ഹജ്ജ്, ഉമ്ര ഇ-വിസകള്‍ മിനിറ്റുകള്‍ക്കുള്ളില്‍; തീര്‍ത്ഥാടനത്തിനുള്ള വിസ ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് സൗദി

ഹജ്ജ്, ഉമ്ര ഇ-വിസകള്‍ മിനിറ്റുകള്‍ക്കുള്ളില്‍; തീര്‍ത്ഥാടനത്തിനുള്ള വിസ ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് സൗദി

വളരെ പെട്ടന്നുള്ള ഇ- വിസകള്‍ ലഭ്യമാക്കി കൂടുതല്‍ തീര്‍ത്ഥാടകരെ ആകര്‍ഷിക്കാനാണ് സൗദിയുടെ പദ്ധതി

റിയാദ്: ഹജ്ജ്, ഉമ്ര തീര്‍ത്ഥാടകര്‍ക്കുള്ള ഇലക്ട്രോണിക് വിസ(ഇ-വിസ) മിനിറ്റുകള്‍ക്കുള്ളില്‍ ലഭ്യമാക്കാന്‍ സൗദി അറേബ്യ ഹജ്ജ് ഉമ്ര മന്ത്രാലയം ആലോചിക്കുന്നു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലൈസന്‍സ് ഉള്ള ഏജന്‍സികള്‍ക്കായിരിക്കും ഇ-വിസകള്‍ ലഭ്യമാക്കുക.

രാജ്യത്തിന് പുറത്ത് നിന്നും തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് തീര്‍ത്ഥാടന ഏജന്‍സികള്‍ മുഖേനയാണ് വിസ ലഭിക്കുക. വിവിധ രാജ്യങ്ങളിലെ ലൈസന്‍സുള്ള ഏജന്‍സികള്‍ക്ക് ഇ-വിസകള്‍ ലഭ്യമാക്കുമെന്ന് ഹജ്ജ് ഉമ്ര മന്ത്രാലയത്തിലെ ഉപദേശകനും ഹജ്ജ് ഉമ്ര ഇലക്ട്രോണിക് രംഗം ജനറല്‍ സൂപ്പര്‍വൈസറുമായ അബ്ദുള്‍ റഹ്മാന്‍ ഷംസ് പറഞ്ഞു.സൗദിക്കാരല്ലാത്തവര്‍ക്ക് വിവിധ സേവന പാക്കേജുകളെ കുറിച്ച് അറിയുന്നതിനും അനുയോജ്യമായ പാക്കേജുകള്‍ തെരഞ്ഞെടുക്കുന്നതിനും ഇ-വിസയ്ക്ക് അപേക്ഷ നല്‍കുന്നതിനും ഉള്ള സൗകര്യങ്ങള്‍ ഇ-പോര്‍ട്ടല്‍ മുഖേന ഹജ്ജ് ഉമ്ര ഇലക്ട്രോണിക് രംഗത്ത് സജ്ജമാക്കിയതായി ഷംസ് പറഞ്ഞു. മതിയായ അപേക്ഷകള്‍ പൂരിപ്പിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇ-വിസകള്‍ ലഭ്യമാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായും ആഭ്യന്തര മന്ത്രാലയവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണയായി വിസ ലഭിക്കുന്നതിനായി പാസ്‌പോര്‍ട്ടുകള്‍ എംബസികളില്‍ സമര്‍പ്പിക്കണമെങ്കിലും ഇ-വിസയ്ക്ക് ഇത്തരം നടപടിക്രമങ്ങള്‍ ആവശ്യമില്ല.

ഇ-വിസ ലഭ്യമാക്കാനുള്ള സൗദി തീരുമാനം തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസകരമാണ്. ഇതിലൂടെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ ആളുകളെ ഹജ്ജ്, ഉമ്ര തീര്‍ത്ഥാടനത്തിലേക്ക് ആകര്‍ഷിക്കാമെന്നും സൗദി കരുതുന്നു. ഈ വര്‍ഷം 43 ലക്ഷത്തിലധികം ഉമ്ര വിസകളാണ് സൗദി അറേബ്യ പുറപ്പെടുവിച്ചത്. സൗദി അറേബ്യയുടെ വിഷന്‍ 2030 പ്രകാരം പ്രതിവര്‍ഷം 30 മില്യണ്‍ ആളുകളെയാണ് ഉമ്ര തീര്‍ത്ഥാടനത്തിനായി പ്രതീക്ഷിക്കപ്പെടുന്നത്. ഇവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കാനാണ് സൗദി ആലോചിക്കുന്നത്.

ജനുവരിയില്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് സഹായമാകും വിധം ഹജ്ജ്, ഉമ്ര മന്ത്രാലയം അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പരിഷ്‌കരിച്ചിരുന്നു. 11 ലക്ഷം ആളുകളാണ് കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിലുള്ള മഖാം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉപയോഗിച്ച് മക്ക, മദീന തീര്‍ത്ഥാടനത്തിന് യാത്രാ,താമസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന 30ഓളം ഏജന്‍സികളില്‍ നിന്ന് തങ്ങള്‍ക്ക് യോജിച്ചവരെ തെരഞ്ഞെടുത്തത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇ-വിസ സേവനങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കുന്ന കാര്യം കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ മന്ത്രാലയം ചര്‍ച്ച ചെയ്ത് വരികയായിരുന്നു.

തീര്‍ത്ഥാടകര്‍ക്ക് വളരെ എളുപ്പത്തില്‍ വിസ ലഭ്യമാക്കുന്നതിനും കൂടുതല്‍ തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നതിനും ഇ-വിസ പരിഷ്‌കാരത്തിലൂടെ സാധിക്കുമെന്ന് ഹജ്ജ്,ഉമ്ര മന്ത്രാലയം സഹ മന്ത്രി അബ്ദുള്‍ അസീസ് അല്‍ വാസന്‍ പറഞ്ഞു.

Comments

comments

Categories: Arabia