റ്റര്‍ കമ്പനിക്ക് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) രൂപം നല്‍കി. 56.5 ദശലക്ഷം സൗദി റിയാലിന്റെ പ്രഥമ മൂലധനമാണ് കമ്പനിക്കായി പിഐഎഫ് മുടക്കിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

സൗദിയിലെ പ്രധാന നഗരങ്ങളിലേക്കും രാജ്യത്തിനുള്ളിലെ മറ്റ് മേഖലകളിലേക്കുമുള്ള സ്വകാര്യ വ്യോമഗതാഗത സേവനങ്ങളും ടൂറിസ്റ്റ് യാത്രകളും ഹെലികോപ്റ്റര്‍ കമ്പനി മുഖേന ലഭ്യമാകും. രാജ്യത്തെ വ്യോമയാന മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുക എന്നതിന് പുറമേ ആഡംബര ടൂറിസം രംഗത്ത് നിന്നും വ്യോമഗതാഗത രംഗത്ത് നാഗരികരില്‍ നിന്നുമുള്ള ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇത്തരത്തില്‍ വാണിജ്യ ഹെലികോപ്റ്റര്‍ കമ്പനിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍് ഫണ്ട് തീരുമാനിച്ചത്.

അടിസ്ഥാന സൗകര്യ വികസനം, വിനോദം തുടങ്ങി വിവിധ മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ട് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് എണ്ണവിപണിയിലുള്ള ആശ്രയത്വം കുറച്ചുകൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയുള്ള വിഷന്‍ 2030യുടെ ഭാഗമാണ് ഈ പുതിയ സംരംഭവും. ഏകദേശം 360 ബില്യണ്‍ ഡോളര്‍ ആസ്തി കണക്കാക്കപ്പെടുന്ന പിഐഎഫ് ഈ ലക്ഷ്യം നേടുന്നതിനായി പല മേഖലകളിലും നിക്ഷേപം നടത്തുന്നുണ്ട്. യുഎസ് ആസ്ഥാനമായുള്ള യുബര്‍ ടെക്‌നോളജീസ്, ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല, ലൂസിഡ് മോട്ടോഴ്‌സ് എന്നീ കമ്പനികളിലും പിഐഎഫ് നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.

Comments

comments

Categories: FK News