എംജി ഇലക്ട്രിക് എസ്‌യുവി ഘട്ടംഘട്ടമായി ലഭ്യമാക്കും

എംജി ഇലക്ട്രിക് എസ്‌യുവി ഘട്ടംഘട്ടമായി ലഭ്യമാക്കും

തെരഞ്ഞെടുത്ത ഏതാനും നഗരങ്ങളില്‍ ആദ്യം പുറത്തിറക്കും. 250 കിലോമീറ്ററായിരിക്കും റേഞ്ച്. ഓവര്‍ ദ എയര്‍ സാങ്കേതികവിദ്യ നല്‍കും

ന്യൂഡെല്‍ഹി : എംജി മോട്ടോറിന്റെ ഇലക്ട്രിക് എസ്‌യുവി തുടക്കത്തില്‍ ഇന്ത്യയിലെ ഏതാനും നഗരങ്ങളിലായിരിക്കും പുറത്തിറക്കുന്നത്. എംജി മോട്ടോര്‍ ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഏതെല്ലാം നഗരങ്ങളിലാണ് ആദ്യം പുറത്തിറക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. അതേസമയം ഓള്‍ ഇലക്ട്രിക് എസ്‌യുവി ഈ വര്‍ഷത്തെ നാലാം സാമ്പത്തിക പാദത്തില്‍ (ഒക്‌റ്റോബര്‍-ഡിസംബര്‍) വിപണിയില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സിംഗിള്‍ ചാര്‍ജില്‍ 250 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ഇലക്ട്രിക് വാഹനത്തിന് കഴിയും.

പൂര്‍ണ്ണ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുന്നതിനുമുന്നേ ഹെക്ടര്‍ എസ്‌യുവിയിലൂടെയാണ് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ ശുഭാരംഭം കുറിക്കുന്നത്. ഐസിഇ (ആന്തരിക ദഹന എന്‍ജിന്‍) കരുത്തേകുന്നതാണ് എംജി ഹെക്ടര്‍ എസ്‌യുവി. ഇന്ത്യയില്‍ ആദ്യ രണ്ട് മോഡലുകള്‍ പുറത്തിറക്കിയശേഷം ഓരോ വര്‍ഷവും ഒരു പുതിയ വാഹനം അവതരിപ്പിക്കാനാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ പദ്ധതി. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായിക് മോട്ടോര്‍ കോര്‍പ്പറേഷനാണ് എംജി മോട്ടോറിന്റെ മാതൃ കമ്പനി.

ഓവര്‍ ദ എയര്‍ (ഒടിഎ) സാങ്കേതികവിദ്യ നല്‍കിയായിരിക്കും ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുകയെന്ന് എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഒടിഎ സാങ്കേതികവിദ്യ ഇന്ത്യന്‍ വാഹന വിപണിക്ക് ഇപ്പോഴും അന്യമാണ്. വാഹനങ്ങളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒടിഎ സാങ്കേതികവിദ്യ വാഹന നിര്‍മ്മാതാക്കളെ സഹായിക്കും. വിനോദ പരിപാടികള്‍ ഉള്‍പ്പെടെയുള്ള പുതിയ പുതിയ ഉള്ളടക്കങ്ങള്‍ യഥാസമയം ഉപയോക്താക്കള്‍ക്ക് നല്‍കാനാകും. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വയര്‍ലെസ് സംവിധാനത്തിലൂടെ അയയ്ക്കാനും സ്വീകരിക്കാനും കഴിയും.

Comments

comments

Categories: Auto