നിലനില്‍പ്പിനായുള്ള പോരാട്ടം

നിലനില്‍പ്പിനായുള്ള പോരാട്ടം

പുനരുജ്ജീവനത്തിന്റെ ഭാഗമായി ഐഡിബിഐ ബാങ്ക് പുതിയ മാര്‍ഗരേഖ തയാറാക്കുകയാണ്. കിട്ടാക്കടം വില്‍ക്കാന്‍ ഉള്‍പ്പടെ പദ്ധതിയിടുന്നു. വൈകിയാണെങ്കിലും ഗുണം ചെയ്‌തേക്കുമിത്

പോയ വര്‍ഷത്തെ പ്രധാനപ്പെട്ട കോര്‍പ്പറേറ്റ് വാര്‍ത്തകളിലൊന്നായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി മുങ്ങിപ്പോകുന്ന ഒരു ബാങ്കിന്റെ രക്ഷകനായി എത്തുന്നുവെന്നത്. എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍) ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണാധികാരം കൈയാളുന്നതിനെ ആശ്വാസത്തോടെയും ആശങ്കയോടെയും കണ്ടു പലരും. ഇപ്പോള്‍ ഐഡിബിഐയും ബാങ്കിലെ പ്രധാന ഓഹരി ഉടമയായ എല്‍ഐസിയും ചേര്‍ന്ന് ഒരു പുനരുജ്ജീവന പദ്ധതി തയാറാക്കുകയാണ്. ഇതിലൂടെ ഐഡിബിഐയെ കര കയറ്റാനാകുമെന്നാണ് പ്രതീക്ഷ.

കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിലെ വമ്പന്‍ പരാജയം ഐഡിബിഐ ബാങ്കിനെ അതിരൂക്ഷമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന പരിഹാരമാര്‍ഗമാണ് ആദ്യം നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍ പല കാരണങ്ങളാല്‍ സര്‍ക്കാര്‍ അതിന് മുതിര്‍ന്നില്ല. തുടര്‍ന്നാണ് മറ്റൊരു പൊതുമേഖല സ്ഥാപനമായ എല്‍ഐസിയെ ബാങ്കിന്റെ പ്രധാന ഓഹരി ഉടമയാക്കി പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്.

ഇക്കഴിഞ്ഞ ജനുവരി 21ഓടെയാണ് ഐഡിബിഐ ബാങ്കില്‍ ഓഹരിയെടുക്കുന്ന പ്രക്രിയ എല്‍ഐസി പൂര്‍ത്തിയാക്കിയത്. 51 ശതമാനം ഓഹരി ഉടമസ്ഥാവകാശമാണ് ബാങ്ക് നേടിയത്. ഏറ്റെടുക്കലിന് മുമ്പായി 21,264 കോടി രൂപയുടെ മൂലധന സഹായവും എല്‍ഐസിയില്‍ നിന്ന് ബാങ്കിന് ലഭിച്ചു. 12,000 കോടി രൂപയുടെ സാമ്പത്തിക പിന്തുണ കൂടി ഉടന്‍ എല്‍ഐസി ബാങ്കിന് നല്‍കിയേക്കുമെന്നും വാര്‍ത്തയുണ്ട്. മൂന്നാം പാദത്തില്‍ 4,185 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ ഐഡിബിഐ ബാങ്കിന്റെ അവസ്ഥ ഇപ്പോഴും പരുങ്ങലില്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം മൂന്നാംപാദത്തെ അപേക്ഷിച്ച് ഇത്തവണ മൊത്തം വരുമാനത്തിലും കുറവുണ്ടായി. 6,190.94 കോടി രൂപയാണ് മൊത്തം വരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത്.

എല്‍ഐസിയുടെയും ബാങ്കിന്റെയും സമാനമായ ബിസിനസ് സാധ്യതകള്‍ ഉപയോഗപ്പെടുത്താനും അറ്റ നിഷ്‌ക്രിയാസ്തിയുടെ ഒരു ഭാഗം വില്‍ക്കാനുമെല്ലാമാണ് ബാങ്ക് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. 1,248 കോടി രൂപയുടെ അഞ്ച് അറ്റ നിഷ്‌ക്രിയ ആസ്തികള്‍ വില്‍ക്കുന്നതിനായാണ് ബാങ്ക് താല്‍പ്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള അറ്റ നിഷ്‌ക്രിയ ആസ്തിയാണ് വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഇത്തവണ അറ്റ നിഷ്‌ക്രിയ ആസ്തിയില്‍ ബാങ്കിനുണ്ടായത് 29.67 ശതമാനം വര്‍ധനയാണ്. പ്രശ്‌നപരിഹാരത്തിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാരില്‍ നിന്നു മാത്രമായി ബാങ്ക് സ്വീകരിച്ച ധനസഹായം ഏകദേശം 10,610 കോടി രൂപയോളം വരും. അറ്റ നിഷ്‌ക്രിയ ആസ്തി കുറയ്ക്കുകയെന്നത് ബാങ്കിനെ മുന്നോട്ടുപോക്കിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ പുനരുജ്ജീവന പദ്ധതികള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്.

Categories: Editorial, Slider