പുതിയ ബോര്‍ഡ് രൂപീകരിക്കുമെന്ന് റെനോ, നിസാന്‍, മിറ്റ്‌സുബിഷി

പുതിയ ബോര്‍ഡ് രൂപീകരിക്കുമെന്ന് റെനോ, നിസാന്‍, മിറ്റ്‌സുബിഷി

റെനോ ചെയര്‍മാന്‍ ജീന്‍ ഡൊമിനിക് സെനാര്‍ഡ് പുതിയ സംയുക്ത ബോര്‍ഡിന്റെ അധ്യക്ഷനായിരിക്കും

ടോക്കിയോ : കാര്‍ലോസ് ഗോണുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ക്കുശേഷം റെനോ, നിസാന്‍, മിറ്റ്‌സുബിഷി സഖ്യം പുതിയ തുടക്കത്തിന് തയ്യാറെടുക്കുന്നു. പുതിയ സംയുക്ത ബോര്‍ഡ് രൂപീകരിക്കുമെന്ന് മൂന്ന് വാഹന നിര്‍മ്മാതാക്കളും ചേര്‍ന്ന് തയ്യാറാക്കിയ ധാരണാപത്രം വ്യക്തമാക്കുന്നു. റെനോ ചെയര്‍മാന്‍ ജീന്‍ ഡൊമിനിക് സെനാര്‍ഡ് പുതിയ സംയുക്ത ബോര്‍ഡിന്റെ അധ്യക്ഷനായിരിക്കും. റെനോ സിഇഒ തിയറി ബൊളോര്‍, നിസാന്‍ സിഇഒ ഹിരോതോ സായ്കാവ, മിറ്റ്‌സുബിഷി സിഇഒ ഒസാമു മസുകോ എന്നിവരായിരിക്കും മറ്റ് മൂന്ന് പ്രധാന അംഗങ്ങള്‍.

മൂന്ന് കമ്പനികളും രൂപീകരിച്ച നിലവിലെ സംയുക്ത സംരംഭങ്ങളും സമിതികളും പുതിയ ബോര്‍ഡിന് കീഴില്‍ വരും. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബോര്‍ഡ് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അഭിപ്രായ ഐക്യത്തോടെ ആയിരിക്കണമെന്ന് ധാരണാപത്രത്തില്‍ നിര്‍ദ്ദേശിക്കുന്നു. സഖ്യത്തിലെ ഓരോ കമ്പനിക്കും വിന്‍-വിന്‍ ആയിരിക്കണം തീരുമാനങ്ങള്‍. നിസാന്‍, റെനോ, മിറ്റ്‌സുബിഷി എന്നീ വാഹന നിര്‍മ്മാതാക്കള്‍ക്കിടയിലെ പ്രവര്‍ത്തനപരമായ സഹകരണത്തിന് പുതിയ സംയുക്ത ബോര്‍ഡ് മുന്‍കയ്യെടുക്കും. കാര്‍ലോസ് ഗോണിന് പകരം പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിന് നിസാന്‍ പ്രത്യേക സമിതി രൂപീകരിച്ചതില്‍ റെനോ സമ്മതമറിയിച്ചു.

2018 നവംബറില്‍ ടോക്കിയോയില്‍ കാര്‍ലോസ് ഗോണിനെ അറസ്റ്റ് ചെയ്തതിനെതുടര്‍ന്ന് റെനോയും നിസാനും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു. നിസാന്‍, മിറ്റ്‌സുബിഷി ചെയര്‍മാന്‍ സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കപ്പെടുകയും റെനോയുടെ ചെയര്‍മാന്‍, സിഇഒ സ്ഥാനങ്ങളില്‍നിന്ന് രാജി വെയ്ക്കുകയും ചെയ്‌തെങ്കിലും നിസാന്റെയും റെനോയുടെയും ഡയറക്റ്ററായി കാര്‍ലോസ് ഗോണ്‍ ഇപ്പോഴും തുടരുകയാണ്. ഏപ്രില്‍ എട്ടിന് നടക്കുന്ന നിസാന്റെ ഓഹരിയുടമകളുടെ യോഗത്തില്‍ ബോര്‍ഡില്‍നിന്ന് ഗോണിനെ നീക്കം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. കാര്‍ലോസ് ഗോണ്‍ ഇപ്പോള്‍ ജപ്പാനില്‍ ജാമ്യത്തിലാണ്.

Comments

comments

Categories: Auto