10 വര്‍ഷത്തേക്ക് ഇന്ത്യന്‍ വിപണിയും സമ്പദ് വ്യവസ്ഥയും കുതിക്കും

10 വര്‍ഷത്തേക്ക് ഇന്ത്യന്‍ വിപണിയും സമ്പദ് വ്യവസ്ഥയും കുതിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ ഭരണം ഉറപ്പിച്ചത് നേട്ടം; ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ ഒരു ലക്ഷം കോടി രൂപ വരെ നിക്ഷേപിക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയിലും സമ്പദ്ഘടനയിലും ശുഭാപ്തി വിശ്വാസത്തിന്റെ ബുള്‍ തരംഗത്തിന് തുടക്കമായതായി വിദഗ്ധ നിരീക്ഷണം. ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നും വിദേശ നിക്ഷേപം ഗണ്യമായ തോതില്‍ ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് ഈ ബുള്‍ തരംഗം നിലനില്‍ക്കുമെന്നാണ് പ്രമുഖ പോര്‍ട്ട്‌ഫോളിയോ വിദഗ്ധനും നിക്ഷേപകനുമായ പൊറിഞ്ചു വെളിയത്ത് നിരീക്ഷിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വരുമെന്ന് ഉറപ്പായതാണ് വിപണിയുടെ കുതിപ്പിന് കരുത്ത് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിലവിലെ സര്‍ക്കാരും (കേന്ദ്ര) ദീര്‍ഘ ദര്‍ശനത്തോടെയുള്ള അതിന്റെ സാമ്പത്തിക നയങ്ങളും തുടരുകയാണെങ്കില്‍, നാം 10 വര്‍ഷം നീളുന്ന ഒരു ബുള്‍ വിപണിയിലേക്കാണ് നീങ്ങുന്നത്,’ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൊറിഞ്ചു വെളിയത്ത് അഭിപ്രായപ്പെട്ടു.

അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ നിഫ്റ്റി ഏകദേശം 2,000 പോയ്ന്റുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യയുടെ സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു പ്രതീക്ഷിക്കുന്നത്. ഇക്കാലയളവില്‍ തന്നെ നൂറുകണക്കിന് ഗുണനിലവാരമുള്ള മിഡ്, സ്‌മോള്‍കാപുകള്‍ നിക്ഷേപകര്‍ക്ക് ഇരട്ടി മധുരം നല്‍കും. 13 മാസങ്ങള്‍ക്ക് ശേഷം മിഡ്കാപുകളിലേക്കുള്ള നിക്ഷേപകരുടെ മടങ്ങിവരവ് കാണാനാവുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തില്‍ ബിഎസ്ഇ മിഡ്കാപ്, സ്മാള്‍ കാപ് സൂചികകള്‍ യഥാക്രമം 7, 10 ശതമാനം വീതം പുരോഗതി നേടിയിരുന്നു. സെന്‍സെക്‌സ് ഏകദേശം 2 ശതമാനം മുന്നേറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മികച്ച കോര്‍പറേറ്റ് ഭരണമുള്ള കമ്പനികള്‍ക്കാണ് ഓഹരി തെരഞ്ഞെടുക്കലിന്റെ കാര്യത്തില്‍ നിക്ഷേപകര്‍ മുന്‍ഗണന നല്‍കേണ്ടത്. ഒന്നര വര്‍ഷത്തിനുള്ളില്‍ 100 ശതമാനം ആദായം മടക്കി നല്‍കാന്‍ കഴിയുന്ന നിരവധി മിഡ്, സ്മാള്‍കാപ് കമ്പനികള്‍ രാജ്യത്തുണ്ട്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 2019 ല്‍ കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ വാങ്ങല്‍ നടത്തും. കുറച്ച് സമയത്തേക്ക് ഇന്ത്യന്‍ വിപണികളെ അവര്‍ അവഗണിക്കുകയാണ്. നമ്മുടെ നയങ്ങളും, രാഷ്ട്രീയപരമായ നടപടികളും സമ്പദ് വ്യവസ്ഥയെ പരിപാലിക്കുന്നത് തുടരുകയാണെങ്കില്‍ ഇന്ത്യന്‍ വിപണി ഇടിയുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആര്‍ക്കും സാധിക്കില്ല. കുറഞ്ഞ പണപ്പെരുപ്പ പശ്ചാത്തലത്തിലാണ് ഇന്ത്യ വളരുന്നത്. ഇന്ത്യന്‍ വിപണിയുടെ ഭാവി ദിശ ആര്‍ക്ക് വേണമെങ്കിലും എളുപ്പത്തില്‍ ഊഹിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചരക്ക് സേവന നികുതി, പാപ്പരത്ത നിയമം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരണങ്ങള്‍ പിന്‍വലിക്കാനൊക്കാത്തവയാണെന്നും, രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ റീസെറ്റ് ബട്ടണും നിലവിലെ സര്‍ക്കാര്‍ അമര്‍ത്തിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Categories: Business & Economy, Slider