ഇന്ത്യക്കാര്‍ക്കു പെട്ടെന്നു പ്രായമേറുന്നുവോ?

ഇന്ത്യക്കാര്‍ക്കു പെട്ടെന്നു പ്രായമേറുന്നുവോ?

വര്‍ധക്യപ്രശ്‌നങ്ങള്‍ ഇന്ത്യക്കാരെ വേഗത്തില്‍ അലട്ടുന്നതായി അമേരിക്കയില്‍ നിന്നുള്ള പഠനം പറയുന്നു

അകാലവാര്‍ധക്യം ഇന്ത്യന്‍ ജനതയെ അലട്ടുന്ന വലിയ പ്രശ്‌നമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം ജപ്പാനിലും സ്വിറ്റ്‌സര്‍ലന്റിലുമുള്ള പൗരന്മാരേക്കാള്‍ വേഗം പ്രായമാകുന്ന പ്രവണത ഇന്ത്യക്കാരില്‍ കാണുന്നു. ഇത് സമൂഹത്തില്‍ പ്രായധിക്യവുമായി ബന്ധപ്പെട്ട അസുഖങ്ങളെ കൂടുതലായി ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. 65 വയസു കഴിഞ്ഞവരില്‍ സാധാരണ കാണപ്പെടാറുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ തമ്മില്‍ ഓരോ രാജ്യത്തും 30 വയസുവരെ ഏറ്റക്കുറച്ചിലുകളുണ്ടാകാമെന്നാണ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്. ജപ്പാനിലും സ്വിറ്റ്‌സര്‍ലന്റിലും 76 വയസ്സുള്ളവരിലാണ് ഇത്തരം വാര്‍ധക്യജന്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയതെങ്കില്‍ പാപ്പുവാ ന്യൂ ഗിനിയയില്‍ ഇത് 46 വയസുള്ളവരിലാണ് കണ്ടെത്തിയത്. ഇന്ത്യയിലാകട്ടെ 60 വയസ് തികയുന്നതിനു മുമ്പ് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.

ഈ വ്യത്യസ്ത നിരീക്ഷണം വിരല്‍ ചൂണ്ടുന്നത് ആയുര്‍ദൈര്‍ഘ്യം ഗുണകരമെന്നതു പോലെ ദോഷകരവുമായി കാണാം എന്നതിലേക്കാണ്. വാര്‍ധക്യകാല ആരോഗ്യപ്രശ്‌നങ്ങള്‍ സ്വാഭാവികതയ്ക്കു വിപരീതമായി ഭവിക്കുന്നതിനാലാണിത്. വാര്‍ധക്യജന്യ ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തേയുള്ള വിരമിക്കല്‍, തൊഴില്‍ശേഷിയുടെ അപര്യാപ്തത, ഉയര്‍ന്ന ചികില്‍സാചെലവുകള്‍ എന്നിവയ്ക്ക് കാരണമാകും. ആരോഗ്യരംഗം നിയന്ത്രിക്കുന്ന സര്‍ക്കാരും ഈ രംഗത്തെ മറ്റുള്ളവരും ജനങ്ങളിലെ അകാല വാര്‍ധക്യം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കൂടി പരിഗണിക്കണമെന്നും പഠനം നയിച്ച ഏഞ്ജല ചാന്‍ പറഞ്ഞു. ഇത്തരം പ്രത്യാഘാതങ്ങള്‍ ശാരീരികവും മാനസികവും ബോധനശേഷിപരവുമായ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. വാര്‍ധക്യം ബാധിച്ചവരില്‍ കാണപ്പെട്ട 92 അസുഖങ്ങളെ പരിഗണിച്ചാണ് ഈ നിഗമനത്തിലെത്തിയത്. ഇവയില്‍ അഞ്ചെണ്ണം സാംക്രമികരോഗങ്ങളും 81 എണ്ണം പകരാത്തവയും ആറെണ്ണം പരുക്കുസംബന്ധവുമായിരുന്നു.

ഇത്തരം ഘടകങ്ങള്‍ പരിഗണിക്കുന്ന ആദ്യ പഠനമാണിത്. പ്രായാധിക്യപരിശോധനയുടെ പരമ്പരാഗത മാനദണ്ഡങ്ങള്‍, ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതു പഠിക്കുന്നതിലേക്കു തിരിഞ്ഞതോടെ, പുതിയ പഠനം സ്വാഭാവിക പ്രായമാകല്‍ പ്രക്രിയയും അത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്ര വേഗത്തില്‍ നയിക്കപ്പെടുന്നുവെന്നതുമാണ് പരിശോധിക്കുന്നത്. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി(ജിബിഡി)യില്‍ നിന്നുള്ള വിവരങ്ങളാണ് പഠനത്തിന് ആധാരമാക്കിയത്. ഇതനുസരിച്ച് മേല്‍പ്പറഞ്ഞ 92 രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഘട്ടത്തെ ആരോഗ്യകരമായ ജീവിതത്തിന്റെ അവസാനഘട്ടമായി ഗവേഷകര്‍ പരിഗണിച്ചു. മിക്ക രാജ്യങ്ങളെയും പൗരന്മാരുടെ പ്രായാധിക്യരോഗങ്ങളുടെ പേരില്‍ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും എത്യോപ്യ, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ കൂട്ടത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്.

ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെല്ലാം നില മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 195 രാജ്യങ്ങളിലെ 1990 മുതല്‍ 2017 വരെയുള്ള വിവരങ്ങള്‍ പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഉദാഹരണത്തിന്, 2017 ല്‍, പപ്പുവ ന്യൂഗിനിയയിലെ ജനസംഖ്യയില്‍ 1000 മുതിര്‍ന്നപൗരന്മാരില്‍ 500 ല്‍ കൂടുതല്‍ പേര്‍ വാര്‍ധക്യജന്യരോഗങ്ങള്‍ അനുഭവിക്കുന്നതായി കണ്ടെത്തി. അതേസമയം സ്വിറ്റ്‌സര്‍ലന്റിലെ ജനങ്ങളില്‍ 1000 മുതിര്‍ന്നപൗരന്മാരില്‍ 100 പേരേ സമാനപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുള്ളൂ. പട്ടികയിലെ ഏറ്റവും ഉയരത്തില്‍ സ്വിറ്റ്‌സര്‍ലന്റാണ്. അമേരിക്ക 1000ല്‍ 161.5 എന്ന നിരക്കോടെ പട്ടികയില്‍53മത്തെ സ്ഥാനം അലങ്കരിക്കുന്നു. അള്‍ജീരിയ 161.0 നിരക്കോടെ 52ഉം ഇറാന്‍ 164.8 എന്നനിരക്കോടെ 53ഉം സ്ഥാനങ്ങളാണ് പട്ടികയില്‍ നേടിയത്. 65 വയസുള്ളവരെ ആഗോളതലത്തില്‍ മുതിര്‍ന്ന പൗരന്മാരായി കണക്കാക്കി, ഇതിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.

Comments

comments

Categories: Health, Slider