ഓട്ടിസം ബാധിതര്‍ക്കു ജിംനേഷ്യം

ഓട്ടിസം ബാധിതര്‍ക്കു ജിംനേഷ്യം

മാര്‍ക്ക് ഫ്‌ളെമിംഗ് എന്ന കായികപരിശീലകന്‍ ഓട്ടിസം ബാധിതരെ പരിശീലിപ്പിക്കാന്‍ ജിംനേഷ്യം തുടങ്ങിയിരിക്കുന്നു

ഭിന്നശേഷിക്കാരെ സമൂഹം അംഗീകരിച്ചു തുടങ്ങിയതിന് ഇന്നു വിജയകരമായി മാറിയ നിരവധി സംരംഭങ്ങള്‍ തെളിവാണ്. മാനസികവെല്ലുവിളി നേരിടുന്നവരെ സാധാരണ ജീവിതത്തിലേക്കു കൊണ്ടു വരാന്‍ സര്‍ക്കാരും സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും നിരവധി പദ്ധതികള്‍ നടത്തുന്നുണ്ട്. എന്നാല്‍ അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ തുടങ്ങിയ പല സംരംഭങ്ങളും ലക്ഷ്യത്തിലെത്താതെ പോകുന്നത് ഇച്ഛാശക്തിയുള്ള അധികൃതരുടെ അവഗണനയാണ്. പലപ്പോഴും അവരെ മനസിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ പരിശീലക നിരയിലോ നേതൃരംഗത്തോ എത്താത്തതു മൂലം പരാജയപ്പെടുന്ന പദ്ധതികളുണ്ട്. പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാരെ ഇത്തരം സംരംഭങ്ങള്‍ ഏല്‍പ്പിക്കുന്നതായിരിക്കും ഉചിതം.

ഈ രംഗത്ത് തികച്ചും സന്നദ്ധതയോടെ വന്ന വ്യക്തിയാണ് മാര്‍ക്ക് ഫ്‌ളെമിംഗ്. ജിംനേഷ്യത്തില്‍ ശിഷ്യനെ വ്യായാമത്തില്‍ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ നടത്തിപ്പുകാരനായ അദ്ദേഹത്തിന്റെ മുഖത്തു കാണാനാകുന്നത് സ്വയമേറ്റെടുത്ത വെല്ലുവിളി വിജയിച്ചവന്റെ ചാരിതാര്‍ത്ഥ്യമാണ്. ലളിതമായ ഒരു വ്യായാമമുറ ആയാല്‍പ്പോലും അത് ചെയ്യാന്‍ ക്ലേശിക്കുന്നവരാണ് അദ്ദേഹത്തിന്റെ ശിഷ്യര്‍. കാരണം, അവര്‍ മാനസിക വെല്ലുവിളി അനുഭവിക്കുന്നവരാണ്. പഠനം, സംസാരം, ആശയവിനിമയം തുടങ്ങിയവയെ ബാധിക്കുന്ന ഒരു മാനസികരോഗമാണ് ഓട്ടിസം. ഫ്ളെെമിംഗിന് അവരുടെ അവസ്ഥ കൃത്യമായി മനസിലാക്കാനാകും. കാരണം, അദ്ദേഹവും ഓട്ടിസം ബാധിതനാണ്.

ഓട്ടിസം ബാധിച്ചവര്‍ ആഗ്രഹിക്കുന്ന ജീവിതം നേടിയെടുക്കാന്‍ മറ്റുള്ളവരെ സഹായിക്കേണ്ടത് പ്രധാനമാണെന്ന് ഫ്‌ളെമിംഗ് കരുതുന്നു. അതിന് വ്യായാമം ഒരു മികച്ച മാര്‍ഗമാണ്. പുതിയ സ്ഥലം പരിചയപ്പെടുന്നത് ഓട്ടിസം ഉള്ള വ്യക്തിക്ക് വെല്ലുവിളിയായിരിക്കും. മസ്തിഷ്‌കപ്രവര്‍ത്തനം കരുത്തുറ്റതാക്കാന്‍ വ്യായാമത്തിനു കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എക്‌സര്‍സൈസ് സയന്‍സില്‍ അലബാമ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം, സ്‌പെഷല്‍ ഒളംപിക്‌സ് സന്നദ്ധസേവകനായി പ്രവര്‍ത്തിക്കുമ്പോഴാണ് പങ്കെടുത്തവരില്‍ പലരെയും മാനസികാസ്വാസ്ഥ്യം ഒരു ഫിറ്റ്‌നസ് പ്രശ്‌നമായി അലട്ടുന്നതായി അദ്ദേഹം മനസ്സിലാക്കിയത്.

