രുചി സോയക്കായി പതഞ്ജലിയുടെ വാഗ്ദാനം 4,350 കോടി രൂപ

രുചി സോയക്കായി പതഞ്ജലിയുടെ വാഗ്ദാനം 4,350 കോടി രൂപ

വാഗ്ദാനം പുതുക്കി; 1,700 കോടി രൂപ കമ്പനിയില്‍ അധികമായി നിക്ഷേപിക്കും

ഇന്‍ഡോര്‍: കടക്കെണിയില്‍ പെട്ട് പാപ്പരായ പ്രമുഖ ഭക്ഷ്യ എണ്ണ നിര്‍മാതാക്കളായ രുചി സോയയെ ഏറ്റെടുക്കുന്നതിന് 4,350 കോടി രൂപ വാഗ്ദാനം ചെയ്ത് യോഗാ ഗുരു ബാബ രാം ദേവിന്റെ പതഞ്ജലി ആയുര്‍വേദ്. രുചി സോയയുടെ വായ്പാ ദാതാക്കളായ ബാങ്കുകളുടെ കടം വീട്ടാനാണ് തുക ഉപയോഗിക്കുക. ഇതിന് പുറമെ കമ്പനിയില്‍ 1,700 കോടി രൂപ കൂടി നിക്ഷേപിക്കുമെന്നും പതഞ്ജലി വ്യക്തമാക്കി. ബിഡ് അംഗീകരിക്കപ്പെട്ടാല്‍ വായ്പാ ദാതാക്കള്‍ രുചി സോയക്ക് നല്‍കിയ വായ്പയുടെ 60 ശതമാനം തുകയും എഴുതി തള്ളേണ്ടി വരും.

നേരത്തെ നല്‍കിയിരുന്ന 4,100 കോടി രൂപയുടെ ഏറ്റെടുക്കല്‍ വാഗ്ദാനം പരിഷ്‌കരിച്ചാണ് പതഞ്ജലി പുതിയ തുക പ്രഖ്യാപിച്ചിക്കുന്നത്. ഗൗതം അദാനിയുടെ അദാനി വില്‍മര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 4,300 കോടി രൂപ രുചി സോയക്ക് നല്‍കാമെന്ന് വാദ്ഗാനം ചെയ്തിരുന്നു. ഇതിന് പുറമെ 1,700 കോടി രൂപ നിക്ഷേപ വാഗ്ദാനവും അദാനി നടത്തി. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഈ വാദ്ഗാനം ജനുവരിയില്‍ പിന്‍വലിച്ചു. മികച്ച ഓഫര്‍ ആരുടേതാണെന്ന വിഷയത്തില്‍ പതഞ്ജലിയും അദാനി വില്‍മറും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും ചെയ്തു.

പതഞ്ജലിക്കും അഡാനി വില്‍മറിനും പുറമെ സ്വകാര്യ ഇക്വിറ്റി പ്രമുഖരായ കെകെആര്‍, അയോണ്‍ കാപ്പിറ്റല്‍, ഐടിസി, ഗോദ്‌റേജ് അഗ്രോവെറ്റ്, ഇമാമി തുടങ്ങിയവരും ആദ്യ ഘട്ടത്തില്‍ രുചി സോയയെ ഏറ്റെടുക്കാന്‍ രംഗത്തെത്തിയിരുന്നു. തുറമുഖങ്ങളോടടുത്ത് സ്ഥിതി ചെയ്യുന്ന രുചി സോയയുടെ അഞ്ച് പാചക എണ്ണ ശുദ്ധീകരണ പ്ലാന്റുകളാണ് മറ്റ് കമ്പനികളെ പ്രധാനമായും ആകര്‍ഷിക്കുന്നതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇന്‍ഡോര്‍ ആസ്ഥാനമായ കമ്പനിയുടെ 2014-15 കാലഘട്ടത്തിലെ 31,500 കോടി രൂപയുടെ വില്‍പ്പന 2017-18 ല്‍ 12,000 കോടിയിലേക്ക് ഇടിഞ്ഞിരുന്നു.

Comments

comments

Categories: Business & Economy
Tags: Patanjali