സ്‌പെഷല്‍ ഒളംപിക്‌സ് അവസാനിച്ചതിന് ശേഷം ഓട്ടിസം ബാധിതരെ കായികരംഗത്ത് സജീവമാക്കി നിര്‍ത്താന്‍ പ്രത്യേക പരിശീലനപദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. അവര്‍ കായികരംഗത്തു നിന്നു പിന്‍വലിയുകയും പിരിമുറുക്കമനുഭവിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ താരങ്ങള്‍ ഉദാസീനരായി കാണപ്പെട്ടു. ഈ സ്ഥിതി മാറ്റിയെടുക്കാന്‍ ഫ്‌ളെമിംഗ് ആഗ്രഹിച്ചു. ഓട്ടിസം ബാധിതരായ ആളുകള്‍ക്ക് പരിശീലനം നല്‍കാന്‍ അദ്ദേഹം മുമ്പോട്ടു വന്നു. മൂന്നു വര്‍ഷം മുമ്പ് വീട്ടില്‍ ചെന്നു പരിശീലിപ്പിച്ചു തുടങ്ങിയ അദ്ദേഹം കഴിഞ്ഞ മാസം, സ്വന്തം ജിം തുറന്നു.

ഓട്ടിസം ഒരു പ്രഹേളികയാണ്. ഓരോ ഓട്ടിസം ബാധിതരിലും അസുഖം ഓരോ രീതിയിലാകും പ്രതിഫലിക്കുക. ഫ്‌ളെമിംഗ് ആ വൈവിധ്യത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അവരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടിയിരുന്നു. ഓട്ടിസം ബാധിതനായിരുന്നതിനാല്‍ അവരുടെ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. ഇക്കാര്യങ്ങളില്‍ അവരോട് വളരെ തുറന്ന സമീപനമാണ് പുലര്‍ത്തിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു സംരംഭമായി മാറിയപ്പോള്‍ നേരിട്ട വെല്ലുവിളി ഇക്കൂട്ടരെ എങ്ങനെ ഇതിലേക്ക് ആകര്‍ഷിക്കുമെന്നതായിരുന്നു. ഓട്ടിസം ബാധിതരുമായുള്ള ഇടപെടലും വിപണവും വ്യത്യസ്തമാണെന്ന് അദ്ദേഹം പറയുന്നു. കൂടുതല്‍ ആള്‍ക്കാരും തേടിയെത്തുന്നത് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ്.

ശിഷ്യര്‍ സംരംഭത്തില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അവരും അവരുടെ പരിചയത്തിലുള്ളവരുമായി ശിഷ്യഗണം വികസിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. വെല്ലുവിളി നിറഞ്ഞ ജീവിതസാഹചര്യത്തിലും സജീവമായി മുമ്പോട്ടു പോകുന്നതിന് ഒരു മാര്‍ഗം കാണിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഭിന്നശേഷിയിുള്ളവര്‍ക്ക് വ്യക്തിപരമായ ശാരീരികക്ഷമത പുലര്‍ത്താന്‍ കഴിയുകയെന്നത് വലിയ കാര്യമാണ്. അവര്‍ക്ക് ജീവിതത്തെ ഏറ്റവും മികച്ച രീതിയില്‍ നയിക്കാന്‍ ഇതു കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ഫ്‌ളെമിംഗിന്റെ സംരംഭം വിജയിച്ചാല്‍ ഭിന്നശേഷിക്കാരെ പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് വലിയൊരു ഊര്‍ജ്ജമാകും, ഒപ്പം ലോകത്തിന് പുതിയൊരു പ്രത്യശയും.

Comments

comments

Categories: Health
Tags: Autism, Gymnasium